അപകടത്തിൽ പരുക്കേറ്റ് നടക്കാനാവാത്ത വിദ്യാർത്ഥിയെ ഇന്റേണൽ പരീക്ഷയ്ക്ക് എത്തിച്ചു; അധ്യാപികയ്ക്കെതിരെ പ്രതിഷേധം

എറണാകുളം ഗവ ലോ കോളജ് അധ്യാപികയ്ക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്
അപകടത്തിൽ പരുക്കേറ്റ് നടക്കാനാവാത്ത വിദ്യാർത്ഥിയെ ഇന്റേണൽ പരീക്ഷയ്ക്ക് എത്തിച്ചു; അധ്യാപികയ്ക്കെതിരെ പ്രതിഷേധം
Updated on
1 min read

കൊച്ചി: അപകടത്തിൽ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന വിദ്യാർത്ഥിയെ ഇന്റേണൽ പരീക്ഷ എഴുതിക്കാനായി വിളിച്ചുവരുത്തിയ അധ്യാപികയ്ക്കെതിരെ പ്രതിഷേധം. എറണാകുളം ഗവ. ലോ കോളജ് അധ്യാപികയ്ക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. കാലിനും കൈയ്ക്കും പരുക്കേറ്റ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അതുൽ സുന്ദറിനെ പരീക്ഷയ്ക്കായി വിളിച്ചുവരുത്തിയതാണ് പ്രശ്നമായത്.

അധ്യാപിക മാപ്പ് പറയണമെന്നും വിദ്യാർത്ഥി പരീക്ഷയ്ക്കായി ടാക്സി പിടിച്ചു എത്തിയതിനുള്ള ചെലവ് നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അധ്യാപികയായ എ കെ മറിയാമ്മയ്ക്കെതിരെയാണ് വിദ്യാർഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം നടന്നത്. സ്റ്റാഫ് റൂമിൽ അധ്യാപികയെ മണിക്കൂറുകളോളം ഇവർ ഉപരോധിച്ചു.

3 വർഷ എൽഎൽബി ഒന്നാം വർഷ വിദ്യാർഥിയായ അതുലിനെ ‘സിവിൽ പ്രൊസിജിയർ’ പരീക്ഷ എഴുതാനാണ് വിളിച്ചുവരുത്തിയത്. ഒരു സെമസ്റ്ററിൽ മൂന്ന് ഇന്റേണൽ പരീക്ഷകൾ നടത്തി ഇതിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന പരക്ഷയുടെ മാർക്കാണ് ഇന്റേണലിന് പരി​ഗണിക്കുന്നത്. സിവിൽ പ്രൊസീജിയർ’ പേപ്പറിൽ ഇതു രണ്ടാമത്തെ ഇന്റേണൽ പരീക്ഷയാണ് നടത്തുന്നതെന്നും അടുത്ത പരീക്ഷ എഴുതാൻ അവസരം ഉണ്ടായിരിക്കെ ഇപ്പോൾ എടുത്ത നിലപാട് മനുഷ്യത്വരഹിതമാണെന്നും സഹപാഠികൾ ആരോപിച്ചു.  

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇടക്കൊച്ചിയിലുണ്ടായ ബൈക്ക് അപകടത്തിലാണ് അതുലിന്റെ ഇടതു കാലിനും ഇടതു കൈയ്ക്കും പരുക്കേറ്റത്. പരുക്കുള്ളതിനാൽ കൈ സ്ലിങ് ഇട്ടും കാൽ അനങ്ങാതിരിക്കാൻ പാഡ് കെട്ടിയും നെയ്യാറ്റിൻകരയിലെ വീട്ടിൽ വിശ്രമത്തിലാണ് അതുലിപ്പോൾ. ഇന്റേണൽ പരീക്ഷ എഴുതാൻ എത്താനാകില്ലെന്ന് പറഞ്ഞ് അതുലും പിതാവും അധ്യാപികയെ ബന്ധപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. പ്രിൻസിപ്പലും അധ്യാപികയുടെ തീരുമാനത്തിനു വിട്ടതോടെ നെയ്യാറ്റിൻകരയിൽ നിന്നു ടാക്സിയിൽ ഇവർ കൊച്ചിയിലേക്ക് വരികയായിരുന്നു.

11.30ന് നിശ്ചയിച്ചിരുന്ന പരീക്ഷ മ്യൂസിക് ക്ലബ് പരിപാടി മൂലം ഉച്ചയ്ക്ക് 1.30ലേക്കു മാറ്റി. അതുവരെ അതുലിനെ വാഹനത്തിൽ ഇരുത്തുന്നത് ശരിയല്ലെന്ന് വിദ്യാർഥികൾ ആരോപിച്ചതിനെത്തുടർന്ന് സ്റ്റാഫ് റൂമിലിരുത്തി രാവിലെ പത്ത് മണിയോടെ പരീക്ഷ എഴുതാൻ അനുവദിച്ചു. അതുൽ പരീക്ഷ എഴുതി മടങ്ങിയതിന് ശേഷമാണ് സഹപാഠികൾ സ്റ്റാഫ് റൂമിലെത്തി പ്രതിഷേധിച്ചത്. ഇതേതുടർന്ന് കോളജ് അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ ചർച്ചയിൽ പ്രശ്നം ചർച്ച ചെയ്യാൻ തിങ്കളാഴ്ച സ്റ്റാഫ് മീറ്റിങ് വിളിക്കാമെന്ന ധാരണയിലാണ് പ്രതിഷേധം അവസാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com