കോഴിക്കോട്: കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തെന്നിമാറി പൈലറ്റടക്കം നാല് പേർ മരിച്ച അപകടം ഓർമിപ്പിക്കുന്നത് പത്ത് വർഷം മുൻപ് മംഗളൂരുവിലുണ്ടായ ദുരന്തത്തെ. കരിപ്പൂരിൽ ക്രാഷ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം മൂക്കുകുത്തി വീഴുകയായിരുന്നു. മുൻഭാഗം പൂർണമായും തകർന്നു. കോക്ക്പിറ്റിന് തൊട്ടുപിന്നിലുണ്ടായിരുന്ന യാത്രക്കാർക്കാണ് ഗുരുതര പരിക്കുകളേറ്റത്. വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നതാണ് ആശ്വാസം.
2010 മെയ് 21ന് രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ജീവനക്കാരടക്കം 166 പേരുമായി മംഗലാപുരത്തേക്ക് എത്തിയ വിമാനമാണ് ലാൻഡിങിന് തൊട്ടുമുൻപ് തീപ്പിടിച്ച് അപകടത്തിൽപ്പെട്ടത്. എയർ ഇന്ത്യ എക്സ്പ്രസ് 812 വിമാനം മംഗലാപുരം ബജ്പെ വിമാനത്താവളത്തിൽ രാവിലെ ആറരയോടെ ലാൻഡിങ്ങിന് ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം.
വിമാനം റൺവേയിൽ നിന്ന് തെന്നിമാറി മണൽതിട്ടയിൽ ഇടിക്കുകയായിരുന്നു. പിന്നേയും മുന്നോട്ട് നീങ്ങിയ വിമാനത്തിന്റെ ചിറകുകൾ കോൺക്രീറ്റ് ടവറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇന്ധനം ചോർന്ന് സെക്കന്റുകൾക്കുള്ളിൽ വിമാനം കത്തിയമർന്നായിരുന്നു അന്നത്തെ ദുരന്തം.
എട്ട് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞു പോയിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ഒന്നിച്ച് സംസ്‌കരിക്കുകയായിരുന്നു.
കരിപ്പൂരിലുണ്ടായത് ക്രാഷ് ലാൻഡിങ് ആണെന്നാണ് റിപ്പോർട്ടുകൾ. മംഗലാപുരം ദുരന്തത്തിന് സമാനമായ രീതിയിൽ തീപ്പിടുത്തമുണ്ടാവാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates