

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട ആര്‍ ശ്രീലേഖ നടത്തിയ ഇടപെടലില്‍ വിവാദം തുടരുന്നതിനിടെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ ശബരിനാഥന്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന എംഎല്‍എ ഹോസ്റ്റലില്‍ തന്നെ രണ്ട് ഓഫീസ് മുറികള്‍ വി കെ പ്രശാന്തിനുണ്ട്. വലിയ സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ മുറികള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത് എന്നാണ് ശബരിനാഥന്‍ ഉന്നയിക്കുന്ന ചോദ്യം.
എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31, 32 നമ്പറില്‍ രണ്ട് ഓഫീസ് മുറികള്‍ വികെ പ്രശാന്തിന്റെ പേരില്‍ ഉണ്ട്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎല്‍എ ഹോസ്റ്റല്‍ എന്നും ശബരി പോസ്റ്റില്‍ പറയുന്നു.
ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം പ്രശാന്ത് ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത്. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം എന്നും ശബരിനാഥൻ പറയുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കരാറുകള്‍ സമഗ്രമായി പരിശോധിക്കുന്നതിലേക്ക് വി കെ പ്രശാന്തിന് എംഎല്‍എ ഓഫീസ് അനുവദിച്ച വിഷയം എത്തിനില്‍ക്കെയാണ് ശബരിനാഥിന്റെ ഇടപെടല്‍.
പോസ്റ്റ് പുര്‍ണരൂപം-
ശാസ്തമംഗലം വാര്‍ഡിലെ നഗരസഭ ഓഫീസില്‍ MLA യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാര്‍ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നില്‍ക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.
കേരളത്തിലെ ഭൂരിഭാഗം MLA മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോള്‍ ആര്യനാട് ഒരു വാടകമുറിയില്‍ മാസവാടക കൊടുത്തു പ്രവര്‍ത്തിച്ചത്.
പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ ങഘഅ ഹോസ്റ്റല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള MLA ഹോസ്റ്റല്‍. ഞാന്‍ അന്വേഷിച്ചപ്പോള്‍ MLA ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ ഒന്നാന്തരം രണ്ട് ഓഫീസ് മുറികള്‍ അങ്ങയുടെ പേരില്‍ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള MLA ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്?
ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം MLA ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates