

തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. എം.പി മാര്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണോ എന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്.
കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നല്‍കിയോ എന്ന് തനിക്ക് അറിയില്ല. ഉറപ്പുനല്‍കാന്‍ മാത്രം മുതിര്‍ന്ന നേതാവല്ല താന്‍. ആരെല്ലാം മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതും പാര്‍ട്ടിയാണ്. ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ട. താന്‍ മത്സരിക്കണോ എന്ന് തീരുമാനിക്കുക ഹൈക്കമാന്‍ഡായിരുക്കും. ഞാനല്ല ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് ഇന്നലെ സുധാകരന്‍ എന്നോട് പറഞ്ഞത്. ഇന്ന് മാറ്റിപ്പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും സതീശന്‍ പറഞ്ഞു.
അതേസമയം കെ സുധാകരനെ അനുകൂലിച്ച് എറണാകുളത്തിന്റെ വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പറവൂര്‍, ഇടപ്പള്ളി, ആലുവ പ്രദേശങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫിസിന് മുമ്പിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. എന്നാല്‍ സുധാകരനെ അനുകൂലിച്ചുള്ള പോസ്റ്ററുകളും ഫ്ളക്സുകളും സിപിഎമ്മുകാര്‍ കൊണ്ടുവെക്കുന്നതായിരിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി സതീശന്‍ പറഞ്ഞു. പറവൂരിലാണോ സുധാകരന്‍ സീറ്റ് ചോദിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഞാന്‍ മാറിക്കൊടുക്കാം -അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates