

കൊച്ചി: നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ കുട്ടനാടിന് വിഷുക്കൈനീട്ടമായി സൗജന്യ ശുദ്ധജലപദ്ധതി സമ്മാനിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിതീര്‍ത്ഥം പദ്ധതിയുടെ ഭാഗമായി, കുട്ടനാട്ടിലെ ശുദ്ധജല ക്ഷാമം നേരിടുന്ന, കണ്ടങ്കരി, മുരിക്കോല്‍മുട്ട്, നെടുമുടി വാര്‍ഡുകളിലെ 1000ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 3 സോളാര്‍ ഓട്ടോമേറ്റഡ് ആര്‍ഒ പ്ലാന്റുകളുടെ പ്രവര്‍ത്തനം ഏപ്രില്‍ 14നു ആരംഭിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഈ സംരംഭം വഴി ഓരോ കുടുംബത്തിനും ദിവസേന 20 ലിറ്റര്‍ വെച്ച് നാലായിരത്തോളം പേര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭിക്കും. മണിക്കൂറില്‍ 500 ലിറ്റര്‍ ശുദ്ധജലം ലഭ്യമാക്കുന്നതാണ് പ്ലാന്റ്.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം വൈകീട്ട് 4 മണിക്ക് വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ മേജര്‍ രവി നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ സജീവ് സോമന്‍, സ്മിത നായര്‍, എസ്ബിഐ റീജിയണല്‍ മാനേജര്‍ സുജിത് എസ്ആര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ലാല്‍ വിഡിയോ മെസേജിലൂടെ സംബന്ധിച്ചു.
ജീവകാരുണ്യ, സാമൂഹിക, വിദ്യാഭ്യാസ, പാരിസ്ഥിതിക മേഖലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. കുട്ടനാട്ടില്‍ത്തന്നെ ഇതിന് മുമ്പും സോളാര്‍ ഓട്ടോമേറ്റഡ് ആര്‍ഒ പ്ലാന്റുകള്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. 2023ല്‍ കുട്ടനാട്ടിലെ എടത്വാ പഞ്ചായത്തില്‍ 500 കുടുംബങ്ങള്‍ക്കായി മണിക്കൂറില്‍ 2000 ലിറ്റര്‍ ശുദ്ധജലം ഉത്പാദിപ്പിക്കുന്ന പ്ലാന്റും ഫൗണ്ടേഷന്‍ കുട്ടനാടിനായി സമര്‍പ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates