

സുല്‍ത്താന്‍ ബത്തേരി: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. രോഷാകുലരായ നാട്ടുകാര്‍ അധ്യാപകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും സ്റ്റാഫ് റൂമിന്റെ വാതില്‍ തല്ലി പൊളിക്കുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. അതേസമയം സംഭവത്തെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന് പാമ്പു കടിയേറ്റ സമയത്ത് ക്ലാസ് റൂമില്‍ ഉണ്ടായിരുന്ന സയന്‍സ് അധ്യാപകന്‍ സ്റ്റാഫ് റൂമില്‍ ഉണ്ടെന്ന് അറിഞ്ഞ് രക്ഷിതാക്കള്‍ അടങ്ങുന്ന നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. സ്റ്റാഫ് റൂമിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്ന നാട്ടുകാര്‍ അധ്യാപകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഈസമയത്ത് സയന്‍സ് അധ്യാപകന്‍ സ്റ്റാഫ് റൂമിന്റെ പിന്നിലെ വാതിലിലൂടെ പുറത്തേയ്ക്ക് പോയതായാണ് വിവരം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.
അതേസമയം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പാമ്പു കടിയേറ്റ സമയത്ത് ക്ലാസ് റൂമില്‍ ഉണ്ടായിരുന്ന സയന്‍സ് അധ്യാപകന്‍ ഷിജിലിനെ സസ്‌പെന്‍ഡ് ചെയ്തു. ഷഹ്ലയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് നടപടിയെടുത്തത്.സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും ആരോപണവിധേയരായ അധ്യാപകര്‍ക്ക് മെമ്മോ നല്‍കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ എത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു.
വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്.
 വിദ്യാര്‍ത്ഥിനി കരഞ്ഞ് പറഞ്ഞിട്ടും മൂക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് സഹപാഠികള്‍ പറയുന്നു. കുട്ടിയുടെ രക്ഷിതാവ് വന്നാണ് ഷഹ്ല ഷെറിനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാര്‍്ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിനാണ് ഇന്നലെ ക്ലാസില്‍ വച്ച് പാമ്പു കടിയേറ്റത്. ക്ലാസിന്റെ ചുമരിനോട് ചേര്‍ന്നുളള പൊത്തില്‍ പതിയിരുന്ന പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു. 3.15നാണ് ഷഹ്ലയുടെ കാലില്‍ മുറിവ് കണ്ടത്. ഇതോടെ അവള്‍ കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ കാലില്‍ നീല നിറമായി. പാമ്പു കടിച്ചതാണെന്ന് ഷഹ്ല തന്നെ പറയുന്നുണ്ടായിരുന്നു. എന്നിട്ടും ആരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞ അധ്യാപികയെ ശാസിക്കുകയാണ് മറ്റു അധ്യാപകര്‍ ചെയ്തത്. 'ഞങ്ങള്‍ എല്ലാം കരഞ്ഞുപറഞ്ഞു' എന്നിട്ടും ആരും അനങ്ങിയില്ല വിദ്യാര്‍ത്ഥികള്‍ പറയുന്നു.സ്‌കൂള്‍ വിടുന്നതിന് തൊട്ടുമുന്‍പ് പതിവായി കേള്‍പ്പിക്കാറുളള ദേശീയഗാനത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ക്ലാസില്‍ കയറുമ്പോള്‍ ചെരുപ്പ് ഇടാന്‍ അധ്യാപകര്‍ അനുവദിക്കാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്ലാസ് വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിന് വിശദീകരണമായി അധ്യാപകര്‍ തുടര്‍ച്ചയായി പറയാറെന്നും കുട്ടികള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനിടെ, സ്‌കൂളിലെ ക്ലാസ് മുറികള്‍ സുരക്ഷിതമല്ല എന്ന് വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ലാസ് മുറിയില്‍ നിരവധി മാളങ്ങളാണ് കണ്ടെത്തിയത്.
അതേസമയം കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിനുളള നടപടികള്‍ ഉടന്‍ സ്വീകരിച്ചതായി പ്രിന്‍സിപ്പല്‍ പറയുന്നു. നാലുമണിക്ക് മുന്‍പ് തന്നെ കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ ആസമയത്ത് ജൂനിയര്‍ ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടി ഛര്‍ദിച്ചതിനെ തുടര്‍ന്ന് പാമ്പു കടിയാണെന്ന് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
