'അതിനുള്ള പണി ഞങ്ങള്‍ തുടങ്ങി, നോക്കിയിരുന്നോ നിന്റെ മരണം'; തൃശൂര്‍ പൂരത്തില്‍ നിയന്ത്രണം കൊണ്ടുവന്നതിന് മൃഗാവകാശ പ്രവര്‍ത്തകന് പൂരപ്രേമികളുടെ വധഭീഷണി

സംഘടനയുടെ ഫേയ്‌സ്ബുക് പേജില്‍ പോസ്റ്റ് ചെയ്യുന്ന കുറിപ്പുകള്‍ക്ക് താഴെയാണ് ഭീഷണി സന്ദേശങ്ങള്‍ വന്നിരിക്കുന്നത്
'അതിനുള്ള പണി ഞങ്ങള്‍ തുടങ്ങി, നോക്കിയിരുന്നോ നിന്റെ മരണം'; തൃശൂര്‍ പൂരത്തില്‍ നിയന്ത്രണം കൊണ്ടുവന്നതിന് മൃഗാവകാശ പ്രവര്‍ത്തകന് പൂരപ്രേമികളുടെ വധഭീഷണി
Updated on
2 min read

തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിനും ആന എഴുന്നുള്ളിക്കലിനും നിയന്ത്രണം കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച മൃഗാവകാശ പ്രവര്‍ത്തകന് പൂരപ്രേമികളില്‍ നിന്ന് വധഭീഷണി നേരിടുന്നതായി പരാതി. ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ സ്ഥാപകനും തൃശൂര്‍ സ്വദേശിയുമായ വെങ്കിടാചലത്തിന് നേരെയാണ് വധ ഭീഷണിയുള്ളത്. സംഘടനയുടെ ഫേയ്‌സ്ബുക് പേജില്‍ പോസ്റ്റ് ചെയ്യുന്ന കുറിപ്പുകള്‍ക്ക് താഴെയാണ് ഭീഷണി സന്ദേശങ്ങള്‍ വന്നിരിക്കുന്നത്. 

നിരവധി വധ ഭീഷണി വന്നതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വെങ്കിടാചലം. തൃശൂര്‍പൂരത്തിന് പകല്‍ സമയത്തെ വെടിക്കെട്ടിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് തൃശൂര്‍ ജില്ലാ ഭരണകൂടം ഉത്തരവ് ഇറക്കിയിരുന്നു. രാവിലെ 11 മണിക്ക് ശേഷമാണ് വെടിക്കെട്ടിന് നിരോധനം കൊണ്ടുവന്നത്. ഇത് കൂടാതെ രണ്ട് ദിവസം ആനകളെ തുടര്‍ച്ചയായി എഴുന്നുള്ളിക്കുന്നതിന് എതിരേയും അധികൃതര്‍ രംഗത്തെത്തിയതും പൂരപ്രേമികളെ പ്രകോപിപ്പിച്ചു. 

ഉത്സവദിവസം രാവിലെയും രാത്രിയും പിറ്റേദിവസം ഉച്ചയ്ക്കുമാണ് ആനയെ എഴുന്നുള്ളിക്കാറുള്ളത്. എന്നാല്‍ തുടര്‍ച്ചയായി ആനയെ എഴുന്നുള്ളിക്കുന്നത് തടഞ്ഞുകൊണ്ടാണ് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. രാവിലെ എഴുന്നുള്ളിക്കുന്ന ആനയെ രാത്രിയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും രാത്രി നില്‍ക്കുന്ന ആനയെ അടുത്തദിവസം ഉപയോഗിക്കരുതെന്നുമായിരുന്നു കളക്റ്ററുടെ ഉത്തരവ്. ഇതിനെക്കുറിച്ച് വെങ്കിടാചലമിട്ട പോസ്റ്റിനാണ് പൂര പ്രേമികള്‍ വധഭീഷണി മുഴക്കിയത്. താന്‍ തൃശൂര്‍ പൂരത്തിന് എതിരല്ലെന്നും എന്നാല്‍ പൂരത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ആളപായം ഉണ്ടാകുന്നത് ഒഴിവാക്കാനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും സമകാലിക മലയാളത്തോട് അദ്ദേഹം വ്യക്തമാക്കി.

പൂരത്തിന്റെ ഭാഗമായി ചെറിയ ചന്ദ്രശേഖരന്‍ എന്ന ആനയെ തിരുവമ്പാടി വിഭാഗം മണിക്കൂറുകളോളമാണ് എഴുന്നുള്ളിച്ചത്. ഉത്സവത്തിന് ശേഷം കൊടി ഉയര്‍ത്താനായി സ്ഥാപിച്ച കവുങ്ങ്‌ എടുത്തുമാറ്റാനായി  ചന്ദ്രശേഖരനെ കൊണ്ടുവന്നെങ്കിലും അത് തള്ളിമറിച്ചിടാന്‍ പോലും സാധിക്കാത്ത രീതിയില്‍ അവശനായിരുന്നു ആന. ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നു പ്രതികരിക്കുന്നതാണ് തനിക്കെതിരേ വധഭീഷണി ഉയരാന്‍ കാരണമാകുന്നതെന്നാണ് വെങ്കിടാചലം പറയുന്നത്. തന്നെയും തന്റെ കൂടെയുള്ളവരേയും ഇല്ലാതാക്കും എന്ന രീതിയിലാണ് ഭീഷണികള്‍ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പൂരവുമായി ബന്ധപ്പെട്ട് ആനകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വീഡിയോഗ്രാഫി മത്സരവും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആന പീഡനങ്ങളെക്കുറിച്ചുള്ള വീഡിയോകളും സംഘടനയുടെ പേജിലൂടെ വെങ്കിടാചലം പുറത്തുകൊണ്ടുവരാറുണ്ട്. അക്കൗണ്ടന്റായ വെങ്കിടാചലം 1997 ലാണ് മൃഗ സംരക്ഷണ മേഖലയിലേക്ക് കടക്കുന്നത്. തന്റെ മുന്നിലുണ്ടായിട്ടുള്ള മൃഗ പീഡനങ്ങള്‍ കണ്ടാണ് വെങ്കിടാചലം സംഘടനയ്ക്ക് രൂപം നല്‍കുന്നത്. ഹെറിറ്റേജ് അനിമല്‍സായ പുലി, കടുവ, മയില്‍, ആന എന്നിവയുടെ സംരക്ഷണമാണ് സംഘടനയുടെ ലക്ഷ്യം.

ഇതിന് മുന്‍പും വെങ്കിടാചലത്തിന് നേരെ അക്രമണമുണ്ടായിട്ടുണ്ട്. 2008 ലായിരുന്നു ഇത്. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്നായിരുന്നു മര്‍ദ്ദനം. പൂരത്തിന് നേതൃത്വം നല്‍കുന്നത് മാഫിയയാണെന്നും അവരായിരിക്കും അക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്നുമാണ് വെങ്കിടാചലത്തിന്റെ വാദം. ഉത്സവങ്ങളില്‍ ആനയെ എഴുന്നുള്ളിക്കുന്നതും വെടിക്കെട്ട് നടത്തുന്നതും ഇത്തരം മാഫിയകള്‍ക്ക് തിരിച്ചടിയാവുമെന്ന ഭയമാണ് തനിക്കെതിരെ തിരിയാന്‍ കാരണമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com