

കൊച്ചി: സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന കവി സച്ചിദാനന്ദന്റെ വിമര്‍ശനത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇടതുസഹയാത്രികന്‍ തന്നെ ഇടതിന് തുടര്‍ഭരണം വേണ്ടെന്ന് പറയുന്നു. യുഡിഎഫ് പറയുന്ന കാര്യങ്ങള്‍ സച്ചിദാനന്ദന്‍ അടിവരയിട്ട് പറയുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.
'ഈ സര്‍ക്കാരിനോട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍പ്പെട്ട നല്ല കമ്യൂണിസ്റ്റുകാര്‍ക്കും ഇടത് സഹയാത്രികര്‍ക്ക് പോലും താല്‍പര്യമില്ല. സിപിഎമ്മിന് ഉണ്ടായ അപചയത്തെക്കുറിച്ച് ഏറ്റവും ബോധവാന്‍മാര്‍ ഇടതുസഹയാത്രികരും നല്ല കമ്യൂണിസ്റ്റുകാരുമാണ്. അത് ശരിവയ്ക്കുന്നതാണ് സച്ചിദാനന്ദന്റെ വാക്കുകള്‍. എല്‍ഡിഎഫ് അധികാരത്തില്‍ വരരുതെന്നും ഇവര്‍ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷമാണെന്നും സതീശന്‍ പറഞ്ഞു. കേരളത്തിന്റെ പൊതുവികാരമാണ് സച്ചിദാനന്ദന്‍ പങ്കുവച്ചതെന്നും സതീശന്‍ പറഞ്ഞു.
കേരളത്തിന് നല്ലത് രണ്ടുമുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍ ആവര്‍ത്തിച്ചു. ഇത് താന്‍ പുതുതായി പറയുന്ന കാര്യമല്ല. ജനാധിപത്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും മാറി മാറി ഉണ്ടാകുകയെന്നത് അടിസ്ഥാന തത്വമാണെന്നും ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തിയാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാളിലെ അനുഭവം അവിടുത്തെ പാര്‍ട്ടിക്കാരില്‍ നിന്ന് താന്‍ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. തുടര്‍ ഭരണം ഉണ്ടാകുമ്പോള്‍ പലപ്പോഴും പാര്‍ട്ടി തന്നെ അറിയാതെ സ്വാര്‍ഥലക്ഷ്യങ്ങളോടെ പലരും അതിനുളളിലേക്ക് കടന്നുവരുന്നു. അധികാര വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകരണം വര്‍ധിക്കാനും ഇടയാക്കുന്നു. പ്രതിപക്ഷത്തിരിക്കാന്‍ ഭരണപക്ഷം മറന്നുപോകാനും സാധ്യതയുണ്ട്. പ്രതിപക്ഷത്ത് ഇരിക്കുകയെന്നുള്ളത് ഒരുപാര്‍ട്ടി ശക്തിപ്പെടുന്നതിനും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വേരാഴ്ത്തുന്നതിനും സഹായകരമാകുമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.
പ്രതിപക്ഷമാണ് പലപ്പോഴും ജനഹിതം പ്രകടിപ്പിക്കുന്നത്. ജനങ്ങളുടെ അസംതൃപതിയും എതിര്‍പ്പുകള്‍ പ്രതിഫലിപ്പിക്കുന്നതും അവരാണ്. ഏത് ജനാധിപത്യത്തിലും ശക്തമായ പ്രതിപക്ഷം ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. ജയം തോല്‍വി എന്നതാകരുത് പാര്‍ട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലുള്ള ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതാകണം ജനാധിപത്യം. ഇതുവരെ കാണാത്ത, കേള്‍ക്കാത്ത ശബ്ദം കേള്‍ക്കുമ്പോഴാണ് അതിന്റെതായ അര്‍ഥത്തില്‍ ജനാധിപത്യം സ്വാര്‍ഥകമാകുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. തന്റെ പ്രതികരണം ഇടതുപക്ഷത്തിനോ, ഒരുപാര്‍ട്ടിക്കോ എതിരായല്ല. ഇന്ന് കോണ്‍ഗ്രസ് അധികാരത്തിലായാലിരുന്നെങ്കിലും മുന്നാം തവണ അവര്‍ വരരുതെന്ന് താന്‍ പറയുമായിരുന്നെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
എസ്എന്‍ഡിപി എന്ന സംഘടന ശ്രീനാരായണ ഗുരുവിന് അവസാനം പിരിച്ചുവിടേണ്ടി വന്നു. തീര്‍ത്തും ഗുരുവിന്റെ തത്വങ്ങള്‍ക്കെതിരായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവേക്കാള്‍ മഹാനാണെന്ന് പറയുകയും ചെയ്യുന്ന ഒരവസ്ഥ ഒരു കമ്യൂണിസ്റ്റുകാരനെന്നല്ല ഒരു കേരളീയനും ഭൂഷണമല്ല. അത്തരം സന്ധികള്‍ പാര്‍ട്ടികളെ പിന്നോട്ടുകൊണ്ടുപോകുകയും ആദര്‍ശവ്യതിയാനത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതിന് അതീതതമായ പ്രവര്‍ത്തനങ്ങളാണ് ബിജെപി ഇതര പാര്‍ട്ടികളില്‍ നിന്നുണ്ടാകേണ്ടത്. കമ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ പിന്തുടര്‍ച്ചയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
കേരളത്തില്‍ ഇന്ത്യാസഖ്യം അതേപടി നടപ്പാക്കാനാകില്ലെങ്കിലും ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചു മത്സരിക്കാന്‍ തീരുമാനിക്കണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. സീതാറാം യെച്ചൂരി 'ഇന്ത്യാസഖ്യം' എന്ന ആശയം മുന്നോട്ടുവച്ച ഉടന്‍ അതിനെ ഇവിടെ പിന്തുണച്ച ആളാണ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലാത്ത, ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകാരനായ ഈയുള്ളവന്‍. ഇന്നും അതില്‍ ഒരു മാറ്റവും ഇല്ല. ഇന്ത്യ എന്നാല്‍ കേരളം അല്ല എന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ സഖ്യം അതേപടി നടപ്പാക്കാന്‍ ഇപ്പോള്‍ കഴിയില്ല എന്നറിയാം; അങ്ങനെ വന്നാല്‍ ബിജെപി മുഖ്യ പ്രതിപക്ഷമാകും. എന്നാല്‍ അവര്‍ക്കു ജയസാധ്യതയുള്ള ഇടങ്ങളിലെങ്കിലും തങ്ങളില്‍ ഒരു കൂട്ടര്‍ മത്സരിച്ചാല്‍ മതി എന്ന് ഇരുവരും ഇപ്പോള്‍ തന്നെ തീരുമാനിക്കണം. പിന്തുണയ്ക്കുന്നവര്‍ക്ക് മറ്റേ മുന്നണിക്കു വോട്ടു നല്‍കാന്‍ നിര്‍ദേശം നല്‍കണം. ഇത് കോണ്‍ഗ്രസിന് നെഹ്‌റുവിയന്‍ ആദര്‍ശങ്ങളിലേക്കു തിരിച്ചുപോകാന്‍ പ്രേരണ നല്‍കും, അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇന്ന് സ്വീകരിക്കാന്‍ വിഷമം ഉണ്ടാവില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates