

തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ കേസ് വിധി നാളെ. വിധി പ്രസ്താവത്തോടനുബന്ധിച്ച് രാജ്യത്തൊട്ടാകെ അതീവ സുരക്ഷയേര്‍പ്പെടുത്തി. സംസ്ഥാനത്ത് കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റെ അതിര്‍ത്തികളിലും ജാഗ്രതാ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കി. ജില്ലാ പൊലീസ് മേധാവികള്‍ക്ക് അടക്കമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് നാളെ ഉച്ചയ്ക്ക് ശേഷം ഗുവാഹട്ടിയിലേക്ക് പോകുന്നുണ്ട്. അതിന് മുന്നോടിയായി ഉത്തരവ് ഉണ്ടാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
നാളെ അവധി ദിവസമായിരുന്നിട്ടും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പ്രത്യേകം യോഗം ചേര്‍ന്ന് വിധി പ്രസ്താവിക്കും. ഇതിന് മുന്നോടിയായി കനത്ത സുരക്ഷയാണ് സുപ്രീംകോടതിയിലും ഡല്‍ഹിയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ സുപ്രീംകോടതിക്ക് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് വര്‍ധിപ്പിച്ചിരുന്നു.
അയോധ്യ വിധിയുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രശ്‌ന ബാധിത മേഖലകളില്‍ പൊലീസിനെ വിന്യസിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.
യുപിയിലേക്ക് 4,000 അര്‍ധസൈനികരെ അയച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റെയില്‍വേ മന്ത്രാലയം എല്ലാ സോണുകളിലേക്കും ഏഴുപേജുള്ള സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. സ്‌റ്റേഷനുകള്‍, പ്ലാറ്റ്‌ഫോമുകള്‍, തുരങ്കങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തര പരിശോധന നടത്തും. മെട്രോ നഗരങ്ങളിലടക്കം 78 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടുതല്‍ കാവലൊരുക്കിയിട്ടുണ്ട്.
റെയില്‍വേ സുരക്ഷാസേനാംഗങ്ങളുടെ അവധി റദ്ദാക്കി. ട്രെയിനുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍പേരെ വിന്യസിച്ചു. സ്‌കാനറുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയുടെ തകരാറുകള്‍ അടിയന്തരമായി തീര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള മേഖലകളിലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലും റെയില്‍വേ നിരീക്ഷണമേര്‍പ്പെടുത്തി.
ആരാധനാലയങ്ങളിലെ സുരക്ഷ കൂട്ടി. അയോധ്യ ഉള്‍പ്പെടുന്ന മേഖലയില്‍ സമൂഹമാധ്യമ ഉപയോഗത്തിനടക്കം ഡിസംബര്‍ 28 വരെ കര്‍ശന നിയന്ത്രണങ്ങളുണ്ട്. അയോധ്യയ്ക്ക് സമീപം അംബേദ്ക്കര്‍ നഗറില്‍ 8 കോളജുകളില്‍ യുപി സര്‍ക്കാര്‍ താല്‍ക്കാലിക ജയിലുകള്‍ സജ്ജമാക്കി. അയോധ്യയില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞ തുടരും. ക്ഷേത്ര നിര്‍മാണത്തിനായി വിഎച്ച്പി 1990 മുതല്‍ തുടങ്ങിയ കല്‍പണികള്‍ നിര്‍ത്തിവ.ച്ചു. നാട്ടുകാരായ 16,000 സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പൊലീസ് സുരക്ഷാസംഘം സജ്ജമാക്കിയിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തില്‍ പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. പലതലത്തില്‍ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയൂടെ രണ്ടിരട്ടി പ്രായമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates