

തിരുവനന്തപുരം: തന്നോടു ചോദിക്കാതെയാണ് ആഗോള അയ്യപ്പ സംഗമ പരിപാടിയിലെ സംഘാടക സമിതിയില്‍ തന്റെ പേരു വെച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കന്റോണ്‍മെന്റ് ഹൗസില്‍ വന്നു. ഞാനിവിടെ ഉണ്ടാകുമോ, കാണാന്‍ പറ്റുമോ എന്നൊന്നും ചോദിക്കാതെയാണ് വന്നത്. വന്നു കത്തു കൊടുത്ത ശേഷം താന്‍ അദ്ദേഹത്തെ കാണാന്‍ കൂട്ടാക്കിയില്ലെന്ന് പുറത്തു പോയി പറഞ്ഞു. ഇതു മര്യാദകേടാണെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.
സാധാരണ ഒരു പരിപാടിയില്‍ പേരുവെക്കുമ്പോള്‍ വിളിച്ച് ചോദിക്കുകയെങ്കിലും ചെയ്യും. എന്നാല്‍ എന്റെ അനുവാദമില്ലാതെയാണ് പേരു വെച്ചത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്നെ കാണണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ കാണേണ്ടെന്ന് പറയാറില്ല. കാരണം അത് എന്റെ വീടല്ല, പൊതു വീടാണത്. ഇവിടെ ആരു കാണണമെന്ന് ആവശ്യപ്പെട്ടാലും അനുമതി കൊടുക്കും. എന്നോട് സംസാരിക്കാതെ, ഞാന്‍ അകത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ഓഫീസില്‍ കത്തു കൊടുത്തിട്ട് ഞാന്‍ കാണാന്‍ കൂട്ടാക്കിയില്ലെന്ന് പറയുന്നത് മര്യാദകേടാണ്. വി ഡി സതീശന്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇനിയും വിളിച്ചു ചോദിച്ചിട്ട് വന്നാല്‍ കാണാന്‍ താന്‍ തയ്യാറാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വാര്‍ത്ത കണ്ടപ്പോളാണ് താന്‍ കാണാന്‍ കൂട്ടാക്കിയില്ലെന്ന വാര്‍ത്ത കാണുന്നത്. അപ്പോഴാണ് അദ്ദേഹം കാണാന്‍ വന്നിരുന്നോയെന്ന് ഓഫീസില്‍ ചോദിക്കുന്നത്. എന്തൊരു മര്യാദകേടാണ് ഇതൊക്കെ. ഞാനിവിടെയുള്ള സമയത്ത് എപ്പോള്‍ വിളിച്ചു ചോദിച്ചിട്ട് വന്നാലും കാണാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ ആചാര ലംഘനത്തിനെ പിന്തുണയ്ക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കുമോ?, ആചാര സംരക്ഷണത്തിനായി നടത്തിയ സമരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമോ?, ശബരിമല വികസനത്തിനായി പണം ചെലവഴിക്കുമോ?. ഇതെല്ലാം നല്‍കുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
എന്‍എസ്എസും എസ്എന്‍ഡിപിയും അയ്യപ്പ സംഗമത്തെ അനുകൂലിക്കുന്നത് അവരുടെ ഇഷ്ടമാണ്. ഏതു മതസംഘടനകളും ഇതില്‍ പങ്കെടുക്കുന്നതില്‍ യുഡിഎഫിന് എതിര്‍പ്പില്ല. അതത് മത സംഘടനകളും സമുദായ സംഘടനകളും തീരുമാനമെടുത്ത് പങ്കെടുക്കുകയോ, പങ്കെടുക്കാതിരിക്കുകയോ ചെയ്യാം. അതിലൊന്നും യുഡിഎഫ് കൈ കടത്താറില്ല. എല്‍ഡിഎഫിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമല്ലോ. ആചാരലംഘനത്തെ പിന്തുണച്ചുകൊണ്ട് എൽഡിഎഫ് സർക്കാർ കൊടുത്ത സത്യവാങ്മൂലം ഇപ്പോഴും കോടതിയില്‍ കിടക്കുകയാണ്. എന്നാല്‍ ദേവസ്വം മന്ത്രിയോ, നിയമമന്ത്രിയോ, സിപിഎം സംസ്ഥാന സെക്രട്ടറിയോ ഇടതുമുന്നണി കണ്‍വീനര്‍ക്കോ ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates