

കണ്ണൂര്‍: പാട്യം മുതിയങ്ങ വയലില്‍ കര്‍ഷകനെ കുത്തിയ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. പാട്യം മൊകേരി മുതിയങ്ങയിലാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചത്. വള്ള്യായി സ്വദേശി എ കെ ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ട്.
കാട്ടു പന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നതാണെന്ന വിവരം പുറത്തുവന്നിട്ടുണ്ടെങ്കിലും സ്ഥിരികരിച്ചിട്ടില്ല. കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ സ്ഥിരമായെത്തി കൃഷിനശിപ്പിക്കുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു.
നേരത്തെ നിരവധി തവണ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.
കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്തര മേഖല സി സി എഫ് ദീപക് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്‍. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള്‍ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.
2025-ല്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായാതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
