

കൊച്ചി: ജനാധിപത്യസമൂഹത്തിന്റെ അന്തകവിത്തുകളെ ഒറ്റപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട എറണാകുളം മഹാരാജാസ് കൊളേജിലെ എസ്എഫ്എ നേതാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വം നമുക്ക് കരുത്ത് പകരുന്നതായി എസ്എഫ്‌ഐ മുന്‍നേതാവ് പുത്തലത്ത് ദിനേശന്‍.നിന്നെ കുത്തിവീഴ്ത്തി, നീ ഉയര്‍ത്തിയ ഔന്നിത്യത്തിന്റെ ലോകത്തെ ഇല്ലാതാക്കാമെന്ന് കരുതിയവരുടെ ചെയ്തികളെ കേരളം കൂട്ടായിനിന്ന് പ്രതിരോധിക്കുകയാണ്. പിന്തിരിപ്പന്‍ ശക്തികള്‍ പോറ്റിവളര്‍ത്തിയ ന്യായീകരണക്കാരുടെ മുഖത്ത് ഇന്നലെയുള്ളതിനേക്കാള്‍ എത്രയോ കരുത്തോടെ ജനങ്ങള്‍ ആഞ്ഞുതൊഴിക്കാനും തുടങ്ങിയിരിക്കുന്നുവെന്ന് പുത്തലത്ത് ദിനേശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അഭിമന്യൂവിന് സ്വപ്നങ്ങളുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും. നമുക്ക് അത് മുന്നോട്ടുകൊണ്ടുപോകാനാവണം. കൂടുതല്‍ പേരെ നമുക്കൊപ്പം ചേര്‍ത്തുകൊണ്ട്. അതാണ് നമ്മുടെ ഉത്തരവാദിത്തം. അതിനായി വര്‍ഗീയവും തീവ്രവാദപരവുമായ ആശയങ്ങള്‍ക്കെതിരായുള്ള സമരങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനുമാവണം. ഒപ്പം അഭിമന്യൂവിനെ ഇല്ലാതാക്കിയവരെ നിയമനടപടികളിലൂടെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാനുമാവണമെന്നും പുത്തലത്ത് ദിനേശന്‍ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം
സഖാവെ, നിന്റെ സ്വപ്നങ്ങള്‍ സഫലമാവാതെയെങ്ങനെ?
******************************
കലാലയത്തില്‍ നേരിന്റെ കാഴ്ചകള്‍ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ അഭിമന്യൂ നിന്നെ ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. നിന്റെ ഓര്‍മ്മകളില്‍ വിതുമ്പുന്ന ഒരു ജനത കണ്ണീര്‍ക്കയങ്ങളിലാണ്. നീ സൃഷ്ടിച്ച നിന്റെ സൗഹൃദവലയങ്ങള്‍ വേര്‍പാടുമായി പൊരുത്തപ്പെടാനാവാതെ അലമുറയിടുകയാണ്. നിന്റെ ജീവിതം തങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്ന് കൂടുതലായി ലോകം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. നിന്റെ ശേഷി, നിന്റെ ത്യാഗം, നിന്റെ വേദനകള്‍, നിന്റെ സ്വപ്നങ്ങള്‍ അങ്ങനെയെല്ലാം.
നിന്നെ കുത്തിവീഴ്ത്തി, നീ ഉയര്‍ത്തിയ ഔന്നിത്യത്തിന്റെ ലോകത്തെ ഇല്ലാതാക്കാമെന്ന് കരുതിയവരുടെ ചെയ്തികളെ കേരളം കൂട്ടായിനിന്ന് പ്രതിരോധിക്കുകയാണ്. പിന്തിരിപ്പന്‍ ശക്തികള്‍ പോറ്റിവളര്‍ത്തിയ ന്യായീകരണക്കാരുടെ മുഖത്ത് ഇന്നലെയുള്ളതിനേക്കാള്‍ എത്രയോ കരുത്തോടെ ജനങ്ങള്‍ ആഞ്ഞുതൊഴിക്കാനും തുടങ്ങിയിരിക്കുന്നു.
ഇടുക്കിയിലെ വട്ടവട എന്ന ഗ്രാമത്തില്‍ നിന്നും പ്രതികൂലമായ സാഹചര്യങ്ങളെയെല്ലാം വകഞ്ഞുമാറ്റിക്കൊണ്ട് പഠനത്തിനിടയിലും പോരാട്ടത്തിന്റെയും വഴിയിലൂടെ കുതിച്ചുയര്‍ന്ന ഒരു നക്ഷത്രമായിരുന്നു നീ. അഭിമന്യു എന്നത് ഞങ്ങള്‍ക്കിനി ഇതിഹാസത്തിലെ ഒരു കഥാപാത്രമല്ല, ഞങ്ങള്‍ക്കായി പൊരുതിവീണ വീരനായകനാണ്. നിനക്ക് ആരോടും പകയുണ്ടായിരുന്നില്ല. ചുറ്റുപാടിലെ നെറികേടുകള്‍ക്കെതിരെ ഞങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയായിരുന്നു. നിന്റെ വേദനകളെ തമസ്‌ക്കരിച്ച് ജീവിതവും ചിന്തയുമെല്ലാം നാടിനായി മാറ്റിവയ്ക്കുകയായിരുന്നു. നാട്ടില്‍ നിന്ന് നഗരത്തിലേക്കുള്ള നിന്റെ അവസാന യാത്രപോലും സമര്‍പ്പണത്തിന്റെ ഔന്നിത്യത്തിലാണ് നിന്റെ ചിന്തകളെന്ന് ഞങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിനെതിരെയും ഫാസിസ്റ്റ് ചിന്തകള്‍ക്കെതിരെയും നിരന്തരം ജാഗ്രതപ്പെടുത്തുന്ന ശബ്ദമായിരുന്നു നിന്റേത്. വര്‍ഗീയ വിഷം വിതച്ച് കലാലയങ്ങളിലെ പുത്തന്‍ തലമുറയെ ഇരുട്ടിന്റെ വഴികളിലേക്ക് നയിക്കുന്നതിനെതിരെ പൊരുതുന്ന ജാഗ്രതായിരുന്നു നീ. ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതകള്‍ ആപത്താണെന്ന് ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്തുന്ന ചിന്തയും പ്രവര്‍ത്തിയുമായിരുന്നു നിന്റേത്.
ദുരിതപൂര്‍ണ്ണമായ ജീവിതത്തിനിടയില്‍ ഒരു പ്രകാശനാളമായി നിന്നെ വളര്‍ത്തിയെടുക്കാനായിരുന്നു അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം മുണ്ടുമുറുക്കിയുടുത്ത് ജീവിച്ചിരുന്നത്. വേദനകളിലും ചുറ്റും പ്രകാശനാളമായി മാറാനായിരുന്നു നിന്റെ ശ്രമം. ആരോടും പകയില്ലാത്ത ജീവിതമായിരുന്നു നിന്റേത്. കലയെയും കായിക രംഗത്തെയുമെല്ലാം സ്‌നേഹത്തോടെ കണ്ട് മനുഷ്യസ്‌നേഹത്തിന്റെ വഴിയിലൂടെ സ്വയം സഞ്ചരിച്ചവന്‍. മറ്റുള്ളവര്‍ക്ക് വെളിച്ചത്തിന്റെ മാര്‍ഗങ്ങള്‍ തെളിയിക്കാന്‍ വേദനകളെ സ്വയം ഏറ്റുവാങ്ങിയവാനായിരുന്നു. നഗരത്തിന്റെ തിരക്കുകളില്‍ ജീവിക്കുമ്പോഴും അതില്‍ മുങ്ങിപ്പോകാതെ തന്റെ നാട്ടിലെ ജനതയുടെ ഉന്നതിയെക്കുറിച്ചുള്ള സ്വപ്നങ്ങളാലും നയിക്കപ്പെട്ടവനായിരുന്നു നീ. നാടിനായി ജീവിച്ച നീ ഇന്ന് ഞങ്ങള്‍ക്കൊപ്പമില്ല എന്നത് വേദനയോടെയല്ലാതെ ഓര്‍ത്തിരിക്കാനുമാവില്ല. കേവലമായ കലാലയ സംഘര്‍ഷത്തിന്റെ ഭാഗമായി നഷ്ടപ്പെട്ടവനല്ല നീ, പുറം ലോകത്തെ ഇരുട്ടിന്റെ ശക്തികള്‍ നിഷ്‌കാസനം ചെയ്ത പോരാളിയാണുനീ.
മനുഷ്യരെ എല്ലാ മതില്‍ക്കെട്ടുകളില്‍ നിന്നും വിമോചിപ്പിച്ച് മുന്നോട്ടുപോകാന്‍ കൊതിച്ച നിനക്ക് വിദ്യാര്‍ത്ഥികളെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിച്ച ശക്തികളോട് സന്ധിയാകാനാവുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു തരം വര്‍ഗീയ പ്രത്യയശാസ്ത്രങ്ങളോടും സന്ധിചെയ്യാതെ ഉറച്ചുനിന്നു. അങ്ങനെ ജനതയുടെ ഒരുമയ്ക്കായി നിന്നതിന് നിന്റെ ജീവന്‍ തന്നെ നിനക്ക് വിലയായും നല്‍കേണ്ടിവന്നു.
അഭിമന്യൂവിന്റെ രക്ഷസാക്ഷിത്വത്തിന്റെ ഈ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് ലോകത്തെ തെളിഞ്ഞ കണ്ണോടെ കാണാനും നമുക്കാവണം. നമ്മുടെ രാജ്യത്ത് വര്‍ഗീയ പ്രത്യയശാസ്ത്രങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ ജനതയെ ഭിന്നിപ്പിക്കാനു ശ്രമിക്കുന്നവരുണ്ട്. ഇവര്‍ പലരൂപങ്ങളില്‍ കോര്‍പ്പറേറ്റുകളുടെ താത്പര്യങ്ങള്‍ക്കായി ഒത്തുപിടിക്കുകയാണ്. ഇതിന്റെ മുന്‍പന്തിയില്‍ സംഘപരിവാര്‍ രാഷ്ട്രീയമുണ്ട്. ഇവരുടെ ചിന്തകളാവട്ടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ വാരിവിതറിയിട്ടുണ്ട്. അത്തരം അരക്ഷിതാവസ്ഥയെ ഉപയോഗപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ഗീയവും തീവ്രവാദപരവുമായ ആശയം പ്രചരിപ്പിക്കുന്നവരും പിടിമുറുക്കാനും നോക്കുന്നുണ്ട്. ഈ രാഷ്ട്രീയവും സംഘപരിവാറിനെയും അത് മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രത്തെയും സഹായിക്കാന്‍ മാത്രമേ ഇടയാകൂ. ജനങ്ങളെ ഏറ്റുമുട്ടിക്കുന്ന ഇത്തരം രാഷ്ട്രീയത്തിനെതിരെ സന്ധിയില്ലാതെ പൊരുതിയ നിറവാര്‍ന്ന രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയായിരുന്നു അനുജാ നീ. നിന്റെ രക്ഷസാക്ഷിത്വത്തിന്റെ ഈ വേളയില്‍ ഞങ്ങളിത് കൂടുതല്‍ നന്നായി തിരിച്ചറിയുന്നു.
ഭൂരിപക്ഷ വര്‍ഗീയതയും തീവ്രവാദവും സൃഷ്ടിക്കുന്ന അന്തരീക്ഷമാണ് ന്യൂനപക്ഷ വര്‍ഗീയതയും തീവ്രവാദപരമായ ചിന്തകളെയും രൂപപ്പെടുത്തുന്നത്. ഇവര്‍ പരസ്പരം ചൂണ്ടിക്കാണിച്ച് കരുത്താര്‍ജ്ജിക്കാനാണ് ശ്രമിക്കുന്നത്. ഈ രണ്ട് ശക്തികളും പരസ്പര പൂരകമായി ജനാധിപത്യ സമൂഹത്തെ ഇല്ലായ്മ ചെയ്യുകയുമാണ്. സംഘപരിവാറും എസ്.ഡി.പി.ഐയുമെല്ലാം നമ്മുടെ ജനാധിപത്യസമൂഹത്തിന്റെ അന്തകവിത്തുകളാണ്. ജനങ്ങളെ അണിനിരത്തി ഇവരെ ഒറ്റപ്പെടുത്താനുമാവണം.
ജനജീവിതം മെച്ചപ്പെടുത്താനായി ഉത്പാദനം വര്‍ദ്ധിപ്പിച്ചും അവ നീതിയുക്തമായി വിതരണം ചെയ്തുമുള്ള ജനകീയ രാഷ്ട്രീയത്തെ ഇവര്‍ ദുര്‍ബലപ്പെടുത്തുകയാണ്. ഒരോ മതവിഭാഗത്തിനകത്തും ജീവിക്കുന്നവര്‍ ഇന്നേ വേഷം ധരിക്കണമെന്നും, ഇന്നേ ആഹാരം കഴിക്കണമെന്നും പ്രചരിപ്പിച്ചുകൊണ്ട് ആ സമൂഹത്തിനകത്തുനിന്ന് ഉയര്‍ന്നുവരേണ്ട ഗുണപരമായ ജീവിതക്രമത്തെയും ജനാധിപത്യപരമായ വികാസത്തെയും അത് തകര്‍ത്തുകൊണ്ടിരിക്കുന്നു. തങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന വിഭാഗത്തില്‍ മാത്രമല്ല, മറ്റു വിഭാഗങ്ങള്‍ക്കിടയിലും ഇത് അടിച്ചേല്‍പ്പിക്കുവാന്‍ ആയുധങ്ങള്‍ക്ക് ഇവര്‍ മൂര്‍ച്ച കൂട്ടുകയാണ്.
നെറികേടിന്റെ ഈ കാഴ്ചകളെ തകര്‍ക്കുന്നവിധം മനുഷ്യരെയെല്ലാം കൂട്ടിയോജിപ്പിച്ച് സാമൂഹ്യനീതിയുടെയും ജനാധിപത്യത്തിന്റെയും കൊടിക്കൂറയാണ് അഭിമന്യൂ നീ ഉയര്‍ത്തിപ്പിടിച്ചത്. അത് ഉന്നയിച്ചതിന്റെ പേരിലാണ് ആ കൊച്ചനുജന്‍ നമുക്കൊപ്പം ഇല്ലാതെപോയത്. നേതൃത്വഗുണത്തിന്റെ പടവുകള്‍ ചവിട്ടി നീ മുന്നോട്ടുവരികയായിരുന്നു. ഒരു വലിയ കലാലയത്തിന്റെ നേതൃത്വത്തിലേക്ക് എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി കുറഞ്ഞ നാളുകള്‍ കൊണ്ട് എത്തിയ നീ, ഭാവിയില്‍ നാടിനെ നയിക്കേണ്ടവനായിരുന്നുവല്ലോ.
അഭിമന്യൂവിന് സ്വപ്നങ്ങളുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും. നമുക്ക് അത് മുന്നോട്ടുകൊണ്ടുപോകാനാവണം. കൂടുതല്‍ പേരെ നമുക്കൊപ്പം ചേര്‍ത്തുകൊണ്ട്. അതാണ് നമ്മുടെ ഉത്തരവാദിത്തം. അതിനായി വര്‍ഗീയവും തീവ്രവാദപരവുമായ ആശയങ്ങള്‍ക്കെതിരായുള്ള സമരങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനുമാവണം. ഒപ്പം അഭിമന്യൂവിനെ ഇല്ലാതാക്കിയവരെ നിയമനടപടികളിലൂടെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാനുമാവണം.
സഖാവെ, നിന്റെ ജീവിതം ഞങ്ങള്‍ക്കായി തന്ന്, യാത്രയായി നീ. നിന്റെ സ്വപ്നങ്ങളെ അവശേഷിപ്പിച്ചുകൊണ്ട്. നിന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്താന്‍ ശ്രമിച്ചവരുടെ നെറികെട്ട ചിന്തകളല്ല, നീ ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ മാനവികതയാണ് ഇവിടെ പുലരുക. കേരളം ഇന്ന് കാട്ടിക്കൊണ്ടിരിക്കുന്നതതാണ്. നിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അത് നമുക്കേറ്റെടുക്കാം. അതാണ് നമുക്ക് ചെയ്യാനുള്ള ഉന്നതമായ ഐക്യദാര്‍ഢ്യവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates