കൊല്ലം: ഗാർഹിക പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ വഴിത്തിരിവ്. കേസിലെ പ്രതിയായ ഭർത്താവ് കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് ഇന്ന് സദാശിവൻ പിള്ള കോടതിയിൽ മൊഴി നൽകി.
ആത്മഹത്യാ കുറിപ്പ് വീട്ടിലെത്തിയ ഒരു പൊലീസുകാരന് താൻ കൈമാറിയെന്ന് സദാശിവൻ പിള്ള കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി. ഇതോടെയാണ് സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്.
നേരത്തെ വിസ്മയയുടെ മരണ സമയത്ത് പൊലീസിന് നൽകിയ മൊഴിയിലോ മാധ്യമങ്ങളോടോ ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് സദാശിവൻ പിള്ള പറഞ്ഞിരുന്നില്ല. ഇതോടൊപ്പം, ശബ്ദം കേട്ടെത്തിയപ്പോൾ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നും വിശദീകരിച്ചിരുന്നു. എന്നാലിപ്പോൾ ആത്മഹത്യാ കുറിപ്പ് പൊലീസിന് കൈമാറിയെന്നാണ് മൊഴി നൽകിയത്. ഈ സാഹചര്യത്തിൽ, പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃ ഗൃഹത്തിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ ഇപ്പോഴും ജയിലിലാണ്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
കേസിൽ 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates