

ബാർബറാ ഷാഫർ എന്ന 73 വയസ്സുള്ള ന്യൂസിലാൻഡുകാരി കൈകളും കാലും താളാത്മാകമായി ചലിപ്പിച്ച് തറിയിൽ നെയ്തെടുക്കുന്നത് തുണിയല്ല, മറിച്ച് ഒരു പ്രദേശത്തിന്റെയും രണ്ട് ജീവിതമാർഗങ്ങളുടെയും സ്വപ്നമാണ്. ബീച്ച്, ഹൗസ് ബോട്ടുകൾ,മലകൾ, തുടങ്ങി വിനോദസഞ്ചാരികളുടെ പതിവ് പറുദീസകളൊഴിവാക്കി ചേന്ദമംഗലത്തെ പൊടിപടലങ്ങൾ നിറഞ്ഞ നെയ്ത്തുശാലയിലേക്ക് എത്തിയ ബാർബറ പുതിയൊരു ടൂറിസം സാധ്യതയുടെ വാതിലാണ് കേരളത്തിന് തുറന്നു തരുന്നത്.
ന്യൂസിലാൻഡിൽ നിന്നുള്ള ബാർബറ കഴിഞ്ഞ രണ്ടാഴ്ചയായി എറണാകുളം ചേന്ദമംഗലത്തുള്ള നെയ്ത്തുതറയിൽ പരമ്പരാഗത നെയ്ത്തുകല പഠിക്കുന്നു. ഒരു പരമ്പരാഗത നെയ്ത്തുശാലയിൽ, ബാർബറ തന്റെ മുഴുവൻ സന്ദർശന സമയവും ചെലവഴിക്കുന്നത് എന്തിനാണ്? ഇത് ഒരു പുതിയ തരം ടൂറിസമാണ്! പുതിയൊരു വൈദഗ്ദ്ധ്യം പഠിക്കാനുള്ള ആഗ്രഹത്തിൽ നിന്നുളവാകുന്ന ഒന്ന്.
ഇന്ത്യയിലെ കൈത്തറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനും പുനഃക്രമീകരിക്കാനുമുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പായ സേവ് ദ് ലൂം വികസിപ്പിച്ചെടുത്ത ഈ ആശയത്തിൽ (Loom Tourism) കൗതുകം തോന്നി എത്തിയ പല വിദേശ വിനോദസഞ്ചാരികളിൽ ഒരാൾ മാത്രമാണ് ബാർബറ.
"പരമ്പരാഗത നെയ്ത്ത് പഠിക്കാനുള്ള അവസരത്തിനായി നിരവധി വിദേശികൾ ബന്ധപ്പെട്ടിട്ടുണ്ട്. യു കെയിൽ നിന്നുള്ള ഒരു ദമ്പതികളുടെ കാര്യത്തിൽ, അവരുടെ വിവാഹ വാർഷികം ആഘോഷിക്കുന്നതിനായി ഭർത്താവിനെ, ഇങ്ങനെയൊരു പ്രവർത്തനത്തിലൂടെ അത്ഭുതപ്പെടുത്താൻ ഭാര്യ ആഗ്രഹിച്ചു. ഫ്രാൻസിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ നെയ്ത്ത് പ്രക്രിയ എന്താണ് എങ്ങനെയാണ് എന്നറിയാനുള്ള ആഗ്രഹവുമായി സമീപിച്ചു . ഇങ്ങനെ പല രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ വന്നിട്ടുണ്ട്, പലരും ഇപ്പോഴും സമീപിക്കുന്നുണ്ട്," സേവ് ദ് ലൂമിന്റെ (എസ് ടി എൽ- save the Loom) സ്ഥാപകനായ രമേശ് മേനോൻ അവകാശപ്പെട്ടു.
"നെയ്ത്തുതറയിലെ സ്ത്രീ നെയ്ത്തുകാരുടെ നെയ്ത്ത് പ്രക്രിയയും അവരുടെ പ്രവർത്തനവും ബാർബറയെ വളരെയധികം ആകർഷിച്ചു," രമേശ് പറഞ്ഞു.
"എനിക്ക് കമ്പിളി നെയ്ത്ത് പരിചയമുണ്ട്. ഞാൻ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ പോയിട്ടുണ്ട്, പക്ഷേ ഇവിടുത്തെ പ്രക്രിയ വ്യത്യസ്തമാണ്. ഇവിടെയുള്ളത് പോലുള്ള ഓടം ( ഷട്ടിൽ) ഉള്ള ഒരു തറി കാണുന്നത് ആദ്യമാണ്. ഇത്രയും നേർത്ത പരുത്തി നൂലിൽ നെയ്യുന്നതും ആദ്യമായാണ്."ബാർബറ ടിഎൻഐഇയോട് പറഞ്ഞു.
പുതുതലമുറയിൽ താൽപ്പര്യക്കുറവ് മൂലം ഒരു വിലയേറിയ പൈതൃകം പതുക്കെ നശിച്ചു കൊണ്ടിരിക്കുകയാണെന്ന് "അത് സജീവമായി നിലനിർത്താൻ എന്തെങ്കിലും ചെയ്യണം!" ബാർബറ അഭിപ്രായപ്പെട്ടു.
ചേന്ദമംഗലത്ത് തറികളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ കണ്ട് അത്ഭുതപ്പെട്ടു. " ഒരു നേർത്ത മരപ്പലകയിൽ ഇരുന്നുകൊണ്ട് അവർ ഒരു ദിവസം ആറ് മണിക്കൂറിലധികം തറിയിൽ കൈ കാലുകൾ തുടർച്ചയായി ചലിപ്പിച്ച് ജോലി ചെയ്യുന്നു, " ബാർബറ അത്ഭുതം കൂറിക്കൊണ്ട് പറഞ്ഞു.
" തറികളെ രക്ഷിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നെയ്ത്തുകാർക്കുള്ള സംസ്ഥാന സർക്കാരിന്റെ സബ്‌സിഡികൾ മതിയാകില്ല. കൈത്തറി ഒരു പ്രീമിയം ഉൽപ്പന്നമാണെന്ന വസ്തുത പ്രചരിപ്പിക്കേണ്ടതുണ്ട്. ചേന്ദമംഗലത്ത് ഉൽപ്പാദിപ്പിക്കുന്ന ഒരു ടവലിന് പ്രാദേശിക വിപണിയിൽ 170 രൂപ വിലയുള്ളപ്പോൾ യുഎസിൽ ഏകദേശം 150 ഡോളർ (ഏകദേശം ₹12,828) വിലയുണ്ടെന്ന് നിങ്ങൾക്കറിയാമോ? അതിന് ആവശ്യക്കാരുമുണ്ട്! മറ്റൊരു രസകരമായ വസ്തുത, പരമ്പരാഗത തറികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഉൽപ്പന്നങ്ങൾക്ക് 'ചേന്ദമംഗലത്ത് നിർമ്മിച്ചത്' എന്ന ലേബലും 'സ്ത്രീകൾ പ്രവർത്തിപ്പിക്കുന്ന തറികൾ' എന്ന അനുബന്ധമായി നൽകിയിട്ടുണ്ട് എന്നതാണ്."
"സംസ്ഥാനത്തെ തകർച്ചയിലായിരിക്കുന്ന കൈത്തറി വ്യവസായത്തെ രക്ഷിക്കാൻ പുതിയ മേഖലകൾ കണ്ടെത്തുന്ന ടൂറിസത്തിന് സാധിക്കും. . കൈകൊണ്ട് ഇത്രയധികം ശ്രമകരമായി ചെയ്യുന്ന നെയ്ത്ത് പ്രക്രിയ മറ്റൊരിടത്തും കാണാൻ കഴിയില്ല. പരമ്പരാഗത കൈത്തറികൾ ഒരു പഴയ കാര്യമായി മാറുകയാണ്. എന്നാൽ, സുസ്ഥിരതയ്ക്കായി മുറവിളി കൂട്ടുന്ന സമയത്ത്, പരമ്പരാഗത കൈത്തറികൾ അതിന് അനുയോജ്യമാണ്. തുണി വ്യവസായത്തിൽ ഇതിലും സുസ്ഥിരമായ മറ്റൊന്നില്ല," രമേശ് പറയുന്നു.
"കടൽത്തീരങ്ങൾ, നദികൾ, തടാകങ്ങൾ, കുന്നുകൾ, കാടുകൾ, പരമ്പരാഗത കലാരൂപങ്ങൾ, ഭക്ഷണരീതികൾ എന്നിവ മാത്രമല്ല സംസ്ഥാനം എന്ന് വിനോദസഞ്ചാരികൾക്ക് കാണിച്ചുകൊടുക്കണം. കേരളം തറിയിൽ തന്നെയാണ് ജീവിക്കുന്നത്!" ഒരു ഫീസ് നൽകി വിനോദസഞ്ചാരികളെ ഈ തറികളിലേക്ക് ആകർഷിക്കാൻ കഴിയുമെങ്കിൽ, ഈ പണം തറികളുടെ പരിപാലനത്തിനും നെയ്ത്തുകാരെ പിന്തുണയ്ക്കുന്നതിനും ഉപയോഗിക്കാം. "പണ്ട്, ചേന്ദമംഗലത്തേക്ക് പ്രവേശിക്കുന്ന ഒരാളെ സ്വീകരിക്കുന്നത് തറികളുടെ ശബ്ദമായിരുന്നു. എന്നാൽ ഇപ്പോൾ ആ ശബ്ദം നിശബ്ദമായിരിക്കുന്നു. ടൂറിസത്തിന് തീർച്ചയായും ഈ തറികളുടെ രക്ഷകനാകാൻ കഴിയും." രമേശ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates