

കൊച്ചി: സ്വന്തം പുസ്തകത്തിന് അവതാരിക നിരസിച്ചപ്പോൾ 'എന്നാൽ അതുപോലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കിയിട്ട് പേരുവച്ചോട്ടെ' എന്ന് ചോദിച്ച വ്യക്തിക്ക് ചുട്ടമറുപടി നൽകി എഴുത്തുകാരി പ്രിയ എ.എസ്. അകാലത്തിൽ അന്തരിച്ച ഒരു എഴുത്തുകാരന്റെ മകനിൽനിന്നുണ്ടായ ഈ ഞെട്ടിക്കുന്ന അനുഭവം 'അപ്രിയസത്യങ്ങൾ' എന്ന പേരിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രിയ തുറന്നുപറഞ്ഞത്. കപടമായ സാഹിത്യ നാട്യങ്ങൾക്കും എഴുത്തിലെ ശുപാർശകൾക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രിയയുടെ പ്രതികരണം.
അന്തരിച്ച പിതാവിനോടുള്ള ആദരവ് മുൻനിർത്തി ഫോൺ നമ്പർ നൽകിയ തന്നെ നിരന്തരം വിളിച്ച് ബാലസാഹിത്യ പുസ്തകത്തിന് അവതാരിക ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രിയ കുറിച്ചു. മുൻപ് മറ്റൊരാൾക്ക് എഴുതിക്കൊടുത്തതുപോലെ ചെറുതൊന്ന് മതിയെന്ന് നിർബന്ധിച്ചപ്പോൾ, അന്നത്തെ ജീവിത സാഹചര്യമല്ല ഇന്നത്തേതെന്ന് വ്യക്തമാക്കി താൻ അത് മാന്യമായി നിരസിക്കുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ 'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് നിങ്ങളുടെ പേരുവച്ചോട്ടെ' എന്ന അടുത്ത അതിവേഗ ചോദ്യമാണ് തന്നെ ഞെട്ടിച്ചതെന്ന് അവർ പറയുന്നു. ഇതൊരു എഴുത്തുകാരന്റെ മകൻ തന്നെയാണോ എന്ന് ഒരുനിമിഷം അന്തംവിട്ടുപോയെന്നും, സംയമനം പാലിച്ച് 'നിങ്ങളെഴുതി എന്റെ പേരു വയ്ക്കണ്ട' എന്ന് ഉറപ്പിച്ചുപറഞ്ഞ് ഫോൺ വെക്കുകയായിരുന്നുവെന്നും എഴുത്തുകാരി വ്യക്തമാക്കുന്നു.
കുട്ടികൾക്കുവേണ്ടി എഴുതാറുണ്ട് എന്ന് കരുതി ബാലസാഹിത്യവുമായി ബന്ധപ്പെട്ട സർവ്വതും തന്റെ ബാധ്യതയല്ലെന്നും, എഴുത്തിൽ തനിക്ക് ആത്മാർത്ഥത തോന്നിയ അഷിതയ്ക്കും പ്രിയാ ജോസഫിനും വേണ്ടിയാണ് മുൻപ് അവതാരികകൾ എഴുതിയിട്ടുള്ളതെന്നും പ്രിയ ഓർമ്മിപ്പിക്കുന്നു. സ്വന്തം പുസ്തകങ്ങൾക്ക് ഇന്നുവരെ ഒരാളോടും അവതാരിക വാങ്ങിയിട്ടില്ല. ഒന്നോ രണ്ടോ കഥകൾ വായിച്ച് വലിയ ക്രാഫ്റ്റാണെന്ന് കരുതി മുൻപ് സ്നേഹപൂർവ്വം അവതാരിക എഴുതിക്കൊടുത്തപ്പോൾ ഉണ്ടായ ദുരവസ്ഥ തനിക്കൊരു വലിയ പാഠമാണെന്നും, അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞാൽ വിമർശനങ്ങൾ ഉയർന്നേക്കാമെങ്കിലും അങ്ങനെയെങ്കിൽ അങ്ങനെയാവട്ടെയെന്നും പറഞ്ഞാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രിയയുടെ കുറിപ്പിൻറെ പൂർണ രൂപം
അപ്രിയസത്യങ്ങള്‍ 1
ഇന്നലെ ഒരന്വേഷണം വരുന്നു- ഒരു സൂഹൃത്തിന്റെ പുസ്തകത്തിന് അവതാരിക എഴുതി തരാമോ ?
'ചെയ്യാറില്ല' എന്ന അതിഹ്രസ്വമായ ഒരു മറുപടി കുറിച്ചു.മറുപടിയായി 'ദേശാഭിമാനിയിലെ ലേഖനം കണ്ടു' എന്നദ്ദേഹം.'വായിച്ചോ?' എന്നു ചോദിച്ചപ്പോള്‍ 'ഓടിച്ചു വായിച്ചു ,വര്‍ക്കില്‍ ആണ് ' എന്നു മറുപടി.
ജോലിനേരം കഴിഞ്ഞ് നേരേചൊവ്വേ വായിച്ചാല്‍ പോരായിരുന്നോ എന്ന് ഒരു തറുതല ,ചിരിയോടെ മനസ്സില്‍.എന്തായാലും അവതാരികാപര്‍വ്വം ഒറ്റവാക്കില്‍ നിരസിച്ചത് ,സര്‍വ്വാത്മനാ അംഗീകരിച്ചല്ലോ എന്നു സന്തോഷത്തോടെ ചിന്തിച്ച് ഞാന്‍ ചാറ്റ് - ഏരിയ വിടുന്നു.
ജോലിസ്ഥലം വഴി നല്ല പരിചയമുണ്ടായിരുന്ന , അവിടെ അദ്ധ്യാപകനായിരുന്ന ,മരിച്ചുപോയ ഒരു എഴുത്തുകാരന്റെ , ഈയിടെ മാത്രം പരിചയമായ മകനാണ് ചോദ്യകര്‍ത്താവ്.ആളുടെ അച്ഛന്‍ എന്റെ വീട്ടില്‍ വരികയും എനിയ്ക്കദ്ദേഹത്തിന്റെ പുസ്തകം ഒപ്പിട്ട് തരികയും ഒക്കെ ചെയ്തിട്ടുണ്ട്.ആ സ്‌നേഹസ്മരണകാരണമാണ് അച്ഛന്റെ കാര്യം പറഞ്ഞ് മെസഞ്ചറില്‍ വന്നു പരിചയപ്പെട്ട അദ്ദേഹത്തിന് ഫോണ്‍നമ്പര്‍ കൊടുത്തത്.
ഇന്നു രാവിലെ ഫോണ്‍.നിരസിച്ച കാര്യം ആണ് വിഷയം എന്നറിഞ്ഞപ്പോഴേ അനിഷ്ടം തോന്നി.'ബാലസാഹിത്യമാണ് , ചെറിയ പുസ്തകമാണ് 'എന്നെല്ലാം പറഞ്ഞപ്പോഴും ഇന്നലത്തെ മറുപടി തന്നെ ആവര്‍ത്തിച്ചു.അതിവേഗം കക്ഷി ഒരു പേര് പറയുന്നു , 'ആ ആള്‍ക്ക് എഴുതിക്കൊടുത്തില്ലേ അതുപോലൊന്ന് മതി ,വളരെ ചെറുത് ' എന്നാവുന്നു അടുത്ത വാചകം.എത്രയോ വര്‍ഷം മുമ്പുള്ള ആ ഏട് ഓര്‍മ്മയിലേയ്ക്ക് പൊടിതട്ടിയെടുക്കുമ്പോള്‍, 'ആ ആളെ' site ചെയ്യേണ്ടതിന്റെ ആവശ്യമെന്ത് എന്ന് അനിഷ്ടം പെരുകുന്നു , 'അന്നത്തെ ജീവിതസാഹചര്യമല്ല ഇപ്പോള്‍ എന്റേത് 'എന്ന് ഏറ്റവും മാന്യമായി മറുപടി ചുരുക്കുന്നു.
'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?' എന്ന അടുത്ത അതിവേഗചോദ്യത്തിനുമുന്നില്‍ , ദൈവമേ,ഇതൊരെഴുത്തുകാരന്റെ മകനോ എന്നൊരു മാത്ര അന്തം വിടുന്നു.ഏറ്റവും സംയമനത്തോടെ ഒരു ചുരുക്കമറുപടി പറയാന്‍ ഞാന്‍ വല്ലാതെ കഷ്ടപ്പെട്ടു.'നിങ്ങളെഴുതി എൻ്റെ പേരു വയ്ക്കണ്ട 'എന്നു മാത്രം പറഞ്ഞ് , കൂടുതലൊന്നും ഇങ്ങോട്ടു പറയാന്‍ അവസരം കൊടുക്കാതെ സംഭാഷണം അവസാനിപ്പിച്ചു.
ഏതു ധൈര്യത്തിലാണ് അങ്ങനൊരു ചോദ്യം ഒരാള്‍ക്ക് മറ്റൊരാളോട് ചോദിക്കാനാവുക എന്ന് പലവിധത്തില്‍ ആലോചിച്ചുനോക്കി.പെരുവിരലില്‍ നിന്നു കേറി വന്ന കലി ഇപ്പോഴും വിട്ടുപോകാത്തിനാല്‍ ഇതിവിടെ കുറിയ്ക്കാമെന്നു വച്ചു.
കുട്ടികള്‍ക്കുവേണ്ടി എഴുതാറുണ്ട് എന്നു വച്ച് ബാലസാഹിത്യത്തിനോടു ബന്ധപ്പെട്ട സര്‍വ്വതും എന്റെ ബാധ്യതയൊന്നുമല്ല.എന്റെ ദിവസങ്ങളെങ്ങനെ എന്ന് പുറത്തുനില്‍ക്കുന്ന ഒരു വിദൂര ആളോട് വിസ്തരിക്കാനും ഞാന്‍ ബാദ്ധ്യസ്ഥയല്ല.
അവതാരികകള്‍ എഴുതിയിട്ടുണ്ട്, ഇല്ലെന്നല്ല.പക്ഷേ എന്റെ ഒരു പുസ്തകത്തിനും ഒരവതാരിക ഉണ്ടായിട്ടില്ല.അവതാരിക വേണമെന്നു തോന്നുന്നവരോടും അത് വയ്ക്കുന്നവരോടും ഒരു വിരോധവുമില്ല . അതെന്റെ പുസ്തകങ്ങളുടെ വഴിയല്ല എന്നു മാത്രം.ഒരേയൊരു ബ്‌ളര്‍ബ് ഉണ്ടായിട്ടുണ്ട് , അത് അഷിതയോടു ചോദിച്ചു വാങ്ങിയതാണ്.
ഏറ്റവും കൂടുതല്‍ അവതാരിക എഴുതിയിരിക്കുന്നതും അഷിതയ്ക്ക് വേണ്ടിയാണ് .അവതാരിക എഴുതാന്‍ തക്ക വ്യുത്പത്തി ഒന്നും ഒരു കാലത്തും ഒരു മേഖലയിലും ഇല്ല ,കുറേ വിവരദോഷിത്തരമേ കൈയിലുള്ളു എന്നു പറഞ്ഞിട്ടും അവിടെ അതൊന്നും വിലപ്പോയില്ല. 'നീ എഴുതണം , നിന്റെ അവതാരിക ഇല്ലാതെ എന്റെ പുസ്തകം ഇറങ്ങില്ല 'എന്ന കടുംപിടുത്തക്കാരി ചെറിയമ്മയ്ക്ക് വേണ്ടി ഞാനെങ്ങനെ എഴുതാതിരിയ്ക്കും ? ചത്തുപോകുന്ന അവസ്ഥയില്‍ കിടന്ന കാലത്ത് ,മൂന്നു നേരവും എന്നെ വിളിച്ചന്വേഷിക്കാന്‍ എനിയ്ക്കവര് മാത്രമേ ഉണ്ടായിരുന്നുള്ളു.എനിക്കേറ്റവും പ്രിയപ്പെട്ട മലയാളസാഹിത്യാക്ഷരങ്ങള്‍ അവരുടേതുമാണ്.
ഏറ്റവും ഒടുവില്‍ പ്രിയാ ജോസഫിനു വേണ്ടിയും എഴുതിയിട്ടുണ്ട് അവതാരിക.കുറേക്കാലം എഴുതാതിരുന്ന പ്രിയയെ ഉന്തിത്തള്ളി എഴുത്തിലേയ്ക്കു കൊണ്ടുവന്നതിന്റെ പേരിലാണ് പ്രിയ അങ്ങനെ ഒരാഗ്രഹം പറഞ്ഞത്.ഞാന്‍ , പ്രിയയുടെ തിരിച്ചുവരവിന് ഒരു നിമിത്തം മാത്രം എന്ന തിരിച്ചറിവ് അന്നും ഇന്നുമുണ്ട്.
പ്രിയയുടെ പുസ്തകത്തിന് അവതാരികയുടെ ആവശ്യമില്ലെന്നു പറഞ്ഞത് ഉള്ളില്‍ത്തട്ടിത്തന്നെയാണ്. അങ്ങനൊന്ന് എഴുതാന്‍ പറ്റിയ അവസ്ഥയിലല്ല ഞാനെന്നുകൂടി പ്രിയയോട് പറഞ്ഞപ്പോള്‍ ഞാന്‍ കടന്നുപോകുന്ന വഴികള്‍ നല്ല നിശ്ചയമുള്ള പ്രിയ നിര്‍ബന്ധിച്ചില്ല.രണ്ടുമൂന്നു ബ്‌ളര്‍ബുകള്‍ റെഡിയായ കാര്യം ചർച്ച ചെയ്യുന്നതിനിടെ , 'പ്രിയ ഒരു ബ്‌ളര്‍ബെങ്കിലും എഴുതിത്തന്നിരുന്നെങ്കില്‍ ഞാന്‍ മറ്റാരേയും സമീപിക്കില്ലായിരുന്നു' എന്ന് പ്രിയ പറഞ്ഞതു കേട്ടപ്പോള്‍ , ഇരുന്ന ഇരിപ്പില്‍ രണ്ടു വാചകമെഴുതിക്കൊടുത്തു.എല്ലാ പ്രിയക്കഥയും പ്രസ്ദ്ധീകരണത്തിനു മുമ്പ് വായിച്ചിട്ടുള്ളതിനാല്‍ രണ്ടോ മൂന്നോ വാചകമെഴുതാന്‍ എനിയ്‌ക്കെന്തു പ്രയാസം ? പിന്നെയാണ് ട്വിസ്റ്റ് വരുന്നത്. ബ്‌ളര്‍ബെല്ലാം കൊടുക്കാനുള്ള സ്ഥലം പുറംകവറില്‍ തികയാത്തിനാല്‍ ,പ്രിയയുടേത് അവതാരികയായി കൊടുക്കട്ടെ എന്ന് പ്രിയ.അങ്ങനെ ഞാന്‍ പ്രിയയുടെ പുസ്തകത്തിനായി എഴുതിയ ബ്‌ളര്‍ബ് , അവതാരികയായി രൂപാന്തരം പ്രാപിച്ചു. ലോകത്തേറ്റവും ചെറിയ അവതാരിക പ്രിയാ ജോസഫിൻ്റെ പുസ്തകത്തിനാവും എന്ന് ഞാന്‍ ചിരിയ്ക്കാറുണ്ട്.
ഒന്നോ രണ്ടോ കഥകള്‍ മാത്രം വായിച്ച് മറ്റുള്ള കഥകളും അസാമാന്യക്രാഫ്റ്റിലുള്ളതാവും എന്നു വിചാരിച്ച് ഒരവതാരികയില്‍ അതിസ്‌നേഹപൂര്‍വ്വം എത്തിപ്പെട്ടപ്പോഴുണ്ടായ ദുരവസ്ഥ, ഒരു വലിയ പാഠമായി മനസ്സിലുണ്ട്.
അപ്രിയസത്യങ്ങള്‍ പറഞ്ഞാല്‍, 'മാനത്തേയ്‌ക്കോടിക്കേറ്റം' എളുപ്പമാവും എന്ന് നല്ലോണമറിയാം.അങ്ങനേങ്കിലങ്ങനെ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates