

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍ . ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. ഇതിനിടെ വിയോജനക്കുറിപ്പുമായി പ്രതിപക്ഷം രംഗതെത്തി. മുൻ ധനമന്ത്രി കെ എൻ ബാലഗോപാലാണ് വിയോജനക്കുറിപ്പ് നൽകിയത്.
സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പുറത്തുപോകുന്നത് ഭരണഘടനാ വിരുദ്ധവും ചട്ടലംഘനവുമാണെന്ന് ഇതുസംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്നത്തിൽ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ധവളപത്രം തയ്യാറാക്കുന്നതിന് ഒരു മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയാതായാണ് മുഖ്യമന്ത്രി മുന്‍പ് അറിയിച്ചിട്ടുള്ളത്. ഈ മൂന്ന് പേരും സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ളവരാണ്. ഇതിന് മുന്‍പ് ഈ സഭയില്‍ സമര്‍പ്പിച്ച ധവളപത്രങ്ങള്‍ ധനകാര്യ വകുപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. അതാണ് കീഴ്വഴക്കം. എന്നാല്‍ ധനകാര്യ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി ബാഹ്യ സംവിധാനം ഏര്‍പ്പെടുത്തിയാണ് ഇത്തരത്തിലൊരു രേഖ തയ്യാറാക്കി സഭയില്‍ വയ്ക്കുന്നത്. ഇത് ഒരു ഔദ്യോഗിക രേഖയല്ല. ഇതിന് നിയമപരമായ ഒരു പിന്‍ബലമില്ല. ഈ സഭ അങ്ങനെ ഒരു രേഖ ഉണ്ടാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. സര്‍ക്കാര്‍ വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ പാലിക്കാതെ രഹസ്യസ്വഭാവമുള്ള ധനകാര്യ വകുപ്പിന്‍റെ രേഖകള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തവരെ ഏല്‍പ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതുസംബന്ധിച്ച് സ്പീക്കറുടെ റൂളിംഗ് പ്രതീക്ഷിക്കുന്നതായും ക്രമപ്രശ്നത്തിൽ പറയുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തെ സര്‍ക്കാരിന്റെ വരുമാന ചോര്‍ച്ചയും ധൂര്‍ത്തും ധവളപത്രത്തില്‍ ഇടംപിടിക്കുമെന്നാണ് സൂചന. കിഫ്ബി ഉണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യത, നികുതി പിരിവിലെ പ്രശ്‌നങ്ങള്‍, കേന്ദ്രത്തില്‍ നിന്ന് പല ഇനങ്ങളിലായി ലഭിച്ചിട്ടുള്ള തുക, ഇതിന്റെ ചെലവഴിക്കല്‍, വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും വിശദമായി പ്രതിപാദിച്ചേക്കും. സര്‍ക്കാര്‍ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്ഥയും വ്യക്തമാക്കും.
സംസ്ഥാനത്തിന്റെ നിലവിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം വരുന്നുണ്ടെന്നും അതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വീഴ്ചകള്‍ക്കുള്ള കൃത്യമായ മറുപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ സഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് മുമ്പ് എന്ത് കിട്ടി, ഇപ്പോള്‍ എന്ത് കിട്ടുന്നില്ല എന്നതിനെക്കുറിച്ചെല്ലാം ധവളപത്രത്തില്‍ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ധവളപത്രം എന്ന ഉമ്മാക്കി കാണിച്ച് തങ്ങളുടെ വായടപ്പിക്കാന്‍ നോക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. ധവളപത്രം വരുമ്പോള്‍ അതിന് പറയേണ്ട മറുപടി ആ ഘട്ടത്തില്‍ കൃത്യമായി പറയുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് അവസാനിക്കും. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി വിഡി സതീശന്‍ മറുപടി പറയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates