

കൊച്ചി: മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് വഴിയൊരുക്കിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. നേരത്തെ കാട്ടാന ശല്യം തുടരുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ ജില്ലാ കലക്ടര്‍ എത്തി കാട്ടാന ശല്യം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിന്മേല്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് രക്ഷാദൗത്യം ആരംഭിച്ചത്.
ഇന്നലെ രാത്രിയാണ് ആന കിണറ്റില്‍ വീണത്. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. 10 വയസ്സുള്ള കൊമ്പനെയാണ് കിണറ്റില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത് നാട്ടുകാര്‍ കണ്ടത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണത്. വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്ന് പറഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധിച്ചതോടെയാണ് രാവിലെ രക്ഷാദൗത്യം തടസ്സപ്പെട്ടത്. വനംവകുപ്പും പൊലീസും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ എത്തി പ്രദേശവാസികളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് രക്ഷാദൗത്യം പുനാരാരംഭിച്ചത്.
നിരന്തരം കാട്ടാന ശല്യമുള്ള ജനവാസ മേഖലയാണിത്. നേരത്തെയും ഈ ഭാഗത്ത് അക്രമകാരിയായ കാട്ടാന കിണറ്റില്‍ വീണിരുന്നു. ഇതിനെ പിടികൂടി മാറ്റണമെന്ന് നാട്ടുകാര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. പിടികൂടാമെന്ന് ഉറപ്പ് നല്‍കി നാട്ടുകാരെയെല്ലാം മാറ്റി നിര്‍ത്തിയാണ് അന്ന് കാട്ടാനയെ രക്ഷപ്പെടുത്തിയത്.എന്നാല്‍ കാട്ടാനയെ പിടികൂടി മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കാട്ടാന വീണ് തകര്‍ന്ന കിണര്‍ പുനഃസ്ഥാപിക്കാന്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണം, കാട്ടാന ശല്യം ഒഴിവാക്കാന്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കണം എന്നി രണ്ടു ആവശ്യങ്ങളാണ് മുഖ്യമായി പ്രതിഷേധക്കാര്‍ ഉന്നയിച്ചത്.
കഴിഞ്ഞവര്‍ഷവും സമാനമായ രീതിയില്‍ പ്രദേശത്ത് കാട്ടാന കിണറ്റില്‍ വീണിരുന്നു. തകര്‍ന്ന കിണര്‍ പുനഃസ്ഥാപിക്കാന്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കാമെന്നും കാട്ടാന ശല്യം ഒഴിവാക്കാന്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കാമെന്നുമുള്ള അധികൃതരുടെ ഉറപ്പിന്മേലാണ് അന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ പരിസരത്ത് തന്നെ മറ്റൊരു വീട്ടിലെ കിണറ്റില്‍ വീണ്ടും കാട്ടാന വീണതാണ് ഇന്നത്തെ പ്രതിഷേധത്തിന് കാരണം. സൗരോര്‍ജ്ജ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ ഇന്ന് മുഖ്യമായി പ്രതിഷേധിച്ചത്. അന്നത്തെ പ്രതിഷേധത്തെ തുടര്‍ന്ന് സൗരോര്‍ജ്ജ വേലി സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ തുടങ്ങിയിരുന്നുവെങ്കിലും പൂര്‍ത്തിയായിട്ടില്ല. ഇത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ മുഖ്യ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
