തൃശ്ശൂർ: കോവിഡ് കാലത്ത് പ്രോട്ടോക്കോൾ ഒന്നും തെറ്റിക്കാതെ വേറിട്ട ഒരു കല്ല്യാണത്തിന് സാക്ഷികളായിരിക്കുകയാണ് മൂഴിക്കുളത്തുകാർ. മൂഴിക്കുളം ശാലാ സ്ഥാപകൻ ടി ആർ പ്രേംകുമാറിന്റെ മകന്റെ വിവാഹമാണ് വ്യത്യസ്തമായ രീതിയിൽ കൊണ്ടാടിയത്. പ്രേംകുമാറിന്റെ മകൻ വിവേകും കോയമ്പത്തൂർ സ്വദേശി നിഷയും തമ്മിലുള്ള വിവാഹമായിരുന്നു നടന്നത്.
40-ൽ താഴെ ആളുകൾ മാത്രം പങ്കെടുത്ത ഈ വിവാഹം അയൽപക്കത്തെ 150 കുടുംബങ്ങളാണ് കണ്ടത്, അതും അവരുടെ വീട്ടിലിരുന്നുതന്നെ. പതിവിൽ നിന്ന് വ്യത്യസ്തമായ വൈവിധ്യമാർന്ന ഭക്ഷണയിനങ്ങളോടു കൂടിയ സത്‌കാരത്തിലും ഇവർ പങ്കാളികളായി.
കോവിഡ് സാഹചര്യത്തിൽ വീട്ടിൽ നടക്കുന്ന സത്‌കാരത്തിൽ അയൽക്കാരെ പങ്കെടുപ്പിക്കാനാവാത്തതിനാൽ പ്രേംകുമാർ കണ്ടെത്തിയ മാർഗമാണ് ഈ കല്ല്യാണത്തിലെ പ്രത്യേകത. കാർബൺ ന്യൂട്രൽ ഭക്ഷണത്തിന്റെ പ്രചാരകനായ പ്രേംകുമാർ അയൽപക്കത്തെ വീടുകളിലേക്ക് സത്‌കാരപ്പൊതിയെത്തിച്ചാണ് ഇതിന് പ്രതിവിധി കണ്ടെത്തിയത്. ഓറഞ്ച്, പേരയ്ക്ക, ആപ്പിൾ, കദളിപ്പഴം, കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, പച്ചക്കറിവിത്ത്, റാഗി ഉണ്ട, കാർബൺ ന്യൂട്രൽ അടുക്കള കൈപ്പുസ്തകം, പാളകൊണ്ട് നിർമിച്ച ലില്ലിപ്പൂവ് എന്നിവയായിരുന്നു സത്‌കാരപ്പൊതിയിൽ.
ഭക്ഷണസാധനങ്ങൾ പൊതിഞ്ഞ പേപ്പർ ബോക്സിൽ നവദമ്പതിമാരുടെ ചിത്രവും പതിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പമുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്താൽ വിവാഹച്ചടങ്ങ് കാണാനാഗ്രഹമുള്ളവർക്ക് ചടങ്ങുകൾ കാണാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates