'എന്തിനാണ് എന്നെ ഒറ്റപ്പെടുത്തുന്നത്? ; സെക്രട്ടേറിയറ്റ് യോഗത്തില്‍ വികാരഭരിതയായി കെ കെ ശൈലജ

ശൈലജയെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് താല്‍പ്പര്യക്കുറവുണ്ട്
K K Shailaja
K K Shailajaഫയൽ
Updated on
2 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാകാമെന്നിരിക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ സിറ്റിങ്ങ് സീറ്റായ മട്ടന്നൂരില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം വിമുഖത കാണിക്കുന്നതാണ് നാടകീയ രംഗങ്ങള്‍ക്ക് കാരണമായതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

K K Shailaja
കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി?; മാത്യു ആന്റണിയെ മത്സരിപ്പിക്കാന്‍ നീക്കം

പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ കെ ശൈലജയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിക്കാവുന്നവരെക്കുറിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. മത്സരിക്കേണ്ട സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണത്തെക്കുറിച്ചും ചര്‍ച്ച നടക്കവെ, ഒരു ഘട്ടത്തില്‍ വികാരാധീനയായി 'എന്തുകൊണ്ടാണ് എന്നെ ഒറ്റപ്പെടുത്തുന്നത്? എന്നു ശൈലജ ചോദിച്ചു.

നിരവധി സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും ഏതാനും മുതിര്‍ന്ന നേതാക്കള്‍ക്കും വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ശൈലജയുടെ ചോദ്യം. പൊതുവികാരം പരിഗണിച്ച് ശൈലജയെ വീണ്ടും മത്സരിപ്പിക്കുകയാണെങ്കില്‍, സിറ്റിങ്ങ് സീറ്റായ മട്ടന്നൂരിനു പകരം, കോണ്‍ഗ്രസ് ശക്തികേന്ദ്രമായ പേരാവൂരില്‍ നിര്‍ത്താനാണ് നീക്കം. പാര്‍ട്ടി തീരുമാനിച്ചാല്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതിനിധീകരിക്കുന്ന പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ശൈലജ നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സിപിഎം നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബുധനാഴ്ച നടക്കുന്ന അടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. എന്നാല്‍, സിപിഎം സുരക്ഷിത സീറ്റായി കണക്കാക്കുന്ന മട്ടന്നൂരില്‍ നിന്ന് ശൈലജയെ വീണ്ടും മത്സരിപ്പിക്കില്ലെന്നാണ് സൂചന. ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ കെ കെ ശൈലജ കൂട്ടാക്കിയില്ലെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടിയുടെ സുരക്ഷിത മണ്ഡലങ്ങളില്‍ ഒരു നേതാവിന് രണ്ടു ടേം എന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ശൈലജയുടെ പേര് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നതെന്നാണ് ഒരു നേതാവ് സൂചിപ്പിച്ചത്.

ശൈലജയെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് താല്‍പ്പര്യക്കുറവുമുണ്ട്. എന്നാല്‍ ശൈലജയെ തഴയുന്നത് പൊതുചര്‍ച്ചയായി മാറിയിട്ടുണ്ട്. തലശ്ശേരി മണ്ഡലത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനും ഇത്തവണ സീറ്റ് നല്‍കിയേക്കില്ല. 2021 ലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട നേതാക്കളെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നും, അതിനാല്‍ മുന്‍മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി സുധാകരന്‍, ഇ പി ജയരാജന്‍ തുടങ്ങിയ നേതാക്കളെ രംഗത്തിറക്കേണ്ടെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും മത്സരിക്കില്ല. മറ്റൊരു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല.

K K Shailaja
തൃപ്പൂണിത്തുറയില്‍ സാബു എം ജേക്കബ്?, കായംകുളത്ത് തുഷാര്‍?; എന്‍ഡിഎ സീറ്റ് വിഭജനം നാളെ

പിബിയില്‍ നിന്നും പിണറായി മാത്രം

സിപിഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയില്‍ നിന്നും പിണറായി വിജയന്‍ മാത്രമാകും മത്സരിക്കുക. മറ്റ് പിബി അംഗങ്ങള്‍ ആരും മത്സരിക്കേണ്ടതില്ലെന്നാണ് ധാരണ. പിണറായിക്ക് പുറമെ, ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍. നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരെയും മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലാ കമ്മിറ്റികള്‍ രംഗത്തു വന്നിട്ടുണ്ട്. മാര്‍ച്ച് 4 ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റും മാര്‍ച്ച് 5 ന് നടക്കുന്ന സംസ്ഥാന കമ്മിറ്റിയുമാകും സിപിഎം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.

Summary

‘Why am I being singled out?’, KK Shailaja asked emotionally at CPM Secretariat meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com