

തൊടുപുഴ: ഇടുക്കി ഡാമിന്റെ മനോഹര ദൃശ്യങ്ങള്‍, കാനന പാതയിലൂടെയുള്ള കാല്‍നടയാത്ര. യാത്രികര്‍ക്ക് അഞ്ചുരുളിയുടെ കാഴ്ചകള്‍ അടുത്തറിയാന്‍ അവസരം ഒരുക്കി വനം വകുപ്പ്. കാനന പാതയിലൂടെ നടന്ന് ഇടുക്കി ജലാശയത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച നല്‍കുന്ന പ്രദേശമാണ് അഞ്ചുരുളി. ഇതിനുള്ള അവസരമാണ് ഇക്കോ ടൂറിസം പദ്ധതിയിലൂടെ വനം വകുപ്പ് ഒരുക്കിയിരിയ്ക്കുന്നത്.
ഇടുക്കി വനമേഖല, വിശാലമായ ജലപരപ്പ്, അഞ്ചുരുളി ടണല്‍, കരടിയള്ള് ഗുഹ തുടങ്ങി കാഴ്ചകള്‍ ഏറെയാണ് ഈ യാത്രയില്‍ കാത്തിരിക്കുന്നത്. ഇക്കോ ടൂറിസം പദ്ധതിയിലൂടെ സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തുവാനും പ്രദേശം മാലിന്യ മുക്തമായി സംരക്ഷിയ്ക്കാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.
മൂന്ന് വശത്തുനിന്നും ജലാശയത്തിന്റെ കാഴ്ച ലഭ്യമാകുന്ന അഞ്ചുരുളി മുനമ്പിലേയ്ക്കുള്ള യാത്രാ വിലക്ക് മറികടന്ന് സഞ്ചാരികള്‍ എത്തുന്ന നിലയുണ്ടായിരുന്നു. അപകടം പതിയിരിക്കുന്ന പ്രദേശത്തെ തിരിച്ചറിയാതെയുള്ള സാഹസിക യാത്രയ്ക്കാണ് പലരും മുതിര്‍ന്നത്. വനമേഖലയില്‍ സഞ്ചാരികള്‍ മാലിന്യം നിക്ഷേപിയ്ക്കുന്നതും പതിവായിരുന്നു. ഈ സാഹചര്യങ്ങള്‍ക് പരിഹാരം എന്ന നിലയിലാണ് വനം വകുപ്പ് ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചിരിയ്ക്കുന്നത്.
പദ്ധതിയുടെ ഉത്ഘാടനം കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടില്‍ നിര്‍വ്വഹിച്ചു. കാനന പാതയിലൂടെ സഞ്ചരിച്ച് കാഴ്ചകള്‍ ആസ്വദിയ്ക്കാനാവുന്ന തരത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്. നാല് ഗൈഡ്മാരെ നിയമിച്ചിട്ടുണ്ട്. പ്രദേശ വാസികളുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിയ്ക്കുന്ന 10 അംഗ സ്വയം സഹായ സംഘത്തിനാണ് നടത്തിപ്പ് ചുമതല. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates