

പത്തനംതിട്ട: അത്യാവശ്യമില്ലാത്തവര്‍ ബാങ്കുകളിലേക്കു വരരുതെന്ന് ലീഡ് ബാങ്ക് മനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച വിവിധ പെന്‍ഷനുകള്‍, ധനസഹായങ്ങള്‍ തുടങ്ങിയവ ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ബാങ്കുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നതും കറന്‍സി നോട്ടുകളുടെ അനാവശ്യ കൈകാര്യവും രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. അക്കൗണ്ടില്‍ വന്നിട്ടുള്ള തുക ഗുണഭോക്താക്കള്‍ ആവശ്യത്തിനുമാത്രം പിന്‍വലിച്ചാല്‍ മതിയാകും.
തുക പിന്‍വലിച്ച് വീട്ടില്‍ വയ്ക്കുന്നതിനേക്കാള്‍ സുരക്ഷിതമായി അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കാവുന്നതും പിന്നീട് എപ്പോള്‍ വേണമെങ്കിലും ആവശ്യാനുസരണം എടുക്കാവുന്നതുമാണ്. ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ വന്ന തുക അവര്‍ പിന്‍വലിക്കാത്തതു മൂലം ഒരു കാരണവശാലും തിരികെ സര്‍ക്കാരിലേക്കു പോകുന്നതല്ല. അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടോ, അക്കൗണ്ടില്‍ എത്ര തുക ബാലന്‍സ് ഉണ്ട് എന്നിവ അറിയാന്‍ ബാങ്കില്‍ നേരിട്ടു പോകാതെ ഫോണിലൂടെ ബന്ധപ്പെട്ട് അറിയാന്‍ ശ്രമിക്കണമെന്നും ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
നിലവില്‍ പണം പിന്‍വലിക്കല്‍/ നിക്ഷേപിക്കല്‍/ ക്ലിയറിംഗ്, ഡിഡി/നെഫ്റ്റ്/ ആര്‍ടിജിഎസ് തുടങ്ങിയ പരിമിത പ്രവര്‍ത്തനങ്ങള്‍ മാത്രമാണു ബാങ്കുകളില്‍ നടക്കുന്നത്. പാസ്ബുക്ക് ഇപ്പോള്‍ പതിക്കുന്നതല്ല. പണം കൈമാറ്റം ചെയ്യുന്നതിന് ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് ആപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കണം. അതിനാല്‍ കറന്‍സി ഇടപാടുകള്‍ ഉടന്‍ നടത്തേണ്ട ആവശ്യമില്ലാത്തവര്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വീട്ടില്‍ തന്നെ കഴിയുക. എന്തെങ്കിലും കാരണത്താല്‍ ബാങ്കിലോ, എടിഎമ്മിലോ പോകുന്നപക്ഷം സാമൂഹിക അകലം പാലിക്കാനും കൈകള്‍ കഴുകാനും ശ്രമിക്കുക. ഒരേസമയം അഞ്ചു വ്യക്തികള്‍ക്കു മാത്രമായിരിക്കും ബാങ്കില്‍ പ്രവേശനം അനുവദിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates