

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തിനിടെ വി കുഞ്ഞികൃഷ്ണന് എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയത് മണ്ഡലത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പയ്യന്നൂര്‍ കണ്ടോത്ത് ബുധനാഴ്ച രാവിലെ 10 ന് പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. തളിപ്പറമ്പ് സര്‍ക്കിള്‍ യൂണിയന് വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഉദ്ഘാടന പ്രസംഗത്തിനിടെയാണ് എം എൽ എയ്ക്കെതിരെ ബഹളമുണ്ടായത്. എംഎല്‍എയുടെ പിഎയെ സിപിഎം സഹകരണ സംഘത്തിലെ ഭാരവാഹികള്‍ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.
ബഹളത്തെത്തുടർന്ന് പ്രസംഗം വേഗത്തിൽ അവസാനിപ്പിച്ച വി. കുഞ്ഞികൃഷ്ണൻ, ഹാളിനുപുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും പേഴ്സണൽ സ്റ്റാഫിനെ സിപിഎം അനുകൂല പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ കൃത്യമായ പൊലീസ് നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് അദ്ദേഹം കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്
അതേസമയം വി.കുഞ്ഞികൃഷ്ണൻ നടത്തിയ രാഷ്ട്രീയ പ്രസംഗമാണ് പ്രതിഷേധത്തിന് കാരണമായതെന്ന് സംഘാടകരായ തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയൻ വിശദീകരിച്ചു. സഹകരണ വാരാഘോഷത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ അദ്ദേഹം തന്റെ രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്തവരെ സാമ്പത്തിക അരാജകത്വത്തിന്റെ വക്താക്കളെന്ന് പരാമർശിക്കുകയും ചെയ്തപ്പോഴാണ് സദസ്സിൽ നിന്ന് പ്രതിഷേധമുണ്ടായത്. ക്ഷണിക്കപ്പെടാതെ പുറത്തുനിന്നെത്തിയ ചിലരാണ് ബോധപൂർവം പരിപാടി അലങ്കോലപ്പെടുത്തിയതെന്നും സംഘാടകർ ആരോപിച്ചു.
കഴിഞ്ഞ ദിവസം തന്നെ പരിപാടിയുടെ ഉദ്ഘാടകനുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്തിരുന്നു. സ്ഥലം എംഎല്‍എ വി കുഞ്ഞികൃഷ്ണനെ ഒഴിവാക്കി, നഗരസഭാ ചെയര്മാൻ സരിൻ ശശിയെയായിരുന്നു ഉദ്ഘാടകനായി തീരുമാനിച്ചത്. പിന്നാലെ മന്ത്രി ഇപെട്ടാണ് എംഎല്‍എയെ ഉദ്ഘാടകനായി തീരുമാനിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. വി കുഞ്ഞികൃഷ്ണൻ എം എൽ എ നടത്തിയ ഉദ്ഘാടന പ്രസംഗമാണ് പ്രകോപനം സൃഷ്ടിച്ചത്.
ഏത് തെറ്റ് കണ്ടാലും തന്റെ ശബ്ദം ഉയരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎല്‍എ പറഞ്ഞിരുന്നു. ഇതിനിടെയാണ് വേദിയിലിരുന്ന ചില സി.പി എം അനുകൂലികൾ അവിടെ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യമുണ്ടായത്. വീണ്ടും എംഎല്‍എ പ്രസംഗം തുടരുന്നതിനിടെ സദസില്‍ നിന്ന് നിരവധി പേര് എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ടായി. തുടര്‍ന്നാണ് സംഘർഷത്തിൽ എംഎല്‍എയും പിഎ അടക്കമുള്ളവര്‍ക്കും മര്‍ദ്ദനമേറ്റതായി ആരോപണം ഉയര്‍ന്നത്.
തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രരായി ജയിച്ച എംഎല്‍മാര്‍ സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു വി കുഞ്ഞികൃഷ്ണന്റെയും ടി കെ ഗോവിന്ദന്റെയും ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates