പറവൂർ : വിഡി സതീശന് ആശംസകളുമായി ശ്രീകുമാരൻ തമ്പി. വിഡി സതീശൻ ഒരു അത്ഭുതമാണെന്നും അധികാരം കിട്ടിയ ശേഷം സ്വയം രാജാവായും വോട്ടു ചെയ്ത ജനങ്ങൾ പ്രജകളായും കണക്കാക്കാത്ത ഒരാളാണെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.
ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളും കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയത്തിലെ മോഹൻലാലാണ് വിഡി സതീശനെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. കേരളത്തിന്റെ രാജാവാണ് താൻ എന്ന് ധരിക്കുന്ന മുഖ്യമന്ത്രിയുണ്ടായാൽ ജനങ്ങൾ ദുഖിക്കുമെന്നും പറവൂരിലെ പ്രസംഗത്തിൽ അദ്ദേഹം പ്രതികരിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ തലപ്പത്തു കസേരയിട്ടിരിക്കുന്ന ഉന്നതൻ രാജാവായാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രിക്ക് സ്വന്തം നാട്ടിലൊരുക്കിയ സ്വീകരണവേദിയിൽ ആശംസകളറിയിക്കവേ ശ്രീകുമാരൻ തമ്പി പറഞ്ഞു.
ശ്രീകുമാരൻ തമ്പിയുടെ വാക്കുകളിലേക്ക് :
വിഡി സതീശൻ എന്ന നമ്മുടെ മുഖ്യമന്ത്രി ഒരു അത്ഭുതമാണ്. മന്ത്രിയാകുന്നതിനും മുഖ്യമന്ത്രിയാകുന്നതിനും മുൻപ്, പ്രതിപക്ഷ നേതാവായിരിക്കേ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളും കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. ആ ജനപ്രീതി അദ്ദേഹത്തിന്റെ സ്വഭാവം കൊണ്ടും പെരുമാറ്റംകൊണ്ടും ഇടപെടലുകൾ കൊണ്ടും ഉണ്ടായതാണ്.
ഒരു വ്യക്തി ജീവിതത്തിൽ അയാളുടെ പരമമായ ലക്ഷ്യത്തിൽ എത്തിച്ചേരണമെങ്കിൽ നാല് വഴികളിലൂടെ കടന്നു പോകണം. ശ്രദ്ധ, യജ്‌ഞം, ഉപാസന, പിന്നെ നമ്മൾ എത്തിച്ചേരുന്ന ജ്ഞാനാധികാരം എന്ന പരമമായ പദ്ധതി. ജ്ഞാനത്തിൽ നിന്നും നേടുന്ന അധികാരം. അതിനുദാഹരണമാണ് ശ്രീ മോഹൻലാൽ. ശ്രദ്ധയും യജ്ഞവും ഉപാസനയും കൊണ്ടാണ് അദ്ദേഹം ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത്. എത്ര തിരക്കിലും രാവിലെ ആറുമണിക്ക് ഒരു ഷോട്ട് എടുക്കണം എന്ന് പറഞ്ഞാൽ കൃത്യമായി 6 മണിക്ക് തന്നെ അദ്ദേഹം ലൊക്കേഷനിൽ വരും. അവിടെ പ്രശസ്തിയോ തിരക്കോ ഒന്നും തടസ്സമല്ല. അതുപോലെ തന്റെ കർമപഥത്തിൽ യാതൊരു പതർച്ചയുമില്ലാതെ നീങ്ങുന്ന രാഷ്ട്രീയ നേതാവ് ആണ് ശ്രീ വിഡി സതീശൻ.
നമ്മുടെ രാഷ്ട്രീയത്തിൽ നന്മ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണ്. വോട്ടുനൽകിയാണ് ജനങ്ങൾ ഒരു നേതാവിനെ സൃഷ്ടിക്കുന്നത്. ഒരു ഭരണാധികാരിയുണ്ടാകുന്നത് ജനങ്ങൾ വോട്ട് കൊടുത്താണ്. അനേകം പേർ മുദ്രാവാക്യം വിളിച്ചാണ്. അങ്ങനെയാണ് നേതാക്കൾ സൃഷ്ട്ടിക്കപ്പെട്ടിട്ടുള്ളത്.
എന്നാൽ അധികാരത്തിൽ കയറിയ ശേഷം നേതാവ് താൻ രാജാവും വോട്ട് ചെയ്തവരൊക്കെയും തന്റെ പ്രജകളുമാണെന്ന് വിചാരിച്ചാൽ, അവിടെ ജനാധിപത്യം പരാജയപ്പെടും. ബഹുമാനപ്പെട്ട വിഡി സതീശൻ അങ്ങനെ ഒരാളല്ല എന്നതുകൊണ്ട് മാത്രമാണ് ഈ സമ്മേളനത്തിലേക്ക് ഞാൻ വന്നത്.
ഞാൻ കേരളത്തിന്റെ രാജാവാണ്, ബാക്കി എല്ലാവരും എന്റെ പ്രജകൾ എന്ന് വിചാരിക്കുന്നവർ മുഖ്യമന്ത്രിയായാൽ നമ്മൾ വളരെയധികം ദുഖിക്കേണ്ടി വരും. ഒരു കാര്യം മനസിലാക്കുക, ഒരു നേതാവും, മന്ത്രിയും രാജാവല്ല.
1914 ഒക്ടോബർ 31 ആം തീയതി ചങ്ങനാശ്ശേരിയിലെ മന്നത്ത് എന്ന വീട്ടിൽ പദ്മനാഭപിള്ള എന്നൊരാൾ പത്തു പതിനാല് സ്നേഹിതരുമായി ചേർന്ന് അമ്മ കൊളുത്തിയ നിലവിളക്കിനു ചുറ്റും നിന്ന് അഗ്നിയിലേക്ക് കൈകൾ നീട്ടി പ്രതിജ്ഞ ചെയ്തു. നമ്മൾ നായർ സമുദായത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന്. ആ കൂട്ടത്തിൽ കേരള ഗാന്ധി എന്നറിയ പ്പെടുന്ന കെ. കേളപ്പനുമുണ്ടായിരുന്നു എന്നത് കേട്ടാൽ അത്ഭുതം തോന്നും. വർഗീയതയുടെ ചിഹ്നമായിട്ടല്ല തുടക്കം. പിന്നീട്ട് നായർ സർവീസ് സൊസൈറ്റി എന്ന് പേര് മാറ്റിയ ആ സംഘടന ഇപ്പോൾ എന്താവസ്ഥയിലാണ്? അവിടെ കസേരയിട്ടിരിക്കുന്ന ഉന്നതൻ രാജാവായിട്ടാണ് പെരുമാറുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates