

മലപ്പുറം: വാല്‍പ്പാറ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും പരമാവധി സഹായം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് ഏര്‍പ്പെടുത്തും. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുദര്‍ശനം നടക്കുന്ന അമ്പലപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘‘അപകടത്തിൽ സമഗ്ര അന്വേഷണം നടത്തും. ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും മുഖ്യമന്ത്രി കൂടി ഇടപെട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് ഒരുമിച്ച് പുലര്‍ത്താം. സ്‌കൂളിലെ കാര്യങ്ങൾ തങ്ങളുടെ സ്വന്തം കാര്യം എന്നതുപോലെയാണ് അധ്യാപകര്‍ ചെയ്തിരുന്നത്. മാതൃകയാക്കേണ്ട കാര്യമാണ് അവർ ചെയ്തിരുന്നത്. ശമ്പളം വാങ്ങുന്നതിനു വേണ്ടി പഠിപ്പിക്കുന്നു എന്നതിനപ്പുറം അവര്‍ എന്തൊക്കെയോ ആയിരുന്നു ആ സ്‌കൂളിന്. ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തു നൽകും’’– ശിവൻകുട്ടി പറഞ്ഞു
വാല്‍പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും മൃതദേഹങ്ങള്‍ മലപ്പുറത്തെത്തി. പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം ആരംഭിച്ചു. പൊതുദര്‍ശനത്തിനു ശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബര്‍ സ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലില്‍ മജീദ്, ഭാര്യ റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും. ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ സുഹറ, മകന്‍ ഹിഷാം എന്നിവരെ ഖബറടക്കും. പൊതുദര്‍ശനത്തിനുശേഷം അജിതയുടെ മൃതദേഹം ഷൊര്‍ണൂര്‍ ശാന്തിതീരത്തേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും.
പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി. അജിത (54), അധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകന്‍ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്‌കൂളിലേക്ക് മാറിയത്. താന്‍ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയില്‍ അവര്‍ ഒപ്പം കൂടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ട്രാവലര്‍ ഓടിച്ചിരുന്ന ഫാസിത്ത്, സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ് (39), സാജിതയുടെ മകന്‍ ഷഹാദിന്‍ (11), മസ്‌നീന്‍ (10) എന്നിരാണ് ചികിത്സയിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates