

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം മാത്രമാക്കിയ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന ശുപാര്‍ശയുമായി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രംഗത്ത്. ബസിന് പല നിറങ്ങളാകാമെന്നാണ് അതോറിറ്റിയുടെ പുതിയ നിലപാട്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നേരത്തെ വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
എന്നാല്‍ നിറം മാറ്റം പ്രാബല്യത്തില്‍ വരണമെങ്കില്‍ സര്‍ക്കാര്‍ നിയമ ഭേദഗതി നടത്തണം. 2022 ഒക്ടോബറില്‍ വടക്കാഞ്ചേരി ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. അപകടത്തിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലായിരുന്നു ഈ തീരുമാനം.
ടൂറിസ്റ്റ് ബസുകളില്‍ സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും ഗ്രാഫിക്‌സുകളും ഉപയോഗിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന അന്ന്് അധികൃതര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ബസുകളിലെ അമിത ലൈറ്റുകളും ഗ്രാഫിക്സുകളും സ്പീക്കറുകളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു.
വെള്ളനിറം എളുപ്പത്തില്‍ മറ്റ് ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുമെന്നതിനാലാണ് തെരഞ്ഞെടുത്തത്. രാത്രിയിലും മറ്റ് വാഹനങ്ങളിലുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകുമെന്ന സൗകര്യം അപകട സാധ്യത കുറയ്ക്കുന്നുവെന്ന് അന്നത്തെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പിന്നാലെ എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും വെള്ള നിറമാക്കിയത് വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന പരാതിയുമായി ബസ് ഉടമകള്‍ ഉള്‍പ്പെടെ രംഗത്തെത്തി.
നിലവിലെ നിയന്ത്രണം ടൂറിസ്റ്റ് വാഹനങ്ങളുടെ ആകര്‍ഷണീയതയെ ബാധിക്കുന്നുവെന്നും വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി സ്വാധീനിക്കുന്നുവെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം. പുതിയ ശുപാര്‍ശ അംഗീകരിക്കപ്പെടുകയാണെങ്കില്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ടൂറിസ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ ഉപയോഗിക്കാനുള്ള അവസരം ലഭിക്കും. ഇതോടെ ടൂറിസം മേഖലയിലെ വാഹനങ്ങള്‍ക്ക് വീണ്ടും വര്‍ണാഭമായ രൂപഭംഗി കൈവരുമെന്ന പ്രതീക്ഷയിലാണ് ബസ് ഓപ്പറേറ്റര്‍മാര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates