

തൃശൂര്‍: ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കരുവന്നൂര്‍ ബാങ്ക് കുംഭകോണമടക്കമുള്ള വിവിധ ബാങ്ക് തട്ടിപ്പുകളും തൃശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. സുരേഷ് ഗോപിക്ക് തൃശൂര്‍ എടുത്തുകൊടുക്കാനുള്ള സിജെപി പാക്കേജിന്റെ ഭാഗമായിരുന്നു പൂരം കലക്കലിനും വോട്ടര്‍ പട്ടിക കൃത്രിമത്തിനുമൊപ്പം ഈ അഴിമതി അന്വേഷണ അട്ടിമറിയും. സിപിഎമ്മിന്റേയും ബിജെപിയുടേയും ഉന്നത നേതാക്കളുടെ അറിവിലും ഒത്താശയിലുമാണ് ഇക്കാര്യങ്ങളെല്ലാം നടന്നതെന്നും വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'നാലഞ്ച് വര്‍ഷം മുന്‍പ് നടന്ന ഫോണ്‍ സംഭാഷണമാണ് ഇതെന്ന് പറഞ്ഞൊഴിയുകയാണ് ഇപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവ്. എന്നാല്‍ കരുവന്നൂര്‍ അടക്കമുള്ള തൃശൂരിലെ സഹകരണ ബാങ്ക് കുംഭകോണങ്ങളും ഏതാണ്ട് അതേ കാലത്ത് തന്നെയാണ് നടന്നതെന്ന് ഓര്‍ക്കണം. കരുവന്നൂര്‍ ബാങ്ക് കുംഭകോണത്തേക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര ഏജന്‍സി അതിന്റെ തുടര്‍ച്ചയായി സിപിഎം നിയന്ത്രണത്തിലുള്ള മറ്റ് പന്ത്രണ്ടോളം ബാങ്കുകളിലെ തട്ടിപ്പിനേക്കുറിച്ചും അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതില്‍ നിന്നെല്ലാം കേന്ദ്ര ഏജന്‍സിയായ ഇ.ഡി. പിന്‍വലിഞ്ഞതാണ് നാം കണ്ടത്. കരുവന്നൂര്‍ ബാങ്ക് കേസില്‍ മാത്രമാണ് ഇ.ഡി. കുറ്റപത്രം നല്‍കിയത്. സിപിഎം നേതാക്കളുടെ വ്യക്തിപരമായ ബാധ്യത ഒഴിവാക്കിക്കൊടുക്കുന്ന രീതിയിലാണ് ഇപ്പോള്‍ കേസ് മുന്നോട്ടുപോവുന്നത്'-കുറിപ്പില്‍ പറയുന്നു.
തനിക്ക് കോടികളുടെ ആസ്തിയുണ്ടെന്ന ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ സംഭാഷണത്തില്‍ എംകെ കണ്ണന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.ഒരു ബാങ്കിലും തനിക്ക് അക്കൗണ്ടില്‍ നൂറ് രൂപയില്‍ കൂടുതല്‍ ഇല്ല. ഇഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താനായിട്ടില്ല, അവര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണോ നിങ്ങള്‍ കാണുന്നതെന്നും എംകെ കണ്ണന്‍ ചോദിച്ചു.
തനിക്കെതിരായ ആരോപണത്തെ ഗൗരവമായി കാണുന്നില്ലെന്ന് എംകെ കണ്ണന്‍ പറഞ്ഞു. ഇഡി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു നൂറ് രൂപയില്‍ കൂടുതല്‍ എനിക്ക് ഒരു ബാങ്കിലും ഇല്ല, ശരത് പറഞ്ഞത് താന്‍ പറഞ്ഞിട്ടില്ലെന്നാണ്. അഞ്ച് വര്‍ഷം മുന്‍പ് രാത്രി സംഭാഷണം നടത്തിയിട്ടുണ്ട്. ഇപ്പോ ഇത് പറയുന്നത് ആരാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവനാണ് ശബ്ദരേഖ പുറത്തുവിട്ടത്. രാത്രി എന്തെല്ലാം സ്വപ്‌നങ്ങള്‍ ആളുകള്‍ കാണുന്നുണ്ട്. ഇഡി അന്വേഷിച്ചിട്ട് നയാപൈസ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ അന്‍പത് കൊല്ലത്തെ തന്റെ എല്ലാ അക്കൗണ്ടുകളും ബന്ധുക്കളുടെ അക്കൗണ്ടുകളും ഉള്‍പ്പടെ പരിശോധിച്ചു. എന്നിട്ടും ഇഡിക്ക് എന്റെ പേരില്‍ കുറ്റപത്രം നല്‍കാനായില്ല' കണ്ണന്‍ പറഞ്ഞു.
സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമാണ് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖയിലുള്ളത്. എംകെ കണ്ണന്‍, എസി മൊയ്തീന്‍ തുടങ്ങിയവര്‍ അടക്കമുള്ള നേതാക്കള്‍ക്ക് വലിയ സാമ്പത്തിക സ്വാധീനമുണ്ടെന്നും ഒരു ഘട്ടം കഴിഞ്ഞാല്‍ നേതാക്കള്‍ സാമ്പത്തികമായി മുന്നേറുമെന്നും ശരത് സംഭാഷണത്തില്‍ പറയുന്നു.
'സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തില്‍ ആര്‍ക്കാണ് സാമ്പത്തിക പ്രശ്‌നങ്ങളുള്ളത്. ഒരുഘട്ടം കഴിഞ്ഞാല്‍ നേതാക്കളെല്ലാം കാശുകാരാകും. നമ്മളൊക്കെ എസ്എഫ്‌ഐ കാലത്ത് പിരിവുനടത്തിയാല്‍ പരമാവധി 5,000 രൂപ കിട്ടും. ജില്ലാ ഭാരവാഹിയായാല്‍ അത് 25,000 ആകും. പാര്‍ട്ടി കമ്മിറ്റിക്കാരായാല്‍ അത് 75,000, ഒരു ലക്ഷം വരെയാകും. എംകെ കണ്ണന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. റൗണ്ടില്‍ കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ആളാണ് എംകെ കണ്ണന്‍. രാഷ്ട്രീയത്തിലൂടെ രക്ഷപ്പെട്ടയാളാണ് അദ്ദേഹം. എസി മൊയ്തീനൊക്കെ വലിയ ആളുകളുടെ ഇടയില്‍ ഡീലിങ് നടത്തുന്നയാളാണ്.' ശരത് പ്രസാദ് പറയുന്നു.
വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
'തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്ന കണ്ണേട്ടനൊക്കെ ഇപ്പോ കോടാനുകോടി ആസ്തിയുണ്ട്.' ...
'എ.സി.മൊയ്തീനൊക്കെ കോടികളുടെ ഡീലിംഗുകളാണ് നടത്തുന്നത്'...
ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് പേരെടുത്ത് പറയുന്ന സിപിഎം നേതാക്കള്‍ മുന്‍ മന്ത്രി എ.സി.മൊയ്തീന്‍ എംഎല്‍എ, എം.കെ.കണ്ണന്‍ എക്‌സ് എംഎല്‍എ , കൗണ്‍സിലര്‍ വര്‍ഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ്, എന്നിങ്ങനെ ഏതാണ്ടെല്ലാവരും കരുവന്നൂര്‍ ബാങ്ക് അടക്കമുള്ള വിവിധ സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാണ്.
നാലഞ്ച് വര്‍ഷം മുന്‍പ് നടന്ന ഫോണ്‍ സംഭാഷണമാണ് ഇതെന്ന് പറഞ്ഞൊഴിയുകയാണ് ഇപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവ്. എന്നാല്‍ കരുവന്നൂര്‍ അടക്കമുള്ള തൃശൂരിലെ സഹകരണ ബാങ്ക് കുംഭകോണങ്ങളും ഏതാണ്ട് അതേ കാലത്ത് തന്നെയാണ് നടന്നതെന്ന് ഓര്‍ക്കണം. കരുവന്നൂര്‍ ബാങ്ക് കുംഭകോണത്തേക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര ഏജന്‍സി അതിന്റെ തുടര്‍ച്ചയായി സിപിഎം നിയന്ത്രണത്തിലുള്ള മറ്റ് പന്ത്രണ്ടോളം ബാങ്കുകളിലെ തട്ടിപ്പിനേക്കുറിച്ചും അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതില്‍ നിന്നെല്ലാം കേന്ദ്ര ഏജന്‍സിയായ ഇ.ഡി. പിന്‍വലിഞ്ഞതാണ് നാം കണ്ടത്. കരുവന്നൂര്‍ ബാങ്ക് കേസില്‍ മാത്രമാണ് ഇ.ഡി. കുറ്റപത്രം നല്‍കിയത്. സിപിഎം നേതാക്കളുടെ വ്യക്തിപരമായ ബാധ്യത ഒഴിവാക്കിക്കൊടുക്കുന്ന രീതിയിലാണ് ഇപ്പോള്‍ കേസ് മുന്നോട്ടുപോവുന്നത്.
സുരേഷ് ഗോപിക്ക് തൃശൂര്‍ എടുത്തുകൊടുക്കാനുള്ള സി.ജെ.പി. പാക്കേജിന്റെ ഭാഗമായിരുന്നു പൂരം കലക്കലിനും വോട്ടര്‍ പട്ടിക കൃത്രിമത്തിനുമൊപ്പം ഈ അഴിമതി അന്വേഷണ അട്ടിമറിയും. സിപിഎമ്മിന്റേയും ബിജെപിയുടേയും ഉന്നത നേതാക്കളുടെ അറിവിലും ഒത്താശയിലുമാണ് ഇക്കാര്യങ്ങളെല്ലാം നടന്നത്.
DYFI ജില്ലാ സെക്രട്ടറിയുടെ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കരുവന്നൂര്‍ ബാങ്ക് കുംഭകോണമടക്കമുള്ള വിവിധ ബാങ്ക് തട്ടിപ്പുകളും തൃശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും ഊര്‍ജ്ജിതവും സത്യസന്ധവുമായ പുനരന്വേഷണത്തിന് വിധേയമാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
