

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ശക്തമായ മഴ. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും ചൂരല്‍മലയുമായി ബന്ധിപ്പിച്ച് കൊണ്ട് സൈന്യം പാലം പണി തുടരുകയാണ്. കഴിഞ്ഞദിവസം സൈന്യം പണിത നടപ്പാലം മുണ്ടക്കൈ പുഴയിലെ കുത്തൊഴുക്കില്‍ മുങ്ങിയിരുന്നു. മഴയിലും യന്ത്ര സഹായത്തോടെയുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചില്‍ നടക്കുന്നത്.
ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. നാളെ രാവിലെ പുനരാരംഭിക്കും. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച 11.30 ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. 9 മന്ത്രിമാര്‍ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവര്‍ത്തനം ഏകോപിപ്പിക്കും. കണ്‍ട്രോള്‍ റൂമുകളില്‍ മന്ത്രിമാര്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കി. കൂടുതല്‍ ഫൊറന്‍സിക് ഡോക്ടര്‍മാരെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി പോകണമെന്നു കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
തിരച്ചിലില്‍ കണ്ടെടുത്ത മൃതദേഹങ്ങളും നിലമ്പൂര്‍ മേഖലയില്‍ പുഴയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളും മേപ്പാടിയിലെ ആശുപത്രിയിലേക്കാണ് എത്തിക്കുന്നത്. ഇവിടെ വെച്ചാണ് ബന്ധുക്കള്‍ക്ക് ഉറ്റവരുടെ ശരീരം തിരിച്ചറിയാനുള്ള അവസരമൊരുക്കുന്നത്.
വയനാട് ചുരം വഴി ഭാരവാഹനങ്ങള്‍ കടന്നുപോകുന്നത് നിരോധിച്ചിട്ടുണ്ട്. ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അടിവാരത്ത് പൊലീസ് തടയുന്നുണ്ട്. എന്നാല്‍, കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസ് സര്‍വിസിന് തടസ്സമില്ല. ചൂണ്ടല്‍-മേപ്പാടി റൂട്ടില്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. ഇവിടെ, ആംബുലന്‍സുകള്‍ക്ക് മാത്രം കടന്നുപോകാന്‍ വഴിയൊരുക്കിയിരിക്കുകയാണ്. മേപ്പാടി നിന്ന് അപകടമേഖലയിലേക്കും രക്ഷാപ്രവര്‍ത്തകരെയും ആംബുലന്‍സുകളെയും മാത്രമാണ് കടത്തിവിടുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതുവരെ കണ്ടെടുത്തത് 252 മൃതദേഹങ്ങള്‍ ആണ്. ഇരുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. സര്‍ക്കാര്‍ ഇതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത് 158 മരണങ്ങളാണ്.രണ്ടുദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 1592 പേരെ രക്ഷപ്പെടുത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്ത് രക്ഷിക്കാനായത് ഏകോപിതമായതും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമായാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ ദുരന്തഘട്ടത്തില്‍ ഉരുള്‍പൊട്ടിയതിന്റെ സമീപസ്ഥലങ്ങളിലുള്ള 68 കുടുംബങ്ങളിലെ 206 പേരെയാണ് മൂന്ന് ക്യാംപുകളിലേക്ക് മാറ്റിയത്. അതില്‍ 75 പുരുഷന്‍മാര്‍, 88 സ്ത്രീകള്‍ 43 കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്. ഉരുള്‍പൊട്ടിലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ 1386 പേരെ തുടര്‍ന്നുള്ള രക്ഷാദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. അതില്‍ 528 പുരുഷന്‍മാര്‍, 559 സത്രീകള്‍, 229 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാംപുകളിലേക്കായി മാറ്റി. ഇതില്‍ 207 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലവില്‍ 90 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയിലാകെ 82 ക്യാംപുകളിലായി 8017 പേരാണ് ഉള്ളത്. ഇതില്‍ 19 പേര്‍ ഗര്‍ഭിണികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates