തിരുവനന്തപുരം: വിശ്വ ഹിന്ദു പരിഷത്ത് കേരള ഘടകത്തിന് കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങളുടെ ഭരണവും ദൈനംദിന നടത്തിപ്പും ഏകീകൃത ഘടനയിലേക്ക് കൊണ്ടുവരുന്നതിനായി പുതിയ സംവിധാനം നിലവിൽവന്നു. വി.എച്ച്.പിയുടെ കീഴിലുള്ള 220 ക്ഷേത്രങ്ങളെ ഏകോപിപ്പിച്ച് ‘വിശ്വ ഹിന്ദു ദേവസ്വം’ എന്ന പേരിൽ പുതിയ ഭരണസംവിധാനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. പുതിയ ഭരണസംവിധാനത്തിന്റെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം ഉടൻ നടത്തുമെന്ന് വി.എച്ച്.പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ അറിയിച്ചു.
സംസ്ഥാനത്തുടനീളമുള്ള വിഎച്ച്പി നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി പ്രവർത്തിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ക്ഷേത്രങ്ങളുടെ ദൈനംദിന അക്കൗണ്ടിംഗ്, സാമ്പത്തിക ഓഡിറ്റിംഗ് എന്നിവ കൃത്യതയോടെയും സുതാര്യമായും നടപ്പിലാക്കുകയാണ് പ്രധാന ലക്ഷ്യം. കൂടാതെ, ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്ത്രിമാരുടെയും ആചാര്യന്മാരുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനും പൊതുവായ ചർച്ചാ വേദി ഒരുക്കുന്നതിനും വിശ്വ ഹിന്ദു ദേവസ്വം സഹായകരമാകും.
ശ്വ ഹിന്ദു ദേവസ്വത്തിന്റെ ട്രസ്റ്റ് സംവിധാനത്തിൽ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖർ അംഗങ്ങളായിട്ടുണ്ടെന്ന് അനിൽ വിളയിൽ പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ വി.എച്ച്.പിയുടെ കീഴിലുള്ള ഏകദേശം 220 ക്ഷേത്രങ്ങളെയും ഘട്ടംഘട്ടമായി പുതിയ ദേവസ്വവുമായി ബന്ധിപ്പിച്ച് അഫിലിയേറ്റ് ചെയ്യാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം മുഴുവൻ ക്ഷേത്രങ്ങളുടെയും ഭരണം പുതിയ ഭരണഘടനയ്ക്ക് കീഴിലേക്ക് മാറ്റും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള സർക്കാർ നിയന്ത്രിത ദേവസ്വം സ്ഥാപനങ്ങൾക്കെതിരെ ഉയരുന്ന സാമ്പത്തിക അഴിമതികൾക്കും കെടുകാര്യസ്ഥതകൾക്കും ബദലായി മാതൃകാപരമായ ഒരു ക്ഷേത്ര ഭരണസംവിധാനം പൊതുസമൂഹത്തിന് മുന്നിൽ കാഴ്ചവെക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വി.എച്ച്.പി നേതൃത്വം ചൂണ്ടിക്കാട്ടി. ക്ഷേത്ര നടത്തിപ്പിൽ സാധാരണക്കാരായ ഭക്തജനങ്ങളുടെയും പൊതുജനങ്ങളുടെയും പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates