

മേപ്പാടി: വയനാട് കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിക്കുകയും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനിയായ ദിലീപ് ബില്‍ഡ്കോണ്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്. ദുരന്തത്തില്‍ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതവും കരാര്‍ തൊഴിലാളിയായ അല്‍മോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ദുരന്തത്തില്‍ പരിക്കേറ്റ ഒന്‍പത് പേരില്‍ ആറ് പേര്‍ക്ക് രണ്ടര ലക്ഷം രൂപ അടിയന്തര സഹായം നല്‍കും. നിലവില്‍ തീവ്രപരിചരണത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മറ്റു മൂന്ന് പേര്‍ക്ക് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുക നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അടക്കം അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹന ഗതാഗതം മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
കള്ളാടി മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തിരുന്നു. മീനാക്ഷി പുഴയില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. കമ്പനി മാനേജരായിരുന്ന ഹിമാചല്‍പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍പ്പെട്ട എട്ട് പേരും മരിച്ചതായി സ്ഥിരീകരിച്ചു. വിക്രം റാണയുടെ ബന്ധുക്കള്‍ കഴിഞ്ഞ കുറച്ചുദിവസമായി കള്ളാടിയില്‍ ഉണ്ടായിരുന്നു. മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ജൂലൈ എട്ടിനായിരുന്നു വയനാട് കള്ളാടി തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. തുരങ്കപാത ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളും സുരക്ഷാ ജീവനക്കാരും മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായിരുന്നു അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചില്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ അഞ്ചംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates