

ആലപ്പുഴ: വിപ്ലവ പ്രസ്ഥാനത്തിന്റെ അമരനായകന്‍ സഖാവ് വിഎസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ നിത്യനിദ്ര കൊള്ളുന്ന ചോരമണം മാറാത്ത വലിയ ചുടുകാട്ടിലെ മണ്ണില്‍ വിഎസ് അലിഞ്ഞുചേര്‍ന്നു. മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. വിഎസിനെ അവസാനമായി യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ആലപ്പുഴയിലെത്തിയത്. പാതയോരങ്ങളില്‍ ജനലക്ഷങ്ങള്‍ സ്‌നേഹപ്പൂക്കള്‍ അര്‍പ്പിച്ചു. സമാനതകളില്ലാത്ത വിലാപയാത്രയില്‍ കേരളം തേങ്ങി; കണ്ണേ...കരളേ വിഎസ്സേ..
വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴയിലെ ഡിസി ഓഫിസിലും ബീച്ചിനു സമീപത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും എത്തിയപ്പോള്‍ ലക്ഷങ്ങളാണ് കാണാനെത്തിയത്. പ്രിയനേതാവിന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപ യാത്രയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജനം ഒഴുകിയെത്തിയതോടെ ആലപ്പുഴ നിശ്ചലമായി. പാതയോരങ്ങളില്‍ അവര്‍ മനുഷ്യക്കോട്ടകള്‍ തീര്‍ത്തു. ഇടിമുഴക്കത്തിന്റെ ഉച്ചത്തില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. പൊരുതാന്‍ ഊര്‍ജമേറ്റുവാങ്ങി മടങ്ങി.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തുനിന്നാരംഭിച്ച വിലാപയാത്ര ഇന്നു രാവിലെ ഏഴു മണിയോടെയാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. ജില്ലയിലെ ഓരോ കേന്ദ്രത്തിലും വലിയ ജനക്കൂട്ടമാണ് പ്രിയപ്പെട്ട വിഎസിനെ അവസാനമായി കാണാന്‍ കാത്തുനിന്നത്. രമേശ് ചെന്നിത്തലയും ജി.സുധാകരനും അടക്കമുള്ള തലമുതിര്‍ന്ന നേതാക്കള്‍ വിഎസിനു വേണ്ടി കാത്തുനിന്നു. ഇടയ്ക്കിടെ ചാറിയും കനത്തും പെയ്ത മഴയെ കാര്യമാക്കാതെ വഴിയോരങ്ങള്‍ ആളുകളെക്കൊണ്ടു നിറഞ്ഞു.
ഉച്ചയ്ക്ക് 12. 15 ഓടെയാണ് ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിയത്. കുടുംബാംഗങ്ങള്‍ മാത്രമായി പത്തു മിനിറ്റ് സമയം. പിന്നെ പൊതുദര്‍ശനം തുടങ്ങി. ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ നിര നാലു കിലോമീറ്ററോളം നീണ്ടു. കനത്ത മഴയിലും, ഉള്ളുപൊള്ളുന്ന സങ്കടത്തോടെ അവര്‍ പ്രിയ സഖാവിന് അവസാനത്തെ അഭിവാദ്യമര്‍പ്പിച്ചു. 2.40 ഓടെ വീട്ടിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഭൗതിക ശരീരം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക്. ഏറെക്കാലം വിഎസിന്റെ രണ്ടാംവീടായിരുന്ന ഡിസി ഓഫിസ് പ്രിയനേതാവിനെ അവസാനമായി സ്വീകരിച്ചു. പാര്‍ട്ടി നേതാക്കള്‍ മാത്രമായിരിക്കും അവിടെ അന്ത്യാഭിവാദ്യമര്‍പ്പിക്കുക എന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിഎസിന് ആദരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
നാലേമുക്കാലോടെ ഡിസിയില്‍നിന്ന് വിലാപയാത്ര റിക്രിയേഷന്‍ മൈതാനത്തേക്കു നീങ്ങി. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള പ്രവര്‍ത്തകരും സാധാരണക്കാരുമടക്കം അവിടെ കാത്തുനിന്നത് പതിനായിരങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ.ബേബി, മന്ത്രിമാര്‍ എന്നിവരടക്കമുള്ള നേതൃനിര അവിടെ പൊതുദര്‍ശനത്തിനു നേതൃത്വം നല്‍കി. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates