

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറില്‍ കയറിക്കൂടിയ പാമ്പിനെ പിടികൂടിയത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍. അതിനിടെ സ്കൂട്ടറില്‍ ഒളിച്ചിരുന്ന പാമ്പിനെ പുറത്ത് എത്തിക്കാന്‍ വെളുത്തുള്ളി, മണ്ണെണ്ണ പ്രയോഗങ്ങൾ നടത്തിയെങ്കിലും പുറത്തുവന്നില്ല. ഒരു ഘട്ടത്തില്‍ പാമ്പ് പോയി കാണും എന്ന് വരെ കരുതി. എന്നാല്‍ സ്കൂട്ടര്‍ ഉടമ ശരത് വണ്ടിയില്‍ പാമ്പ് ഉണ്ട് എന്ന വിശ്വാസത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ ഒരിക്കല്‍ക്കൂടി സീറ്റ് തുറന്നു നോക്കിയപ്പോഴാണ് സീറ്റ് ലോക്കിന് അടിയില്‍ പാമ്പിന്റെ തല കണ്ടെത്തിയത്. ആറരമണിക്കൂര്‍ നീണ്ട ആശങ്കക്കൊടുവില്‍ പാമ്പിനെ പിടികൂടുകയായിരുന്നു.
തിമില കലാകാരനായ ചേലക്കര സ്വദേശി വില്ലേടത്തു പറമ്പില്‍ ശരത് കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് ഗുരുവായൂരില്‍ എത്തിയത്. പടിഞ്ഞാറേ നടയില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തിലേക്ക് പോയി. നിര്‍മ്മാല്യം കുളിച്ചു തൊഴുത് പുലര്‍ച്ചെ നാലുമണിയോടെ സ്കൂട്ടറിന് അരികില്‍ എത്തി. ഈറന്‍ മാറാന്‍ സീറ്റ് തുറന്നു വസ്ത്രങ്ങള്‍ എടുക്കുമ്പോഴാണ് സീറ്റിനു മുകളില്‍ പാമ്പിനെ കണ്ടത്.
സീറ്റിന്റെ അടിവശത്താണ് ശരത് പിടിച്ചിരുന്നത്. മുകള്‍വശത്തായിരുന്നെങ്കില്‍ പാമ്പിന്റെ കടിയേല്‍ക്കുമായിരുന്നുവെന്ന് ശരത് പറയുന്നു. നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശരത് തൊട്ടടുത്തുള്ള ഫയര്‍ ഫോഴ്സ് ഓഫീസിലെത്തി വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉടനെ സിവില്‍ ഡിഫന്‍സ് അംഗവും സ്നേക്ക് റെസ്ക്യൂ വളണ്ടിയറുമായ പ്രബീഷിനെ വിളിച്ചു വരുത്തി.
പ്രബീഷിന്റെ നേതൃത്വത്തില്‍ ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ പിടി കൂടാനായില്ല. വിവരമറിഞ്ഞ് ജനം തടിച്ചു കൂടിയതോടെ പൊലീസും സ്ഥലത്തെത്തി. ഒടുവില്‍ മെക്കാനിക്കിനെ കൊണ്ടുവന്നു സ്കൂട്ടര്‍ മുഴുവന്‍ അഴിച്ച് അരിച്ചുപെറുക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പാമ്പ് രക്ഷപ്പെട്ടിരിക്കാമെന്ന് എല്ലാവരും പറഞ്ഞെങ്കിലും ശരത് വിശ്വസിക്കാന്‍ തയ്യാറായില്ല. ശരത്തിനെ വിശ്വസിപ്പിക്കാന്‍ ചിലര്‍ വെളുത്തുള്ളി ചതച്ചു കലക്കി സ്കൂട്ടറിനുള്ളില്‍ തളിച്ചു. എങ്കിലും പാമ്പ് സ്കൂട്ടറിനുള്ളില്‍ തന്നെയുണ്ടെന്നായിരുന്നു ശരത്തിന്റെ ഉറപ്പ്. മണ്ണെണ്ണയും പരീക്ഷിച്ചുനോക്കി. എന്തു പറഞ്ഞാലും ഈ സ്കൂട്ടറുമായി വീട്ടിലേക്ക് പോകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ശരത്. ഒടുവില്‍ സര്‍വീസ് സ്റ്റേഷനില്‍ കൊണ്ടുപോയി വാട്ടര്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. അപ്പോഴും ശരത് സ്കൂട്ടര്‍ ഓടിക്കാന്‍ തയ്യാറായില്ല. പ്രബീഷ് സ്കൂട്ടറുമായി ഒന്ന് കറങ്ങി തിരിച്ചെത്തി. ധൈര്യമായി പോകാന്‍ പറഞ്ഞു സ്കൂട്ടര്‍ കൈമാറിയെങ്കിലും ശരത് സ്വീകരിക്കാന്‍ തയ്യാറായില്ല.
വീണ്ടും ഒരിക്കല്‍ക്കൂടി സീറ്റ് തുറന്നു നോക്കിയപ്പോഴാണ് സീറ്റ് ലോക്കിന് അടിയില്‍ പാമ്പിന്റെ തല. ആറരമണിക്കൂര്‍ നീണ്ട ആശങ്കക്കൊടുവില്‍ പത്തരയോടെ പാമ്പിനെ പിടികൂടി. രണ്ടര അടി നീളമുള്ള അണലിയാണ് വലയിലായത്. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഒന്നു മാത്രമാണ് പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ശരത് കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates