'ചോദിക്കുമല്ലോ, സ്വാഭാവികമല്ലേ'; എം ടി രമേശ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് വനിതാ നേതാവിനെ വിളിപ്പിച്ച് വിഡി സതീശന്‍

രാഷ്ട്രീയരംഗത്ത് വരുന്ന എല്ലാവരും സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ചു തന്നെയല്ലേ വരുന്നതെന്ന് ബീന ജോസഫ് ചോദിച്ചു
Beena Joseph
Beena Josephspecial arrangement
Updated on
1 min read

മലപ്പുറം: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാവ് എം ടി രമേശ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് വനിതാ നേതാവ് അഡ്വ. ബീനാ ജോസഫിനെ ( Beena Joseph ) പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിളിപ്പിച്ചു. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി താന്‍ പ്രചാരണരംഗത്ത് സജീവമായിട്ടുണ്ടാകുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ബീനാ ജോസഫ് പറഞ്ഞു. നമുക്ക് ഒരുമിച്ച് രംഗത്തിറങ്ങാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്നും മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ അഡ്വ. ബീന കൂട്ടിച്ചേര്‍ത്തു.

രമേശുമായിട്ടുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ചോദിക്കുമല്ലോ, സ്വാഭാവികമല്ലേ' എന്നായിരുന്നു ബീനയുടെ മറുപടി. ബിജെപി പിന്തുണയില്‍ മത്സരിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. 'ഞാന്‍ അതിന് ഇല്ലല്ലോ. ഉണ്ടെങ്കിലല്ലേ അത് പറയേണ്ടതുള്ളൂ. അങ്ങനെയൊരു കാര്യം ആലോചിച്ചിട്ടുപോലുമില്ല. കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നില്‍ക്കും. അതില്‍ എന്താണ് സംശയമെന്നും' ബീനാ ജോസഫ് ചോദിച്ചു.

കേസിന്റെ കാര്യത്തിനായാണ് എംടി രമേശ് തന്നെ കാണാന്‍ ഓഫീസില്‍ വന്നത്. അദ്ദേഹം വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കൂടെ വേറെ വക്കീലുമുണ്ടായിരുന്നു അദ്ദേഹമാണ് അപ്പോയിന്റ്‌മെന്റ് എടുത്തിരുന്നത്. കേസുമായി സംസാരിക്കുന്നതിനിടെയാണ് രാഷ്ട്രീയവും സംസാരിച്ചത്. വക്കീല്‍ ഓഫീസില്‍ നടന്ന സംസാരം, പ്രൊഫഷണലി അതില്‍ രഹസ്യാത്മകത പാലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് അത് പബ്ലിഷ് ചെയ്യേണ്ട കാര്യമല്ലെന്ന് ബീന ജോസഫ് പറഞ്ഞു.

സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ചിരുന്നോയെന്ന ചോദ്യത്തിന്, രാഷ്ട്രീയരംഗത്ത് വരുന്ന എല്ലാവരും സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ചു തന്നെയല്ലേ വരുന്നതെന്ന് ബീന ജോസഫ് ചോദിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാനാണോ ആഗ്രഹമെന്ന ചോദ്യത്തിന് അല്ലാതെ പിന്നെ എന്നായിരുന്നു പ്രതികരണം. നിലമ്പൂരില്‍ കോണ്‍ഗ്രസ് ബഹുഭൂരിപക്ഷത്തോടെ ജയിക്കണം, അതിന് രംഗത്തിറങ്ങാന്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. വിസിബിളും ഇന്‍വിസിബിളുമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുണ്ട്. പ്രചാരണത്തിന് സജീവമായി പ്രവര്‍ത്തനത്തിനുണ്ടാകുമെന്നും ബീന ജോസഫ് പറഞ്ഞു.

നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വം ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17,000തോളം വോട്ട് പിടിച്ച ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനത്തിന് ഇടയാക്കി. ഇതിനിടെ സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് നല്‍കാനും നീക്കം നടത്തി. എന്നാല്‍ ബിഡിജെഎസും മത്സരിക്കാന്‍ താല്‍പര്യം കാണിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ബിഡിജെഎസിലും രണ്ട് അഭിപ്രായമാണ്. ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തില്‍ രണ്ടഭിപ്രായമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ബിഡിജെഎസും പിന്‍വലിഞ്ഞതോടെയാണ് മത്സരിക്കാന്‍ സ്വതന്ത്രരെ തേടി ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com