കല്‍പ്പറ്റ: രക്ഷ തേടി മറ്റൊരു സ്ഥലത്ത് എത്തി അവിടെയും രക്ഷയില്ലാതെ വരുമ്പോള്‍ ദുരവസ്ഥ വിവരിക്കാന്‍ പാപി ചെല്ലുന്നിടം പാതാളം എന്ന് പൊതുവേ പറയാറുണ്ട്. മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീട്ടില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട് ഒരുകൂട്ടം ആളുകള്‍ മലകയറിയപ്പോള്‍ അവിടെ കാട്ടാനക്കൂട്ടത്തെ കണ്ടപ്പോള്‍ ഇതേ ചിന്ത എല്ലാരുടെയും മനസിലേക്ക് കൊള്ളിമീന്‍ പോലെ കടന്നുപോയിട്ടുണ്ടാവും. എന്നാല്‍ ഈ ചിന്ത അസ്ഥാനത്ത് ആണ് എന്ന് ബോധിപ്പിക്കുന്ന അനുഭവമാണ് പിന്നീട് അവര്‍ക്ക് ഉണ്ടായത്.
തങ്ങളുടെ ദയനീയാവസ്ഥ കണ്ട് ആനകളും തങ്ങള്‍ക്കൊപ്പം നിന്നു എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. അന്‍പതോളം ആളുകളാണ് കൊമ്പന്റെ മുന്‍പിലിരുന്ന് ദുരന്തരാത്രി കഴിച്ചുകൂട്ടിയത്. വെളിച്ചംവന്നതോടെ ആളുകളെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മരണത്തില്‍ നിന്നും രക്ഷപ്പെട്ട് വീണ്ടും മരണത്തിലേക്ക് പോകുമെന്ന സ്ഥിതിയായിരുന്നുവെന്ന് ആനയ്ക്ക് മുന്‍പില്‍പെട്ട സുജാത എന്ന വയോധിക പറയുന്നു.
''ആദ്യ ഉരുള്‍പൊട്ടലില്‍ തന്നെ വെള്ളം പാഞ്ഞെത്തി. അവിടെനിന്നും എങ്ങനെ രക്ഷപ്പെടണമെന്ന് അറിയാതെ പകച്ചുനിന്നു. രണ്ടാമത്തെ പൊട്ടലിന് പേരക്കുട്ടിയെയും നടക്കാന്‍ പോലും വയ്യാത്ത അമ്മയെയും പിടിച്ച് മലമുകളിലേക്ക് വലിഞ്ഞുകയറി. ശക്തമായ മഴയിലും ഇരുട്ടിലും നിലംതൊട്ട് നോക്കിയാണ് കാപ്പിത്തോട്ടത്തിലേക്ക് കയറിയത്. അവിടെയെത്തിയപ്പോള്‍ കൊമ്പനാന നില്‍ക്കുന്നു. എല്ലാം നഷ്ടപ്പെട്ട് വലിയ ദുരിതത്തില്‍നിന്നും വരികയാണ് ഉപദ്രവിക്കരുതെന്ന് പറഞ്ഞ് ഞങ്ങള്‍ ആനയ്ക്കു മുന്‍പില്‍ കരഞ്ഞു. കൊമ്പന്റെ കണ്ണുകളില്‍ നിന്ന് വെള്ളം ഒഴുകുന്നുണ്ടായിരുന്നു. കുന്നിന്‍മുകളില്‍ മൂന്ന് ആനകള്‍ ഉണ്ടായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ഞങ്ങള്‍ക്ക് ആരോഗ്യമില്ലായിരുന്നു. കനത്ത മഴയില്‍ കൊമ്പന്റെ കാല്‍ചുവട്ടില്‍തന്നെ ഞങ്ങള്‍ കിടന്ന് നേരം വെളുപ്പിച്ചു.''-സുജാത പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കാട്ടാനകള്‍ക്ക് പ്രകൃതി ദുരന്തം മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയുമെന്നും അവര്‍ അവിടെനിന്നും മാറിപ്പോകുമെന്നുമാണ് വിദഗധര്‍ പറയുന്നത്. പ്രകൃതിയിലെ മാറ്റങ്ങള്‍ വേഗത്തില്‍ ആനകള്‍ക്ക് തിരിച്ചറിയാനാകും. മനുഷ്യന് കേള്‍ക്കാനാകാത്ത ഇന്‍ഫ്രാ സോണിക് ശബ്ദങ്ങളെല്ലാം മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിവുണ്ടെന്നും വിദഗധര്‍ വിശദീകരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates