

കൊച്ചി : എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസിലെ പ്രതിക്ക് പങ്കെന്ന് സര്‍ക്കാര്‍. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫിനാണ് കേസില്‍ പങ്കുള്ളത്. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഗൂഢാലോചനയില്‍ മനാഫിന് പങ്കുണ്ട്. അന്വേഷണം വഴിതെറ്റിക്കാന്‍ എസ്ഡിപിഐ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അഭിമന്യു വധക്കേസ് അന്വേഷണത്തിന്റെ പേരില്‍ തങ്ങളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഒരു കൂട്ടം വനിതകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഹര്‍ജിയില്‍ യാതൊരു അടിസ്ഥാനവുമില്ല. ഹര്‍ജി നല്‍കിയ സ്ത്രീകളെ ആരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടില്ല. അഥവാ ആരെയെങ്കിലും വിളിച്ചുവരുത്തിയിട്ടുണ്ടെങ്കില്‍ നോട്ടീസ് നല്‍കിയ ശേഷമാണ് വിളിച്ചു വരുത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഈ സന്ദര്‍ഭത്തിലാണ് കൈ വെട്ടു കേസിലെ പ്രതികള്‍ക്കും അഭിമന്യു വധ ഗൂഢാലോചനയില്‍ പങ്കുള്ളതായി സംശയമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കൈ വെട്ടു കേസിലെ പതിമൂന്നാം പ്രതിയായിരുന്ന മനാഫിന് ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇതുസംബന്ധിച്ച സൂചന കിട്ടിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. കൈവെട്ടുകേസില്‍ മനാഫിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
അഭിമന്യു കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പള്ളുരുത്തി സ്വദേശി ഷമീറും ഒളിവിലാണ്. ഇയാള്‍ക്കായും തിരച്ചില്‍ തുടരുകയാണ്. ഹര്‍ജിക്കാരിയുടെ ഒരു മകനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു മകനെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 
 
പ്രവാചക നിന്ദ ആരോപിച്ചാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാള അധ്യാപകന്‍ ടി ജെ ജോസഫിന്റെ വലതുകൈപ്പത്തി മതമൗലിക വാദികള്‍ വെട്ടിയത്. 2010 ജൂലൈ നാലിനാണ് കുടുംബത്തോടൊപ്പം ജോസഫ് കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്നത്. ചോദ്യപേപ്പറില്‍ മതനിന്ദാപരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നാരോപിച്ചായിരുന്നു അക്രമം. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
