

കാസർക്കോട്: ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. കാസർക്കോട് തൃക്കരിപ്പൂരിലാണ് യുവാക്കളുടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള പരാക്രമം. ഇതര സംസ്ഥാന ഹോട്ടൽ ജീവനക്കാരെ യുവാക്കൾ മർദ്ദിച്ചു. മർദ്ദനത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. ആക്രമണം കണ്ടതോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവർ ഇറങ്ങിയോടി.
ബുധനാഴ്ച വൈകീട്ട് തൃക്കരിപ്പൂരിലെ 'പോഗ്ഗോ' ഹോട്ടലിലാണ് സംഭവം. ഇവിടെയെത്തിയ നാല് യുവാക്കൾ ഭക്ഷണം ഓർഡർ ചെയ്തു. പിന്നീട് ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടലിൽ പ്രശ്നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകർക്കുകയുമായിരുന്നു. ഹോട്ടൽ ഉടമ അറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇവരെ സ്റ്റേഷനിൽ എത്തിച്ച ശേഷം വിട്ടയച്ചു.
എന്നാൽ ഇതിനു പിന്നാലെ 25ഓളം വരുന്ന സംഘം വീണ്ടും ഹോട്ടലിലെത്തി. ഇവർ ഹോട്ടലിന്റെ ചില്ലുകളും സാധനങ്ങളും അടിച്ചു തകർത്തു. ജീവനക്കാരെ മർദ്ദിച്ചു. നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങളും സംഘം തകർത്തു.
പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു. ഇവരെ കണ്ടെത്താനുള്ള ഈർജ്ജിത ശ്രമത്തിലാണ് പൊലീസ്.
രാത്രി 11 മണിയോടെ ഹോട്ടലിലെത്തിയ 4 പേരാണ് ആദ്യം പ്രശ്നമുണ്ടാക്കിയതെന്ന് ഹോട്ടൽ ഉടമ കെ ഷിഹാബുദ്ദീൻ വ്യക്തമാക്കി. ആദ്യമെത്തിയവർ ഗ്രിൽ ചിക്കനും മന്തിയും ഓർഡർ ചെയ്തു. 15 മിനിറ്റ് താമസമുണ്ടാകുമെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ 5 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ യുവാക്കൾ പ്രശ്നമുണ്ടാക്കി. പാത്രങ്ങളും ഗ്ലാസുകളും എറിഞ്ഞു തകർത്തു. ഇതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഇറങ്ങിയോടി.
തുടർന്ന് പൊലീസിനെ വിളിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ 25ഓളം പേർ വീണ്ടുമെത്തി ഹോട്ടൽ അടിച്ചു തകർത്തു. ജീവനക്കാർക്കും മർദ്ദനമേറ്റു. ഒരു ജീവനക്കാരന്റെ മൂക്കിന് സാരമായ പരിക്കുണ്ട്. അക്രമികൾ രക്ഷപ്പെട്ടെന്നും ഷിഹാബുദ്ദീൻ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates