

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. അന്വേഷണത്തിൽ വേഗത പോരെന്നും വൻ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് നിഷേധിക്കാനാകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു.
ശബരിമലയിൽ നഷ്ടപ്പെട്ട സ്വർണം എത്രയാണെന്ന് തിട്ടപ്പെടുത്തുകയോ അവ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു?. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പരാമര്‍ശിച്ച നേതാക്കളാരും ഭരണാധികാരികളല്ല. അവര്‍ക്കാര്‍ക്കും പോറ്റിക്ക് സൗകര്യം ചെയ്തുകൊടുക്കാനാവില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ ശബരിമലയില്‍ പോറ്റിയെ കേറ്റിയതും പോറ്റിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തതും മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്താണ്. മുഖ്യമന്ത്രി ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുകയാണ്.
സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ജയിലിൽ കഴിയുമ്പോഴും അവരെ സിപിഎം സംരക്ഷിക്കുകയാണ്. അവർക്കെതിരെ ചെറിയ ഒരു അച്ചടക്ക നടപടി സ്വീകരിക്കാൻ പോലും സിപിഎം തയ്യാറല്ല. കാരണം നടപടിയെടുത്താൽ അവർ സിപിഎം ഉന്നത നേതൃത്വത്തിന്റെ സ്വർണക്കൊള്ളയിലെ പങ്ക് വ്യക്തമാക്കുമെന്ന ആശങ്കയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates