തിരുവനന്തപുരം: സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ ആഗ്രഹിക്കുന്ന വഴിയിലാണ് അന്വേഷണ ഏജൻസികൾ നീങ്ങുന്നതെന്നും ആദ്യം ശരിയായ ദിശയിൽ നീങ്ങിയ അന്വേഷണത്തിൽ പിന്നീടുണ്ടായ ഇടപെടലുകൾ സംശയമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണ ഏജൻസികൾ പൊതുവിൽ സ്വീകരിക്കേണ്ട പ്രൊഫഷണൽ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോൾ ചിലത് പറയാതെ പറ്റില്ലെന്നു പറഞ്ഞാണ് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനങ്ങൾ നടത്തിയത്. അന്വേഷണ ഏജൻസികൾ പരിധിവിട്ടാൽ സർക്കാർ എല്ലാം സഹിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും ഏജൻസിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സ്വർണക്കളളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർന്നുവന്നപ്പോൾ തന്നെ സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന കുറ്റകൃത്യങ്ങളെ പറ്റി സമഗ്രവും ഏകോപിതവുമായ അന്വേഷണം കേന്ദ്ര സർക്കാരിനോട് ആദ്യ ഘട്ടത്തിൽ തന്നെ ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണ്. ഇവർക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം നിയമവഴികളിലൂടെ സഞ്ചരിക്കുമെന്ന ന്യായയുക്തമായ പ്രതീക്ഷയാണ് സ്വാഭാവികമായി സംസ്ഥാന സർക്കാരിനും ആ ഘട്ടത്തിൽ ഉണ്ടായിരുന്നത്.
തുടക്കത്തിൽ അന്വേഷണം നല്ല രീതിയിൽ നടന്നു. എന്നാൽ ഏജൻസികളുടെ ഭാഗത്ത് നിന്ന് പിന്നീടുണ്ടായ ചില ഇടപെടലുകൾ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നുവെന്ന സംശയമുണർത്തുന്ന തരത്തിലായി. അന്വേഷണം പുരോഗമിക്കുമ്പോൾ എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയമാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നതെന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി. അന്വേഷണം ഒരു ഏജൻസി സ്വകാര്യമായി നടത്തേണ്ട കാര്യമാണ് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ തലത്തിലേക്കാണ് നീങ്ങുന്നത്.
ഏജൻസിക്ക് പുറത്തുളള ആളുകൾ അടുത്ത ഘട്ടത്തിൽ, അടുത്ത നിമിഷം, അടുത്ത ദിവസം എന്താണ് ചെയ്യാൻ പോകുന്നത്, എങ്ങനെയാണ് ഏജൻസി പോകുന്നത് എന്നത് സംബന്ധിച്ച മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവർ എന്താണോ പ്രഖ്യാപിക്കുന്നത് അത് അനുസരിച്ച് അന്വേഷണ ഏജൻസികൾ അടുത്ത ദിവസം നീങ്ങുന്നു. അന്വേഷണ ഏജൻസികളുടെ സാമാന്യ മര്യാദകൾ പോലും പാലിക്കപ്പെടുന്നില്ല. മൊഴികളിലേയും മറ്റും ഭാഗങ്ങൾ ഓരോരുത്തരുടെ താൽപര്യങ്ങൾക്കനുസരിച്ച് സെലക്ടീവായി ചോർന്ന് മാധ്യമങ്ങളിൽ വരുന്ന അവസ്ഥയുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates