കൊല്ലം: ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടര്‍ന്ന് വിപഞ്ചിക മണിയന്‍ (32) ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. വിപഞ്ചികയുടെ അമ്മ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് നിതീഷി നെതിരെ കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്.
ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉള്‍പ്പെടുത്തി വകുപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് എസ്പിക്ക് സമര്‍പ്പിക്കും. വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തേ പറഞ്ഞിരുന്നു.
അല്‍ നഹ്ദയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാനുള്ള നീക്കം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെ കോണ്‍സുലേറ്റില്‍ വിളിച്ചു വരുത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൃതദേഹം തിരികെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്.
ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ ആറില്‍ വൈഭവിയുടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. മൃതദേഹം ശ്മശാനത്തില്‍ എത്തുന്നതിനു തൊട്ടു മുമ്പാണ് മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു വിപഞ്ചികയുടെ മാതാവ് ഷൈലജ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചതിനെ തുടര്‍ന്നാണ് തിരക്കിട്ട ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടായത്.
കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനില്‍ പരേതനായ മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നോ നാളെയോ നടക്കുമെന്നാണ് സൂചന. ഇരുവരെയും ജനിച്ച മണ്ണില്‍ സംസ്‌കരിക്കണമെന്ന് ഷൈലജയും ബന്ധുക്കളും പറഞ്ഞു. കുഞ്ഞിനെ ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കുമെന്ന് നിതീഷ് ഉറപ്പിച്ചതോടെയാണ് ഷൈലജയും ബന്ധുക്കളും കോണ്‍സുലേറ്റിനെ അഭയം പ്രാപിച്ചത്.
മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാനായി ഇന്നലെ രാവിലെയാണ് ഷൈലജ ഷാര്‍ജയില്‍ എത്തിയത്. എന്നാല്‍, വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിനു വിട്ടുകൊടുക്കാനാണ് കോടതി ഉത്തരവിട്ടത്. ഇതോടെ ഇന്നലെ വൈകിട്ട് 4നു ഷാര്‍ജയില്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
മൃതദേഹം നാട്ടില്‍ നിതീഷിന്റെ വീട്ടില്‍ സംസ്‌കരിക്കുന്നതിന് എതിര്‍പ്പില്ലെന്ന് ഒത്തുതീര്‍പ്പ് എന്ന നിലയില്‍ ഷൈലജ പറഞ്ഞു. എന്നാല്‍, ഇത് നിതീഷ് അംഗീകരിക്കാന്‍ തയാറായില്ല. നിതീഷിന്റെ ശാരീരിക മാനസിക പീഡനങ്ങളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പ് എഴുതിയെങ്കിലും ഭര്‍ത്താവിനെതിരെ എവിടെയും വിപഞ്ചിക പരാതി നല്‍കിയിരുന്നില്ല.
യുഎഇയില്‍ എവിടെയും കേസില്ലാത്ത സാഹചര്യത്തിലാണ് വൈഭവിയുടെ മൃതദേഹം പിതാവിന് വിട്ടു കൊടുക്കാന്‍ കോടതി തീരുമാനിച്ചത്. ഇത്രയും പീഡനം സഹിച്ചിട്ടും നിതീഷിനോടുള്ള സ്‌നേഹം കാരണമാണ് മകള്‍ കേസ് കൊടുക്കാതിരുന്നതെന്ന് ഷൈലജ പറഞ്ഞു. വിപഞ്ചികയുടെ സഹോദരനും ദുബായിലെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates