

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നേരിട്ട മാനസിക പീഡനങ്ങളെ തുടർന്ന് വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗൺസലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്ന് പൊലീസ്. അസി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്ന് എന്നതിന് തെളിവ് കൗൺസലിങ് വിദഗ്ധനിൽ നിന്നും പൊലീസിന് ലഭിച്ചു.
കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നത് ഉൾപ്പെടെയുള്ള ആശങ്കകൾ വിസ്മയ പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗൺസലിങ് വിദഗ്ധൻ പൊലീസിനു കൈമാറി. താൻ നേരിടുന്ന നിരന്തര പീഡനങ്ങളെ കുറിച്ച് അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പറഞ്ഞിരുന്നു. ഇവരിൽ നിന്നെല്ലാം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വിസ്മയ മരിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. എന്നാൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം പൊലീസിനെ തുടക്കം മുതൽ കുഴക്കുന്നുണ്ട്.
ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ഇതും ദുരൂഹതകൾ വർധിപ്പിക്കുന്നു. കിരണിന്റെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻമാർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് അന്വേഷണസംഘം നിർദേശിച്ചിട്ടുണ്ട്. വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates