

കൊച്ചി: മതം ഉപേക്ഷിച്ചവരെ മതേതര പിന്തുടര്‍ച്ചാവകാശ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയതോടെ ആലപ്പുഴ സ്വദേശിയായ സഫിയയും മതേതര നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവരുടെ പോരാട്ടവും ചര്‍ച്ചയാവുകയാണ്. മതവും ജാതിയുമില്ലാത്തവരുടെ മൗലികാവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിലെ നിര്‍ണായ ചുവടുവെപ്പാണ് പിഎം സഫിയയുടെ ഹര്‍ജിയെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
താന്‍ ഒരു അവിശ്വാസിയാണെന്നും അതിനാല്‍ മുസ്ലീം വ്യക്തി നിയമത്തിന് പകരം മതേതര പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സഫിയ സുപ്രീംകോടതിയെ സമീപിച്ചത്. മതം ഉപേക്ഷിക്കുന്ന ആളുകളുടെ പന്തുടര്‍ച്ചാവകാശങ്ങള്‍ക്കായി ഒരു വ്യവസ്ഥയും ഇല്ലാത്തത് അവരെ അപകടകരമായ അവസ്ഥയിലാക്കുന്നുവെന്ന് സഫിയ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു. കാരണം മതേതര നിയമങ്ങളോ മതനിയമങ്ങളോ അവരെ സംരക്ഷിക്കില്ല. ശരിയത് നിയമം അനുസരിച്ച് ഇസ്ലാം മതം ഉപേക്ഷിച്ച ഒരാള്‍ക്ക് എല്ലാ അവകാശങ്ങളും നഷ്ടപ്പെടും.
വിശ്വാസം ഉപേക്ഷിച്ച ഒരാളില്‍ മതം എന്തിന് സ്വാധീനം ചെലുത്തണമെന്നാണ് സഫിയ ചോദിക്കുന്നത്. രാജ്യത്തെ എല്ലാ സ്ത്രീകളെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ കേസില്‍ കക്ഷി ചേരാന്‍ ആരും സന്നദ്ധത പ്രകടിപ്പിച്ചില്ല. പിന്തുടര്‍ച്ചാവകാശത്തിലെ വിവേചനമാണ് തന്നെ സുപ്രീംകോടതിയിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതയാക്കിയതെന്ന് സഫിയ പറയുന്നു.
''ഭരണഘടന പ്രകാരം തുല്യത ഉറപ്പാക്കുന്ന കാര്യമാണിത്. എനിക്ക് ഒരു മകള്‍ മാത്രമേയുള്ളൂ. ശരിയത്ത് നിയമപ്രകാരം എന്റെ സ്വത്തിന്റെ 50 ശതമാനത്തില്‍ മാത്രമേ എന്റെ മകള്‍ക്ക് അവകാശമുള്ളൂ. എന്നാല്‍ എന്റെ മുഴുവന്‍ സ്വത്തും അവള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അനുസരിച്ച് എന്റെ മകള്‍ എന്റെ സ്വത്തിന്റെ അവകാശിയാകണം'', സഫിയ പറയുന്നു.
''ഞാന്‍ 20 വര്‍ഷം മുമ്പ് വിവാഹ മോചനം നേടിയ ഒരു സിംഗിള്‍ പേരന്റാണ്. എന്റെ മകള്‍ക്ക് 25 വയസായി. നാല് വര്‍ഷം മുമ്പ് ഞാന്‍ മതം ഉപേക്ഷിച്ച് എക്‌സ് മുംസ്ലീംസ് ഓഫ് കേരള എന്ന പ്രസ്ഥാനത്തില്‍ ചേര്‍ന്നു. മുസ്ലീം മാതാപിതാക്കള്‍ക്ക് ജനിച്ചതിനാല്‍ എസ്എസ്എല്‍സി ബുക്കില്‍ എന്റെ മതം മുസ്ലീം എന്നാണ് എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. പക്ഷേ, അത് എന്റെ ഇഷ്ടത്തോടെയായിരുന്നില്ല. അതുകൊണ്ട് ഞാന്‍ മതം ഉപേക്ഷിച്ചു. മുസ്ലീം വ്യക്തിനിയമം സ്ത്രീകള്‍ക്കെതിരായ വിവേചനമാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെ അത് ലംഘിക്കുന്നു. ഞാന്‍ മതം ഉപേക്ഷിച്ചെങ്കിലും മുസ്ലീം വ്യക്തി നിയമം ഇപ്പോഴും എന്നെ നിയന്ത്രിക്കുന്നു. അതനുസരിച്ച് ഒരു സ്ത്രീക്ക് പുരുഷന് അവകാശപ്പെട്ടതിന്റെ പകുതി മാത്രമേ ലഭിക്കൂ. എന്റെ ഏകമകള്‍ക്ക് എന്റെ സ്വത്തിന്റെ പകുതി മാത്രമേ അവകാശപ്പെടാന്‍ കഴിയൂ. ബാക്കി എന്റെ സഹോദരന് പോകും. അതാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്''.
1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സെക്ഷന്‍ 29 പ്രകാരം അന്തര്‍ലീന പിന്തുടര്‍ച്ചാവകാശത്തിനുള്ള വ്യവസ്ഥകള്‍ മുസ്ലീങ്ങള്‍ക്ക് ബാധകമല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,15, 19, 21, 25 എന്നിവയുടെ ലംഘനമായതിനാല്‍ നിയമത്തിലെ ഈ രണ്ട് ഒഴിവാക്കലുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും സഫിയ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates