

തിരുവനന്തപുരം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും. വാക്‌സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് പിങ്ക് നിറത്തിലുള്ള ബോർഡും മുതിർന്നവരുടേതിന് നീല നിറവുമാണ്. വാക്‌സിനേഷനുള്ള ആക്‌ഷൻ പ്ലാൻ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലർജിയോ ഉണ്ടെങ്കിൽ വാക്‌സീൻ സ്വീകരിക്കുന്നതിന് മുൻപ് അറിയിക്കണം. ഒമൈക്രോൺ സാഹചര്യത്തിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്‌സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
കോവിഡ് വന്നിട്ടുള്ള കുട്ടികൾക്ക് വാക്‌സിൻ 3 മാസം കഴിഞ്ഞ്
കഴിവതും കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രം വാക്‌സിനെടുക്കാൻ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുക. അവരവർ രജിസ്റ്റർ ചെയ്ത വിവരങ്ങളാണ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തെറ്റുകൂടാതെ രജിസ്റ്റർ ചെയ്യേണ്ടതാണ്. വാക്‌സിനേഷന് ശേഷം കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉപയോഗിച്ച് ആദ്യ ഡോസ് വാക്‌സിന്റെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കോവിഡ് വന്നിട്ടുള്ള കുട്ടികൾക്ക് 3 മാസം കഴിഞ്ഞ് വാക്‌സിൻ എടുത്താൽ മതിയാകും.
ഭക്ഷണം കഴിച്ചിട്ട് വരണം
ഭക്ഷണം കഴിച്ചതിന് ശേഷം വാക്‌സിനേഷൻ കേന്ദ്രത്തിലെത്തുക. ഒമൈക്രോൺ സാഹചര്യത്തിൽ കുടിക്കാനുള്ള വെള്ളം അവരവർ കരുതുന്നതാണ് നല്ലത്. ആധാർ കാർഡോ, ആധാറില്ലെങ്കിൽ സ്‌കൂൾ ഐഡി കാർഡോ മറക്കാതെ കൊണ്ട് വരേണ്ടതാണ്. രജിസ്‌ട്രേഷൻ ചെയ്ത സമയത്തെ ഫോൺ നമ്പരും കരുതണം. കോവാക്‌സിൻ നൽകുന്ന കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രമാണെന്ന് ഉറപ്പ് വരുത്തുക. ഒമൈക്രോൺ സാഹചര്യത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. കുട്ടികളായതിനാൽ സമയമെടുത്തായിരിക്കും വാക്‌സിനേഷൻ പ്രക്രിയ പൂർത്തിയാക്കുക. കൂടെ വരുന്ന രക്ഷാകർത്താക്കളും തിരക്ക് കൂട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.വാക്‌സിന്റെ ലഭ്യതയനുസരിച്ച് എത്രയും വേഗം കുട്ടികളുടെ വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
