

തിരുവനന്തപുരം: ഏത് പ്രതിസന്ധിയിലും സിപിഎമ്മിനെ നയിക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവ് പിണറായി വിജയനാണെന്ന് ടികെ ഗോവിന്ദന്‍ എംഎല്‍എ. മറ്റ് ഏത് നേതാവാണ് അതിനുപാകത്തില്‍ സിപിഎമ്മില്‍ ഉള്ളതെന്നും പ്രതിപക്ഷത്തെ നയിക്കാന്‍ കഴിയുന്ന ഒരേ ഒരുനേതാവ് പിണറായി വിജയനാണെന്നും ടികെ ഗോവിന്ദന്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിലെ ഏറ്റവും ശക്തനായ നേതാവ് പിണറായി തന്നെയാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. സിപിഎം തകരാതെ മുന്നോട്ടുപോയതിന്റെ പ്രധാന കാരണവും അതുതന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പിണറായി ആണെന്ന വാദത്തോട് യോജിക്കാനാകില്ല. തോല്‍വിക്ക് അത് ഒരു കാരണമാണ്. ഇത് സിപിഎമ്മിന്റെ കൂട്ടായ പരാജയമാണ്. ഉദാഹരണമായി 'കുടുംബ ഭരണം' (ബന്ധുനിയമനം) എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്.
ശക്തരായ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കാം. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ പിണറായി കൂടുതല്‍ താല്പര്യം കാണിക്കണമായിരുന്നു. അതിനുപകരം, കുറച്ചുപേര്‍ അദ്ദേഹത്തിന് ചുറ്റും കൂടുകയും പിണറായി പറയുന്നതിനനുസരിച്ച് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. യഥാര്‍ഥത്തില്‍, താഴെത്തട്ടിലുള്ള ചര്‍ച്ചകളുടെ അന്തസ്സത്ത കൃത്യമായി മനസ്സിലാക്കാന്‍ പിണറായിക്ക് കഴിഞ്ഞില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
'എനിക്ക് ലഭിച്ചില്ലെങ്കില്‍ എന്റെ ഭാര്യയ്ക്ക്' എന്ന അഹങ്കാരം നിറഞ്ഞ നിലപാടിനെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് താന്‍ മത്സരിച്ചത്. പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന ആ യോഗത്തില്‍ പിണറായി ഉണ്ടായിരുന്നെങ്കില്‍, അത്തരമൊരു തീരുമാനം ഉണ്ടാകുമായിരുന്നില്ല. മൂന്ന് തവണ എംഎല്‍എയായ ഒരാള്‍ സ്വന്തം ഭാര്യ എംഎല്‍എ ആകണമെന്ന് ആഗ്രഹിക്കുന്നത് പാര്‍ലമെന്ററി മോഹമല്ലേയെന്നും ഗോവിന്ദന്‍ ചോദിച്ചു. സിപിഎം തകരുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി തകര്‍ന്നാല്‍ ഇവിടുത്തെ സാമൂഹിക സന്തുലിതാവസ്ഥ തന്നെ മാറിമറിയുമെന്നും അദ്ദേഹം പറഞ്ഞു.
എംവി ഗോവിന്ദന്റെ പ്രസംഗത്തിനെതിരെ താന്‍ പാര്‍ട്ടിയില്‍ ക്രിയാത്മക വിമര്‍ശനം നടത്തിയിരുന്നു, അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ആ പ്രസംഗശൈലിയെ കുറിച്ച് ഞങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കം തന്നെ നടന്നു. എന്നാല്‍ തന്റെ പ്രസംഗശൈലി മാറ്റില്ലെന്ന നിലപാട് ആയിരുന്നു അദ്ദേഹം സ്വീകരിച്ചത്. ഒരുമിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയവരാണ് തങ്ങള്‍ ഇരുവരും. ഉയര്‍ന്ന പദവിയില്‍ എത്തിയപ്പോള്‍ ഇത്തരം വിമര്‍ശനം നടത്തിയത് ഒരുപക്ഷെ അദ്ദേഹത്തിന് ശത്രുതയ്ക്ക് കാരണമായേക്കാം.
താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഒരിക്കലും ഇപി ജയരാജന്‍ അനുകൂലിച്ചിരുന്നില്ല. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് ചില അതൃപ്തികളുണ്ട്. എന്നാല്‍ ഇപി പാര്‍ട്ടി വിടില്ല. അതൃപ്തി കാരണം അദ്ദേഹം കുറച്ചൊന്ന് മാറിനില്‍ക്കുന്നു, അത്രമാത്രം, ടികെ ഗോവിന്ദന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates