പൂച്ച മാന്തിയതിനെ തുടർന്ന് പേ വിഷബാധയേറ്റ് 11 വയസുകാരൻ മരിച്ചു എന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. മുറിവ് ഇല്ലാതിരുന്നതിനാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോയില്ല എന്നാണ് വാർത്തകൾ. ഈ വാർത്തയ്ക്ക് പിന്നാലെ ഇത്തരം വിഷയങ്ങൾ നാം നിസ്സാരമായി കാണുന്നത് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നു.
റാബീസ് എന്ന പേ വിഷബാധ ഉണ്ടാക്കുന്ന വൈറസ് ശരീരത്തിൽ കയറാൻ കണ്ണു കൊണ്ട് കാണാൻ സാധിക്കുന്ന ഒരു മുറിവ് വേണമെന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. മൃഗങ്ങൾ മാന്തി അല്ലെങ്കിൽ പല്ല് കൊണ്ടു എന്നു തോന്നിയാൽ പോലും നിർബന്ധമായും ആശുപത്രിയിൽ പോകണമെന്ന് കുറിപ്പിൽ പറയുന്നു. പൂച്ചകൾ പോലുള്ള വളർത്തു ജീവികളുമായി കുട്ടികൾ അടുത്തിടപഴകുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അതിൽ പറയുന്നു. സുധീർ കെഎച്ച് എന്നയാൾ പങ്കുവച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
വളരെ സങ്കടകരമായ ഒരു വാർത്തയാണ്… പൂച്ച മാന്തിയതിനെ തുടർന്ന് പേ വിഷബാധയേറ്റ് 11 വയസ്സുകാരൻ മരണപ്പെട്ടു എന്നതാണ് ഇന്നത്തെ പത്രങ്ങളിൽ വന്ന ആ വാർത്ത! എന്താണ് നമ്മുടെ ആളുകൾ കാര്യങ്ങൾ ഇത്ര നിസ്സാരമായി കാണുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.’ പൂച്ച മാന്തി എങ്കിലും മുറിവ് ഇല്ലാതിരുന്നതിനാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയില്ല’ എന്നാണ് വാർത്ത കണ്ടത്. റാബീസ് എന്ന പേ വിഷബാധ ഉണ്ടാക്കുന്ന വൈറസ് ശരീരത്തിൽ കയറാൻ കണ്ണുകൊണ്ട് കാണാൻ സാധിക്കുന്ന ഒരു മുറിവ് വേണമെന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
പൂച്ചയുടെ അല്ലെങ്കിൽ പേ വിഷബാധ ഉണ്ടാക്കാൻ സാധിക്കുന്ന ഏത് മൃഗത്തിന്റെ ആയാലും നഖം ഒന്ന് പോറിയാൽ മതി വിഷബാധ ഏൽക്കാൻ. കണ്ണുകൊണ്ട് കാണാൻ സാധിക്കുന്ന ഒരു പോറൽ വേണമെന്നുമില്ല. പേ വിഷബാധയുള്ള മൃഗങ്ങളുടെ ഉമിനീർ ശരീരത്തിൽ പുരണ്ടാൽ പോലും വിഷബാധ ഏൽക്കാം… അതുകൊണ്ട് മൃഗങ്ങൾ മാന്തി അല്ലെങ്കിൽ പല്ല് കൊണ്ടു എന്നു തോന്നിയാൽ പോലും നിർബന്ധമായും ആശുപത്രിയിൽ പോകണം.കുട്ടികൾ പൂച്ചകൾ പോലുള്ള വളർത്തുജീവികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സാധിക്കുമെങ്കിൽ ഇവയെ ഒന്നും വീട്ടിൽ വളർത്താതിരിക്കുക. വളർത്തണം എന്നത് നിർബന്ധമാണെങ്കിൽ വീടിന്റെ അകത്തേക്ക് ഒരു കാരണവശാലും കയറ്റാതിരിക്കുക. കാരണം കളിക്കുമ്പോൾ പൂച്ചക്കുട്ടികളുടെ നഖം കുട്ടികളുടെ ദേഹത്തു കൊള്ളാൻ സാധ്യത വളരെ കൂടുതലാണ്. അത് നമ്മൾ പലപ്പോഴും അറിയുകയുമില്ല.
പൂച്ചയെ വീടിനകത്ത് കയറ്റരുത് എന്നു പറയാൻ വേറെയും കാരണം ഉണ്ട്. പൂച്ചയുടെ രോമത്തിൽ നിന്നും മറ്റു അവശിഷ്ടങ്ങളിൽ നിന്നും മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന അണുക്കൾ ഉണ്ടാക്കുന്ന Toxoplasmosis എന്ന രോഗം ഗർഭാവസ്ഥയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നും ഗർഭസ്ഥശിശുവിന് വൈകല്യങ്ങൾ ഉണ്ടാക്കും എന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പൂച്ചയെ എടുക്കാനും കുട്ടികളെ അനുവദിക്കരുത്. എന്റെ പൂച്ച വീട്ടിൽ നിന്ന് മറ്റെവിടേക്കും പോകാറില്ല എന്നൊക്കെയുള്ള ന്യായങ്ങൾ വെറുതെയാണ്. പൂച്ച എവിടെയൊക്കെ പോകുന്നു എന്നോ മറ്റേതൊക്കെ മൃഗങ്ങളുമായി ഇടപഴകുന്നു എന്നോ മറ്റേതെങ്കിലും മൃഗങ്ങളുടെ പക്കൽ നിന്നും മാന്തോ കടിയോ കിട്ടുന്നുണ്ടോ എന്നോ ഒക്കെ നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല.
അതുകൊണ്ട് വീട്ടിൽ വളർത്തുന്ന പൂച്ചയോ പൂച്ചക്കുഞ്ഞുങ്ങളോ നായയോ നായ്ക്കുട്ടിയോ ആണ് കടിക്കുന്നത് അല്ലെങ്കിൽ മാന്തുന്നത് എങ്കിലും നിർബന്ധമായും പേ വിഷബാധക്കെതിരായ വാക്‌സിൻ എടുത്തിരിക്കണം.
വാക്‌സിൻ നിങ്ങളുടെ പ്രദേശത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും താലൂക്ക് ആശുപത്രി മുതൽ മുകളിലേക്കുള്ള എല്ലാ സർക്കാർ ആശുപത്രിയിലും തീർത്തും സൗജന്യമായി ലഭിക്കും. ഒട്ടും വേദനയില്ലാത്ത തീരെ ചെറിയ സൂചി കൊണ്ട് തൊലിപ്പുറമെ എടുക്കുന്ന 4 കുത്തിവയ്‌പ്പുകൾ ആണിത്. ഇതിന് നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്റെ വിലയുണ്ട് എന്നത് വിസ്മരിക്കരുത്.. പൂച്ച മാത്രമല്ല, വവ്വാൽ, കീരി, കുറുക്കൻ, അണ്ണാൻ, മുയൽ അങ്ങനെ എന്ത് മൃഗം ആണെങ്കിലും അവ മാന്തുകയോ കടിക്കുകയോ ചെയ്താൽ ഉടനെ പോയി വാക്‌സിൻ എടുത്തിരിക്കണം. ഒരുകാരണവശാലും fraud ചികിത്സകരുടെ അടുത്ത് പോയി അവരുടെ ഉപദേശം കേട്ട് നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ പണയം വയ്ക്കരുത് എന്നപേക്ഷിക്കുന്നു..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates