

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍, ഇപ്പോൾ മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി നിയമിതനായ രത്തന്‍ കേല്‍ക്കറിന്റെ നടപടിയും കാരണമായെന്ന് വെളിപ്പെടുത്തല്‍. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ടാസ്‌ക് ഫോഴ്‌സ് തലവനായിരുന്ന കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ വിഎസിനൊപ്പം എന്റെ ദിനങ്ങള്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രത്തന്‍ യു കേല്‍ക്കര്‍ അന്ന് ദേവികുളം സബ് കലക്ടര്‍ ആയിരുന്നുവെന്നും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു.
കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കപ്പെട്ടതില്‍ മുന്‍ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍, മുന്‍ വനംമന്ത്രി ബിനോയ് വിശ്വം, സിപിഎം നേതാക്കളായ എം എം മണി, എസ് രാജേന്ദ്രന്‍ എന്നിവരുടെ പങ്കിനെയും പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അന്നത്തെ സബ് കലക്ടര്‍മാരായ രത്തന്‍ യു. കേല്‍ക്കര്‍, മോഹന്‍ദാസ് എന്നിവരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ടാസ്‌ക് ഫോഴ്സുകള്‍ (പ്രത്യേക സംഘങ്ങള്‍) തന്റെ കീഴിലുള്ള പ്രത്യേക ഓഫീസിന്റെ ഭാഗമായിരുന്നു. അവര്‍ ചെറിയ കുടിലുകളില്‍ താമസിക്കുന്നവര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും ഭൂമി സംബന്ധമായ രേഖകള്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. അതുവഴി പ്രദേശവാസികള്‍ക്കിടയില്‍ ഭീതി പടര്‍ത്തിയെന്ന് സുരേഷ് കുമാര്‍ പുസ്തകത്തില്‍ പറയുന്നു.
അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ രഹസ്യ നിര്‍ദേശപ്രകാരമാണ് ഇത് നടപ്പാക്കിയത്. ഈ നടപടികള്‍ ഒഴിപ്പിക്കല്‍ പ്രക്രിയയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന്, ഈ ടാസ്‌ക് ഫോഴ്സുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഞാന്‍ നിവേദിത ഹരനോട് ആവശ്യപ്പെട്ടു. സുരേഷ് കുമാര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തി. 'ഒന്നും മറച്ചുവെക്കാതെ ഒരു പുസ്തകം എഴുതാനും എല്ലാം പൊതുജനങ്ങളെ അറിയിക്കാനും വി എസ് അച്യുതാനന്ദനാണ് ഉപദേശിച്ചതെന്നും സുരേഷ് കുമാര്‍ പറയുന്നു.
സിപിഎം സെക്രട്ടേറിയറ്റ് യോഗം 'ഒപ്പന'യ്ക്ക് തുല്യം
സിപിഎം സെക്രട്ടേറിയറ്റ് യോഗങ്ങളെ മുസ്ലിം സമുദായത്തിലെ ഒപ്പനയോടാണ് വി എസ് അച്യുതാനന്ദന്‍ ഉപമിച്ചിരുന്നതെന്ന് സുരേഷ് പുസ്തകത്തില്‍ പറയുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ലോട്ടറികള്‍ക്കെതിരായ സുപ്രീം കോടതി കേസുകളുമായി ബന്ധപ്പെട്ട് അവലോകന യോഗം വിളിച്ചതിന് അന്ന്, മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദനോട് ധനമന്ത്രി ഡോ. തോമസ് ഐസക്ക് രോഷം പ്രകടിപ്പിച്ചു. അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ഐസക്ക് യോഗത്തില്‍ പങ്കെടുത്തില്ല, തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല.
പിന്നീട്, തന്റെ കീഴിലുള്ള ലോട്ടറി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടതിന് സെക്രട്ടേറിയറ്റ് യോഗത്തില്‍ തോമസ് ഐസക് തന്നെ രൂക്ഷമായി വിമര്‍ശിച്ചുവെന്ന് വി എസ് അച്യുതാനന്ദന്‍ സുരേഷ് കുമാറിനോട് പറഞ്ഞു. സെക്രട്ടേറിയറ്റ് യോഗത്തിലെ തോമസ് ഐസക്കിന്റെ പരുഷമായ ഭാഷയില്‍ വി എസിനെ വേദനിപ്പിച്ചുവെന്ന് സുരേഷ് കുമാര്‍ പറയുന്നു. വിഎസിനൊപ്പം എന്റെ ദിനങ്ങള്‍ എന്ന പേരിലുള്ള സുരേഷ് കുമാറിന്റെ പുസ്തകം ജൂണ്‍ ആറിന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പ്രകാശനം ചെയ്യും. ഹൈക്കോടതി മുന്‍ ജഡ്ജി കെ കെമാല്‍പാഷയാണ് പുസ്തകം ഏറ്റു വാങ്ങുന്നത്.
ലോട്ടറി ഡയറക്ടറായിരുന്ന സുരേഷിന്റെ കാലാവധി, വി.എസിന്റെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന കാലയളവ്, മൂന്നാര്‍ ഒഴിപ്പിക്കല്‍ വേളയില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്ക് എന്നിവ ഉള്‍ക്കൊള്ളുന്ന എട്ട് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. 'ഇതൊരു ആത്മാര്‍ത്ഥവും സത്യസന്ധവുമായ ഓര്‍മ്മക്കുറിപ്പാണ്. വി.എസിനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള എന്റെ അനുഭവങ്ങളെക്കുറിച്ച് എഴുതാന്‍ എന്റെ പരേതനായ പിതാവ് എന്നോട് ആവശ്യപ്പെട്ടതിനാലാണ് ഞാന്‍ പുസ്തകം എഴുതാന്‍ തീരുമാനിച്ചത്.' എന്നും സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു.
ലാവലിന്‍ വിവാദത്തില്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ താനും വിഎസിന്റെ മുന്‍ ഐ.ടി ഉപദേശകന്‍ ജോസഫ് സി. മാത്യുവും ചേര്‍ന്നാണ് അച്യുതാനന്ദന് വേണ്ടിയുള്ള കത്തുകള്‍ തയ്യാറാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ''അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം, ലാവലിന്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 2005 ജൂലൈ 25-ന് വി.എസ് പോളിറ്റ്ബ്യൂറോയ്ക്ക് കത്തെഴുതി. ആ കത്ത് തയ്യാറാക്കിയത് ജോസഫ് സി. മാത്യുവായിരുന്നു. എന്നാല്‍ സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിന് ശേഷം ആവശ്യമെങ്കില്‍ പാര്‍ട്ടി ഈ കാര്യം പരിഗണിക്കുമെന്നാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞത്. റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചതിന് ശേഷം, ജോസഫ് സി. മാത്യുവും കെ.എം. ഷാജഹാനും വീട്ടില്‍ വരികയും പോളിറ്റ്ബ്യൂറോയ്ക്ക് സമര്‍പ്പിക്കാന്‍ മറ്റൊരു കത്ത് കൂടി തയ്യാറാക്കണമെന്ന വി.എസിന്റെ സന്ദേശം എന്നെ അറിയിച്ചു''. സുരേഷ് കുമാര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates