

കൊച്ചി: ഉറങ്ങിപ്പോയ മകനെ വിളിച്ചുണര്‍ത്താന്‍ അമ്മ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി!. കൊച്ചിയില്‍ കൊച്ചുകടവന്ത്ര ശാന്തി വിഹാര്‍ അപ്പാര്‍ട്ട്‌മെന്റ്‌സിലെ ഒരു ഫഌറ്റിലാണു സംഭവം. രാവിലെ ജോലിക്കു പോയ ഡോക്ടറായ അമ്മ ഫഌറ്റില്‍ ഒറ്റയ്ക്കായിരുന്ന മകനെ ഫോണില്‍ വിളിച്ചതാണു സംഭവങ്ങളുടെ തുടക്കം. ഫഌറ്റിന്റെ മുന്‍വാതില്‍ അകത്തുനിന്നു പൂട്ടിയിട്ടാണ് പതിനാലുകാരന്‍ ഉറങ്ങാന്‍ കിടന്നത്. പിന്നാലെ അമ്മ തുടര്‍ച്ചയായി മൊബൈല്‍ ഫോണില്‍ വിളിച്ചു. ഉറങ്ങിപ്പോയതിനാല്‍ മകന്‍ ഫോണ്‍ എടുത്തില്ല. ഇതോടെ അമ്മയ്ക്ക് ഉല്‍ക്കണ്ഠയായി.
അവര്‍ അറിയിച്ചതനുസരിച്ച് അടുത്തുള്ള ബന്ധു എത്തി വാതിലില്‍ തട്ടിവിളിച്ചു. എന്നിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ ഗാന്ധിനഗര്‍ ഫയര്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. ഉടന്‍ മിന്നല്‍വേഗത്തില്‍ ഫയര്‍ എന്‍ജിന്‍ സംഭവസ്ഥലത്തേക്കു പാഞ്ഞു. മൂന്നാം നിലയിലുള്ള ഫഌറ്റിന്റെ പിന്നിലെ ബാല്‍ക്കണിയിലേക്ക് ഏണി വച്ച് ഉദ്യോഗസ്ഥര്‍ കയറി. ഇവിടെയുള്ള വാതില്‍ പൂട്ടിയിരുന്നില്ല. ഫഌറ്റിനുള്ളിലേക്കു കടന്ന് നോക്കിയപ്പോള്‍ അകത്തെ മുറിയില്‍ കുട്ടി പുറത്തുനടന്ന ബഹളമൊന്നും അറിയാതെ സുഖസുഷുപ്തിയില്‍. ഫോണ്‍ സൈലന്റ് മോഡിലും. വിളിച്ചുണര്‍ത്തിയപ്പോള്‍ ചുറ്റും യൂണിഫോമിട്ട ഉദ്യോഗസ്ഥരെ കണ്ട് കുട്ടിക്ക് അമ്പരപ്പ്. സ്‌നേഹത്തോടെ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കിയശേഷം ചെറുചിരിയോടെ ഉദ്യോഗസ്ഥര്‍ മടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates