

പാലക്കാട്: പാലക്കാട് അഗളി ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് ഒരു സ്ത്രീയുള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനിദളത്തില്‍ ഉള്‍പ്പെട്ട മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ തിരച്ചില്‍ നടത്തിയത്.
പെട്രോളിംഗിനിറങ്ങിയ നിലമ്പൂരില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചെന്നുമാണ് പൊലീസ് അറിയിച്ചത്. തണ്ടര്‍ബോള്‍ട്ട് അസിസ്റ്റന്റ് കമാണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചത്. തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് നിന്ന് മാവോയിസ്റ്റുകളുടെ തോക്കുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
ഏറ്റുമുട്ടലിന് പിന്നാലെ മാവോയിസ്റ്റുകള്‍ ചിതറിപ്പോയിരിക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് മേഖലയില്‍ വീണ്ടും തിരച്ചില്‍ നടത്തി. പാലക്കാട് എസ്പി ടി വിക്രം, ആന്റി മാവോയിസ്റ്റ് സ്‌ക്വാഡ് കമാണ്ടന്റ് ചൈത്ര തേരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്.
മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി റവന്യൂപൊലീസ് അധികൃതര്‍ സ്ഥലത്തെത്തി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കോ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കോ ആകും കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോവുക.
അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ ആരോപിച്ചു. ഏറ്റുമുട്ടലാണോ വെടിവെയ്പാണോ എന്ന് വ്യക്തമായി അറിയില്ലെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ പ്രതികരണം. രണ്ടുവര്‍ഷം മുന്‍പ് നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. ഏഴുമാസം മുന്‍പ് വയനാട് ലക്കിടി ഉപവന്‍ റിസോര്‍ട്ടിന് സമീപത്തുണ്ടായ വെടിവെപ്പില്‍ മലയാളിയായ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates