

തിരുവനന്തപുരം: പ്രിയപ്പെട്ട സമരനായകനും കേരളത്തിന്റെ കാവാലാളുമായിരുന്ന വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ വിലാപയാത്ര കടന്നുപോകുന്ന വഴികളില്‍ ജനസഹസ്രങ്ങള്‍ രാത്രി ഏറെ വൈകിയും റോഡിന്റെ ഇരു വശങ്ങളിലും വി എസിന്റെ വരവിനായി കാത്തു നില്‍ക്കുകയാണ് ആള്‍ക്കടല്‍. വിഎസ് പകര്‍ന്നു നല്‍കിയ പോരാട്ട വീര്യത്തിന്റെ, സമരോജ്വലമായ ജീവിതത്തിന്റെ പ്രതിഫലനമാണ് വഴിയരുകില്‍ കാത്തുനില്‍ക്കുന്ന ഈ ജനസഞ്ചയം.
നാടിന്റെ മുഴുവന്‍ ഹൃദയവും കവര്‍ന്നെടുത്താണ് സമര മുദ്രകള്‍ പതിഞ്ഞ വീഥികളിലൂടെ വിഎസ്സിന്റെ വിലാപയാത്ര നീങ്ങുന്നത്. പതിറ്റാണ്ടുകളോളം വി എസ് കര്‍മഭൂമിയാക്കിയ സെക്രട്ടേറിയറ്റും നിയമസഭയുമെല്ലാം പിന്നിടാനെടുത്തത് മണിക്കൂറുകളാണ്. എട്ടുമണിക്കൂറിനിടെ പിന്നിട്ടത്് ഇരുപത്തിയഞ്ച് കിലോമീറ്ററുകളാണ്. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് വിഎസിന് അന്തിമോപചാരം അര്‍പ്പിക്കാനായി വഴിയിലുടനീളം കാത്തുനില്‍ക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക.
പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് നാലുമണിയോടെ വലിയചുടുകാട്ടിലാണ് സംസ്‌കാരം.
കൊല്ലം ജില്ലയില്‍ പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാന്‍ഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.ആലപ്പുഴയില്‍ കെ പി എ സി ജങ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates