യു.ഡി.എഫിന്റെ അമരത്ത് 'കിംഗ്‌പിൻ' സതീശൻ: സിപിഎമ്മിന്റെ 'നുണേശൻ' ക്യാമ്പയിനെ തകർത്ത് ജയിച്ച തന്ത്രജ്ഞൻ!

മതേതരത്വത്തിന്റെ സികെജി പാരമ്പര്യവും അത്യാധുനിക ഇലക്ഷനീയറിംഗും കൈകോർത്തപ്പോൾ കേരളം കണ്ടത് വി.ഡി. സതീശൻ എന്ന രാഷ്ട്രീയ വിസ്മയത്തെയാണ്
vd satheeshan
വി ഡി സതീശന്‍ /ഫയല്‍ ചിത്രം
Updated on
2 min read

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത, ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ തന്ത്രങ്ങളെല്ലാം വി ഡി സതീശൻ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയായിരുന്നു എന്നതാണ്. ഒരു വശത്ത് യു ഡി എഫിന്റെ അമരക്കാരനായി സതീശൻ നിലയുറപ്പിച്ചപ്പോൾ, മറുവശത്ത് ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും മുഴുവൻ പ്രചാരണായുധങ്ങളും അദ്ദേഹത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. സതീശന്റെ പ്രസ്താവനകളിലെ വൈരുദ്ധ്യം തുറന്നുകാട്ടാനായി സിപിഎം ആവിഷ്കരിച്ച 'നുണേശൻ' ക്യാമ്പയിൻ, യഥാർത്ഥത്തിൽ സതീശൻ എന്ന നേതാവിനെ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും അനിഷേധ്യമായ അടിത്തറയായി ഊട്ടിയുറപ്പിക്കാനാണ് സഹായിച്ചത്.

ഉന്നംതെറ്റിയ പ്രചാരണങ്ങൾ

സതീശനെയാണ് തങ്ങൾ മുഖ്യശത്രുവായി ഉന്നംവയ്ക്കുന്നതെന്ന് പറയാതെ പറഞ്ഞ സിപിഎം, അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിന്റെ പ്രതിഫലനമായി മാറി 'നുണേശൻ' ക്യാമ്പയിൻ. അടുത്ത കാലത്ത് സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിജയം ഉറപ്പാക്കിയ സതീശന്റെ 'ഇലക്ഷനീയറിങ്' രീതികളോടുള്ള വ്യക്തമായ ഭയപ്പാടാണ് ഈ സൈബർ ആക്രമണങ്ങൾക്ക് പിന്നിലുണ്ടായിരുന്നത്. എന്നാൽ, നുണകളെ പൊളിച്ചടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ നീക്കങ്ങളെ വസ്തുതകൾ നിരത്തി പ്രതിരോധിച്ചതിലൂടെ സതീശന്റെ രാഷ്ട്രീയ പക്വത ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യമായി.

സികെജി പാരമ്പര്യം: ആദർശവും ധൈര്യവും

വി ഡി സതീശനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന കണിശമായ മതേതര നിലപാടുകളാണ്. 1960-കളിൽ കെപിസിസി അധ്യക്ഷനായിരുന്ന സി കെ ഗോവിന്ദൻ നായർ (സികെജി) പുലർത്തിയിരുന്ന അതേ ആദർശബോധം സതീശനിൽ ദൃശ്യമാണ്. മത-സാമുദായിക ശക്തികളുടെ അനാവശ്യമായ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന സികെജിയുടെ പാരമ്പര്യം സതീശൻ ആവർത്തിച്ചത് കണ്ടു പരിചയിച്ച പതിവു വഴികളിൽ നിന്നുള്ള തിരിഞ്ഞു നടത്തമായി കണ്ടവരേറെയാണ്. വെള്ളാപ്പള്ളി നടേശനെപ്പോലുള്ള സാമുദായിക നേതാക്കൾ പരസ്യമായ വെല്ലുവിളികൾ ഉയർത്തിയപ്പോഴും, തന്റെ മതേതര നിലപാടുകളിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകാൻ തയാറാകാത്തതും സതീശൻറെ ഗ്രാഫ് ഉയർത്തുന്നതിൽ സഹായിച്ചു. ഇത്തരം ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കാത്ത സതീശന്റെ ശൈലി കോൺഗ്രസ് രാഷ്ട്രീയത്തിന് പുതിയൊരു അന്തസ്സും ദിശാബോധവും നൽകിയെന്നതും ഇതിനോടു ചേർത്തു വായിക്കാം.

നിലമ്പൂരിലെ ധീരതയും മതേതര നിലപാടും

തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ സതീശൻ കാണിച്ച നിശ്ചയദാർഢ്യത്തിന്റെ മികച്ച ഉദാഹരണമായാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ പിവി അൻവറിനോട് സ്വീകരിച്ച നിലപാട് വിലയിരുത്തപ്പെടുന്നത്. അൻവറിനെ കൂടെക്കൂട്ടേണ്ടതില്ലെന്ന സതീശന്റെ തീരുമാനം പാർട്ടിക്കുള്ളിലെ താൽക്കാലിക ലാഭങ്ങളെക്കാൾ ആദർശത്തിന് മുൻഗണന നൽകുന്നതായിരുന്നു. ഈ തീരുമാനമാണ് പിന്നീട് യു.ഡി.എഫിന് കൃത്യമായ രാഷ്ട്രീയ വ്യക്തത നൽകിയതും വോട്ടർമാർക്കിടയിൽ വിശ്വാസ്യത വർദ്ധിപ്പിച്ചതും.

ജെൻ-സിയുടെ മനം കവർന്ന നിയോ കേരള മോഡൽ

ഭരണപക്ഷത്തിന്റെ പരാജയങ്ങൾ എണ്ണിയെണ്ണി പറയുന്നതിനൊപ്പം തന്നെ, തങ്ങൾ അധികാരത്തിൽ വന്നാൽ എന്ത് ചെയ്യും എന്നതിന് വ്യക്തമായ ഒരു ബദൽ പദ്ധതി മുന്നോട്ടുവയ്ക്കാൻ സതീശൻ ശ്രദ്ധിച്ചു. 'പുതുയുഗ യാത്ര'യിലൂടെ അദ്ദേഹം അവതരിപ്പിച്ച 'നിയോ കേരള മോഡൽ' വരും തലമുറയ്ക്കായുള്ള വികസന കാഴ്ചപ്പാടാണ്. രാഷ്ട്രീയത്തിന്റെ പതിവ് ശൈലികൾക്ക് അപ്പുറം, ഡാറ്റയും വസ്തുതകളും നിരത്തി സംസാരിക്കുന്ന സതീശൻ രീതി യുവതലമുറയെയും ചേർത്തു നിർത്താൻ സഹായകരമായി.

വി.എം. സുധീരനെപ്പോലുള്ള ആദർശവാദികൾ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഒറ്റപ്പെട്ടുപോയ ചരിത്രം കോൺഗ്രസിനുണ്ടെങ്കിലും, സതീശൻ തന്റെ ആദർശങ്ങളെ തന്ത്രപരമായ നീക്കങ്ങളുമായി സമന്വയിപ്പിച്ചു. പഴയ ഐ-എ ഗ്രൂപ്പുകളുടെ സമവാക്യങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് പാർട്ടിയെ ഒരു 'സെമി-കേഡർ' സ്വഭാവത്തിലേക്ക് മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു.

ചുരുക്കത്തിൽ, വ്യക്തിപരമായ അധിക്ഷേപങ്ങളെ തന്റെ രാഷ്ട്രീയ കരുത്താക്കി മാറ്റിയ വി ഡി സതീശൻ, ഒരു ആധുനിക രാഷ്ട്രീയ തന്ത്രജ്ഞന്റെ മികവോടെ യുഡിഎഫിനെ നയിച്ചതായി വേണം വിലയിരുത്താൻ. സി.പി.എമ്മിന്റെ സൈബർ ആക്രമണങ്ങളെ അതിജീവിച്ച് അദ്ദേഹം പടുത്തുയർത്തിയ ഈ പ്രതിച്ഛായ, കേരളത്തിലെ വരുംകാല രാഷ്ട്രീയത്തിന്റെ ഗതിനിർണ്ണയിക്കുന്ന പ്രധാന ശക്തിയായിരിക്കും. മുഖ്യമന്ത്രി പദത്തിലെത്തുകയാണെങ്കിൽ സതീശനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാകുമെന്ന് ഉറപ്പാണ്.

English Summary: The 2026 Kerala Assembly Election was uniquely centered around one leader: VD Satheesan. While the Left attempted to tarnish his image through the "Nuneeshan" (liar) campaign, it ironically cemented his position as the indispensable kingpin of the UDF. Satheesan brought a paradigm shift to Congress politics by reviving the secular legacy of C.K. Govindan Nair (CKG), refusing to bow down to communal pressures or religious interest groups.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com