കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ റിട്ട. ജസ്റ്റിസ് ബി കെമാല്‍ പാഷ. വിധിയില്‍ വളരെ നിരാശനാണ്. കോടതിയുടെ കണ്ടെത്തല്‍ തലതിരിഞ്ഞുപോയോ എന്ന് സംശയമുണ്ട്. ഇരയായ കന്യാസ്ത്രീയെ എങ്ങനെ അവിശ്വസിക്കാം എന്ന് റിസര്‍ച്ച് ചെയ്തതുപോലെയാണ് വിധിന്യായം കണ്ടാല്‍ തോന്നുകയെന്ന് കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.
കന്യാസ്ത്രീയെ എങ്ങനെ വിശ്വസിക്കാം എന്നതല്ല, എങ്ങനെ അവിശ്വസിക്കാം എന്ന രീതിയിലേക്ക് പോയി. അതാണ് പ്രശ്‌നം. അവിശ്വസിക്കാന്‍ പറഞ്ഞ കാരണങ്ങളെല്ലാം ബാലിശമാണ്. കാര്യമുള്ളതായി തനിക്ക് തോന്നുന്നില്ല. വളരെ വികലമാണെന്നും കെമാല്‍ പാഷ പറഞ്ഞു.
സാഹചര്യത്തെളിവുകളുണ്ടോ എന്നാണ് നോക്കേണ്ടിയിരുന്നത്
പ്രതിയുടെ അധീനതയിലാണ് സ്ഥാപനം എന്നതെല്ലാം കോടതി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പ്രതിയുടെ കീഴിലല്ല, പാലാ ബിഷപ്പിന്റെ അധീനതയിലാണെന്നൊക്കെ തര്‍ക്കിച്ചിരുന്നതാണ്. അതെല്ലാം തള്ളിക്കളഞ്ഞ് ബിഷപ്പ് ഫ്രാങ്കോയുടെ അധീനതയില്‍ തന്നെയാണെന്നുള്ളതിന് ശരിയായ തെളിവുകള്‍ പ്രോസിക്യൂഷന്‍ നല്‍കിയത് കോടതി സ്വീകരിച്ചിട്ടുണ്ട്.
5,6 തീയതികളില്‍ പ്രതി മഠത്തില്‍ താമസിച്ചതായും കോടതി കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗക്കേസില്‍ ഇരയുടെ മൊഴി വിശ്വാസത്തിലെടുക്കണമെന്ന തത്വത്തിന് പിന്നില്‍, സംഭവിച്ചത് എന്താണെന്ന് ഇരയ്ക്കും പ്രതിക്കും മാത്രമേ അറിയാന്‍ കഴിയുള്ളൂ എന്നതിനാലാണ്. ഇത് രഹസ്യമായി നടക്കുന്നതാണ്, അല്ലാതെ നാട്ടുകാരുടെ മൊത്തം അറിവില്‍ നടക്കുന്ന കാര്യമല്ല. ഇരയുടെ മൊഴിക്ക് അനുസരിച്ചുള്ള സാഹചര്യത്തെളിവുകളുണ്ടോ എന്നാണ് നോക്കേണ്ടിയിരുന്നത്.
മൊഴി നല്‍കിയത് ഒരു സ്ത്രീയാണ്, പ്രത്യേകിച്ചും കന്യാസ്ത്രീയാണ്. അവര്‍ കര്‍ത്താവിന്റെ മണവാട്ടിയായി മാത്രം അറിയപ്പെടുന്നവരാണ്. അവരുടെ വാക്കുകള്‍ക്ക് കൂടുതല്‍ വില കല്‍പ്പിക്കണമായിരുന്നു. എന്നാല്‍ വിധിന്യായത്തില്‍ അതു കണ്ടില്ല. പ്രോസിക്യൂഷനും പൊലീസും പരാജയമായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരായ ഹരിശങ്കറും സുഭാഷും സത്യസന്ധമായാണ് അന്വേഷിച്ചത്.
അപ്പീല്‍ നല്‍കിയാല്‍ വളരെ സാധ്യതയുണ്ട്
ബിഷപ്പ് അയച്ച മൊബൈല്‍ കണ്ടെടുത്തില്ലെന്നാണ് വീഴ്ചയായി കോടതി പറയുന്നത്. ഇത് ബലാത്സംഗക്കേസാണ്. അശ്ലീലസന്ദേശം അയച്ചോ എന്നതില്‍ എന്ത് സാംഗത്യമാണുള്ളത്. അപ്പീല്‍ നല്‍കിയാല്‍ വളരെ സാധ്യതയുണ്ട്. അപ്പീല്‍ നല്‍കേണ്ട കേസാണിത്. നീതിന്യായ വ്യവസ്ഥയെ 35 വര്‍ഷം പിന്നോട്ടടിക്കുന്ന വിധിയാണിതെന്ന് കെമാല്‍ പാഷ പറഞ്ഞു.
സമരം ചെയ്തതിനെ പുച്ഛിക്കുക ജുഡീഷ്യറിയുടെ ജോലിയല്ല
തിന്മക്കെതിരെ സമരം ചെയ്തതിനെ പുച്ഛിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ജുഡീഷ്യറിയുടെ ജോലിയല്ല. അത് ചെയ്യാന്‍ പാടില്ല. ഇങ്ങനെ തെരുവില്‍ സമരം ചെയ്തതുകൊണ്ടല്ലേ പ്രതിയെ അറസ്റ്റു ചെയ്തതെന്ന് കെമാല്‍ പാഷ ചോദിച്ചു. ഇത്തരം തിന്മകള്‍ക്കെതിരെ സമരം ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കന്യാസ്ത്രികള്‍ സമരം ചെയ്തത്, അവരുടെ സാമൂഹികപ്രതിബദ്ധതയായിട്ടാണ് കാണേണ്ടത്.
എത്രത്തോളം പണവും സ്വാധീനവുമുള്ളയാളാണ് പ്രതിയെന്ന് എല്ലാവര്‍ക്കും അറിയാം. അത്തരക്കാര്‍ക്ക് വേണ്ടി പറയാനും ധാരാളം പേര്‍ കാണും. നല്ല അഴിമതി വീരന്മാര്‍ ഇഷ്ടംപോലെ കാണും ഇങ്ങനെയുള്ളവരെ കൊണ്ടു നടക്കാനും പറയാനും എന്നും കെമാല്‍ പാഷ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates