തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, തുടർ നടപടി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും. ശിവശങ്കറിനെതിരായ കേസിന്റെ നിലവിലെ സ്ഥിതിയും, പൊതുസാഹചര്യവും പരിഗണിച്ചാകും തീരുമാനം.
ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16 ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. കേസിൽ ശിവശങ്കറിന്റെ പങ്കിനെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾ സർക്കാരിനു കൈമാറിയിട്ടില്ല.
ഐഎഎസ് ഉദ്യോഗസ്ഥനെ ദീർഘകാലത്തേക്ക് സസ്പെൻനിൽ നിർത്താനാവില്ല എന്നതും ഇന്ന് തീരുമാനമുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതു സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് സസ്പെന്‍ഷനിലേക്കു നയിച്ചത്. 2023 ജനുവരി മാസംവരെ ശിവശങ്കറിനു സർവീസ് ശേഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates